മലയാളം മിനിസ്‌ക്രീനിലെ ഇഷ്ട അവതാരകനിൽ നിന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോഴിതാ നടി ദിവ്യ പിള്ളയെ വിവാഹം കഴിച്ചുവെന്ന വാർത്തകളിൽ പ്രതികരണവുമായി നടൻ ഗോവിന്ദ് പത്മസൂര്യ.
ചാനൽ പരിപാടിക്ക് വേണ്ടി എടുത്ത ഫോട്ടോയാണ് താനും ദിവ്യയും വിവാഹിതരായെന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോയെന്നും ജിപി വ്യക്തമാക്കി. വനിത ഓൺലൈനോടാണ് താരം പ്രതികരണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജിപി വിവാഹിതനായെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്
നിറയെ സൗഹൃദവലയമുള്ള താരത്തെ ഇതിനോടകം പലതവണ ഗോസിപ്പുകാർ കല്യാണം കഴിപ്പിച്ചിട്ടുണ്ട്.
താരത്തിന്റെ സൗഹൃദങ്ങൾ പ്രണയമായി വളച്ചൊടിച്ചായിരുന്നു ഗോസിപ്പുകളേറെയും. ഇക്കൂട്ടത്തിലേക്ക് പുതിയൊരു വാർത്ത കൂടി എത്തിയിരിക്കുകയാണ്. നടൻ ഗോവിന്ദ് പദ്മസൂര്യയുെ നടി ദിവ്യ പിള്ളയും വിവാഹിതരായി എന്നതാണ് പുതിയ വാർത്ത.
സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോ ഷൂട്ടിനിടെ എടുത്ത ചിത്രം പ്രചരിപ്പിച്ചായിരുന്നു ഈ വ്യാജ വാർത്ത.
വരണമാല്യം ചാർത്തി ദിവ്യയ്‌ക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വിവാഹച്ചിത്രമെന്ന പേരിൽ പ്രചരിച്ചത്.
മിസ്റ്റർ ആൻഡ് മിസിസ്സ് റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെ ഷൂട്ടിനിടെ എപ്പോഴോ എടുത്ത ചിത്രമാണ് അതെന്നും ആ ചിത്രം മുൻനിർത്തിയാണ് തന്റെ വിവാഹം സോഷ്യൽ മീഡിയ ആഘോഷിക്കുന്നതെന്നും ജിപി പറയുന്നു. വർഷത്തിൽ എന്നെ പല തവണ കല്യാണം കഴിപ്പിക്കുന്ന സോഷ്യൽ മീഡിയയോട് ഞാൻ വീണ്ടും പറയട്ടെ.
ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണ്. വിവാഹവാർത്തയോട് ജിപി പ്രതികരിച്ചതിങ്ങനെ. കല്യാണം പോലൊരു നല്ലകാര്യം ഇപ്പോഴൊന്നും സംഭവിക്കാൻ ഇടയില്ലെന്നും വിവാഹം ആയാൽ ഗോസിപ്പുകാർക്ക് കൊത്താൻ കൊടുക്കാതെ നേരിട്ട് അറിയിക്കുന്നതാണെന്നും വനിത ഓൺലൈനോട് ജിപി പറഞ്ഞു.