അയ്യപ്പനും കോശിയും സിനിമയിലെ ”ഫൈസൽ’ പഴനിസാമി ജീവിതം പറയുന്നു

135

കൊച്ചി:കഴിഞ്ഞ 10 വർഷമായി സിനിമാ സ്വപ്നവുമായി നടക്കുന്ന അട്ടപ്പാടിക്കാരനായ പഴനിസാമിയെ അറിയില്ലേ? അയ്യപ്പനും കോശിയും എന്ന ഹിറ്റ് സിനിമയിലെ ഫൈസൽ എന്ന എക്‌സൈസ് ജീവനക്കാരൻ!കോശിയെ വിറപ്പിച്ച കലിപ്പ് ഉദ്ധ്യോഗസ്ഥൻ ആ നോട്ടവും ഭാവവും ഹെന്റമ്മോ.. കിടുവായിരുന്നു..

കോശിയെ ആദ്യം വാഹനത്തിൽനിന്ന് താഴെയിട്ട മൊട ഓഫീസർ.സത്യത്തിൽ കോശിയുടെ കലി തുടങ്ങിവെപ്പിച്ചത് ഇങ്ങേരാണ്. സിനിമയിലെ വേഷം ഇതാദ്യമായി ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അട്ടപ്പാടി സ്വദേശിയായ ഈ വനംവകുപ്പ് ജീവനക്കാരൻ.

Advertisements

സിനിമ സ്വപ്നം കണ്ട് അലഞ്ഞ ഈ യുവാവ് ആദ്യമായി അഭിനയിച്ചത് മമ്മൂട്ടി നായകനായ പഴശ്ശിരാജയിലാണ്.മനോജ് കെ ജയനൊപ്പം ആദിവാസിയായി. പല ചിത്രങ്ങളിലും ഒട്ടും ശ്രദ്ധിക്കപ്പെടാത്ത വേഷമായിരുന്നു. എന്നിട്ടും നിരാശനാവാതെ അടുത്ത സിനിമക്കായ് കാത്തിരുന്നു. ഒടുവിലിപ്പോൾ സിനിമാലോകം അറിയുന്നൊരു നടനായിമാറി.

അയ്യപ്പനും കോശിയിലേക്ക് നഞ്ചിയമ്മയെ എത്തിച്ചത് ഈ നടനാണ്.നഞ്ചിയമ്മയുടെ പാട്ടുകളാണ് ഈ സിനിമയെ ഇത്രമേൽ ജനകീയമാക്കിയത്.ആ അർത്ഥത്തിൽ സിനിമയുടെ വിജയശിലപ്പി ഈ നടനും കൂടിയാണ്.നഞ്ചിയമ്മ ഏതു ഫംഗ്ഷനുപോകുമ്പോഴും ഒപ്പം പഴനിസാമിയുമുണ്ടാകും. അട്ടപ്പാടിയിലെ ആദിവാസികളെ ചേർത്തുപിടിച്ച് 2004 ൽ ആസാദ് കലാസമിതി എന്നൊരു ട്രൂപ്പ് ഉണ്ടാക്കിയതും പഴനിസാമി തന്നെ.അതിലെ പാട്ടുകാരിയാണ് ഈ നഞ്ചിയമ്മ.

സിനിമയോടുള്ള ഇദ്ധേഹത്തിന്റെ അടങ്ങാത്ത പാഷൻ മനസിലാക്കിയ സംവിധായകൻ സച്ചി ഒരു ആവശ്യമാണ് ഇങ്ങേർക്ക് മുന്നിൽ വെച്ചത് . ‘നിങ്ങളൊരു സിനിമ സംവിധാനം ചെയ്യണം,അതിന് എല്ലാ പിന്തുണയും നൽകും. നിങ്ങൾക്കതിനുള്ള കഴിവുണ്ട്, ജീവിതാനുഭവമുണ്ട്. ‘ഏതായാലും സിനിമ സംവിധാനം ചെയ്യുമെന്നാണ് പഴനിസാമി പറയുന്നത്.മലയാളത്തിനേക്കാൾ തമിഴ് സിനിമകളിലഭിനയിക്കാനാണ് പഴനിസാമിക്ക് കൂടുതൽ ഇഷ്ടം.

സിനിമയെ സ്വപ്നം കാണുന്ന ഏതൊരാൾക്കും മാതൃകയാക്കാം ഈ നടനെ.തോറ്റു പിന്മാറാതെ പിന്നെയും പിന്നെയും പരിശ്രമിച്ചവർക്ക് ഒടുവിൽ വിജയം അവരെ തേടിവരുമെന്ന് പഴനിസാമിയുടെ അനുഭവം സാക്ഷി. കലയും അഭിനയവുമൊക്കെ രക്തത്തിൽ മാത്രമല്ല മജ്ജയിലും അലിഞ്ഞുചേർന്നവർക്കെ ഇങ്ങനെ നേട്ടങ്ങൾ എത്തിപ്പിടിക്കാനാവൂ..

റിപ്പോർട്ട്: ഫഖ്‌റുദ്ധീൻ പന്താവൂർ

Advertisement