മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് അഞ്ജു അരവിന്ദ്. 1995 ൽ പുറത്തിറങ്ങി അക്ഷരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അഞ്ജു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നായികയായി മാറി. അക്ഷരം എന്ന സിബി മലയിൽ ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ അനിയത്തി കട്ടിയായിയാണ് അഞ്ജു അരവിന്ദ് എത്തുന്നത്.
പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ 1996ൽ അഞ്ജു അരവിന്ദ് തമിഴിലും അരങ്ങേറി. തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത്, ശരത്കുമാർ, വിജയ് തുടങ്ങി ഒട്ടേറെ താരങ്ങൾക്കൊപ്പം അഞ്ജു ബിഗ്‌സ്‌ക്രീനിൽ എത്തിയിരുന്നു. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തിൽ അഞ്ജു അരവിന്ദ് വേഷമിട്ടത്.
ഈ ഒരു ചിത്രത്തിൽ മാത്രമാണ് കന്നടയിൽ നടി അഭിനയിച്ചത്. 2001ന് ശേഷം അഞ്ജുവിന് കരിയറിൽ ഇടവേളകൾ ഉണ്ടായി. വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ സിനിമകൾക്കിടയിലെ ഇടവേളകൾ വർദ്ധിപ്പിച്ചു. അതേ സമയം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നുമാണ് തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ 2022ൽ എത്തി നിൽക്കുമ്പോൾ അഞ്ജു അരവിന്ദ് മലയാള സിനിമയിലെ യൂത്തന്മാർക്കൊപ്പം കട്ടക്ക് പിടിച്ച് നിൽക്കുകയാണ്. ജീവിതത്തിലും മനസിലും എന്നും ചെറുപ്പം സൂക്ഷിക്കുന്ന അഞ്ജു ഇപ്പോഴും നൃത്ത വിദ്യാലയവും യുട്യൂബ് ചാനലും അഭിനയവും എല്ലാമായി സജീവമാണ്.
അതേ സമയം ദളപതി വിജയിയുടെ സിനിമാ ജീവിതത്തിലെ ആദ്യത്തെ ഹിറ്റായിരുന്നു പൂവെ ഉനക്കാഗെ എന്ന സിനിമ. പാർവതി പരിണയത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അഞ്ജു അരവിന്ദിന് വിജയ് ചിത്രത്തിലെ നായിക വേഷം ലഭിച്ചത്. 1996ൽ ആണ് പൂവെ ഉനക്കാഗെ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
അതിന് മുമ്പ് നാലിൽ അധികം സിനിമകളിൽ വിജയ് അഭിനയിച്ചെങ്കിലും ഒന്നും വലിയ വിജയം നേടിയിരുന്നില്ല. മാത്രമല്ല വിജയിയുടെ രൂപത്തിന്റെ പേരിൽ വലിയ പരിഹാസങ്ങൾ നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ പൂവെ ഉനക്കാഗെ റിലീസ് ചെയ്തതോടെ വിജയിയുടെ കരിയർ ബ്രേക്കാണ് ഉണ്ടായത്.
പിന്നീട് സാക്ഷാൽ സ്റ്റൈൽ മന്നനെ പോലും പിന്തള്ളി തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഇളയ ദളപതിയായി വിജയ് മാറുക ആയിരുന്നു. അതേ സമയം വിജയിക്ക് സംഭവിച്ചത് പോലെ തന്നെ അഞ്ജുവിന് ലഭിച്ച അവസരങ്ങളും നായിക വേഷങ്ങളും തേടി പോയതായിരുന്നില്ല അഞ്ജുവിനെ തേടി എത്തിയതായിരുന്നു.
പല കഥാപാത്രങ്ങളും ലഭിച്ചത് അത്ഭുതമായിട്ടാണ് തോന്നിയിട്ടുള്ളതെന്നാണ് അഞ്ജു പറയുന്നത്. അഞ്ജു അരവിന്ദ് തന്റെ സിനിമ സീരിയൽ ജീവിത അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. പാർവതി പരിണയത്തിൽ അഭിനയിക്കുമ്പോഴാണ് വിജയ് സിനമയിൽ അവസരം ലഭിച്ചത്. അവിടെ ചെന്നപ്പോൾ വിജയിയും സിനിമയിലെ പുതുമുഖമായിരുന്നു.
എനിക്കും തമിഴ് വശമില്ലായിരുന്നു പോരാത്തതിന് ആദ്യ തമിഴ് സിനിമയും ആയിരുന്നു. അന്ന് നടി സംഗീതയാണ് എനിക്ക് വേണ്ടി തമിഴിൽ കാര്യങ്ങൾ സംസാരിച്ചിരുന്നത്. പൂവെ ഉനക്കാഗെ കണ്ടിട്ടാണ് രജനികാന്ത് സിനിമയായ അരുണാചലത്തിൽ അദ്ദേഹത്തിന്റെ സഹോദരി വേഷം ചെയ്യാൻ അവസരം ലഭിച്ചത്.
മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നതിനാൽ അരുണാചലത്തിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറയാൻ ഞാൻ പോയിരുന്നു. അവിടെ ചെന്ന് രജനി സാറിനെ കണ്ട് സംസാരിച്ച ഞാൻ അദ്ദേഹം കഥാപാത്രത്തെ കുറിച്ച് വിവരിച്ചപ്പോൾ അറിയാതെ ഓക്കെ പറഞ്ഞു. പക്ഷെ അരുണാചലവും എന്റെ സിനിമാ ജീവിതത്തിൽ വലിയ വഴിത്തിരിവായി.
പൂവെ ഉനക്കാഗെ കഴിഞ്ഞ ശേഷം ഒരിക്കൽ ഞാൻ ചെന്നൈയിൽ പോയപ്പോൾ നാണംകെട്ട സംഭവം ഇപ്പോഴും ഞാൻ ഓർത്ത് ചിരിക്കും. ചെന്നൈ റെയിൽവെ സ്റ്റേഷനിൽ പോകുന്നവർക്ക് അറിയാം അവിടുത്തെ പോർട്ടർ നമ്മൾ ചെന്ന് ഇറങ്ങുമ്പോൾ തന്നെ ബാഗ് എടുക്കാൻ ഓടിവരും. പിന്നെ വലിയ കൂലിയും ചോദിക്കും. അതെനിക്ക് നന്നായി അറിയാം.
അതുകൊണ്ട് ഞാൻ ട്രെയിൻ ഇറങ്ങിയപ്പോൾ തന്നെ അവരെ തടയണം എന്ന് വിചാരിച്ചിരുന്നു. ഞാൻ ട്രെയിൻ ഇറങ്ങിയപ്പോൾ കുറേപ്പേർ ഓടിവന്നു. ഞാൻ വിചാരിച്ചു പോർട്ടർമാരാണെന്ന്. ഉടനെ ഞാൻ അവരോട് പറഞ്ഞു ആരും എന്റെ ബാഗിൽ തൊടരുത്. ഉടനെ അവർ എന്നോട് പറഞ്ഞു. ഞങ്ങൾ അതിന് വന്നതല്ല.
പൂവെ ഉനക്കാഗെ കണ്ടിട്ടുള്ള ഇഷ്ടം അറിയിക്കാൻ വന്നതാണെന്ന് എന്നോട് പറഞ്ഞു. അവർ അത് പറഞ്ഞപ്പോൾ ഞാൻ ചമ്മിപ്പോയി. ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല. ഇന്നും തമിഴ്‌നാട്ടിൽ ചെന്നാൽ എല്ലാവർക്കും സ്‌നേഹമാണ്. രജനിസാറിന്റെ പെങ്ങൾ വിജയി പടത്തിലെ നായിക എന്നൊക്കെ പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നത് പോലും.
ഇപ്പോൾ ബിബിൻ ജോർജും സനുഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മരതകത്തിലാണ് അഭിനയിച്ചിട്ടുള്ളത്. വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ഇതുവരെ ഞാൻ ചെയ്യാത്ത കഥാപാത്രമാണ് മരതകത്തിലേത്. യൂത്തിനൊപ്പം സിനിമ ചെയ്തപ്പോൾ എങ്ങനെയാണ് അവർക്കൊപ്പം അഭിനയിക്കുക എങ്ങനെയാണ് സൗഹൃദം കൊണ്ടുപോകുക എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ മരതകം സിനിമയിലും സെറ്റിലും എനിക്ക് ഒരുപാട് സന്തോഷം ലഭിച്ചു. ഞാൻ ആസ്വദിച്ചാണ് സിനിമ ചെയ്തതെന്നും അഞ്ജു അരവിന്ദ് പറയുന്നു.