മലയാളികളുടെ സ്വന്തം താരമായ ഗിന്നസ് പക്രുവിനെ ഈ വർഷത്തെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നു. ഇളയരാജ എന്ന ചിത്രത്തിലെ പ്രകടനമാണ് നടനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ഇപ്പോഴിത ഗിന്നസ് പക്രുവിന്റെ സന്തോഷം ഇരട്ടിയായിരിക്കുകയാണ്. പക്രുവിന് അഭിനന്ദനവുമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തിയിരിക്കുകയാണ്. വട്‌സാപ്പിലൂടെ ആണ് മെഗാസ്റ്റാർ നടന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
പക്രു തന്നെയാണ് ഈ സന്തോഷ വാർത്ത തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മെഗാസ്റ്റാറിന്റെ സന്ദേശത്തിന്റ സ്‌ക്രീൻ ഷോർട്ട് പങ്കുവെച്ച് കൊണ്ടാണ് പക്രു സന്തോഷം പങ്കുവെച്ചത്. ഒടുവിൽ ആ മെഗാ അഭിനന്ദനവും എന്നെ തേടിയെത്തി. നന്ദി മമ്മുക്ക. അങ്ങയുടെ ഈ അഭിനന്ദനവും വലിയ അംഗീകാരമായി കാണുന്നു’ പക്രു സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
നടന് ആശംസ നേർന്ന് ആരാധകരും സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്. റിയലിസ്റ്റിക് സിനിമകൾ ഇനിയും ചെയ്യാൻ താത്പര്യമുണ്ടെന്ന് പുരസ്‌കാര നിറവിൽ പക്രു പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗിന്നസ് പക്രുവിന്റെ വാക്കുകൾ ഇങ്ങനെ:
ഒരു റിയലിസ്റ്റിക് സിനിമയിൽ ആദ്യമായി അവസരം കിട്ടുന്നത് ഇളയരാജയിലൂടെയാണ്. മികച്ച ഒരു സംവിധായകനൊപ്പം സിനിമ ചെയ്യാനും, നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാനും സാധിച്ച ചിത്രമാണിത്. ആ കഥാപാത്രത്തോട് ഒരു പ്രത്യേക സ്‌നേഹമുള്ളതുകൊണ്ട് ഇളയാരാജയ്ക്ക് പുരസ്‌കാരം ലഭിച്ചപ്പോൾ വലിയ സന്തോഷം തോന്നി.
അതിലുപരി ഇന്റർ നാഷണൽ ഫിലിം ഫസ്റ്റിവലിൽ ആദ്യത്തെ ഒരു അംഗീകാരം അത് മികച്ച നടൻ എന്ന രീതിയിൽ കിട്ടിയതിലും സന്തോഷമുണ്ട്. അംഗീകാരം എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അത് നമ്മൾ ചേർത്ത് വെക്കുക. കൂടുതൽ ഇത്തരത്തിലുള്ള നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള ഊർജമായി പുരസ്‌കാരങ്ങളെ കാണണം എന്നും പക്രു പറയുന്നു.
മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസാണ് ഇളയരാജ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരമടക്കം മൂന്ന് അവാർഡുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്ക് ഗോൾഡൻ കൈറ്റ് പുരസ്‌കാരം സിനിമക്കും ലഭിച്ചു.
തൃശൂർ റൗണ്ടിൽ കപ്പലണ്ടി വിൽപ്പനക്കാരനായ വനജനെയാണ് ഗിന്നസ് പക്രു ചിത്രത്തിൽ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഹരിശ്രീ അശോകൻ , ഗോകുൽ സുരേഷ്, മാസ്റ്റർ ആദിത്, ബേബി ആർദ്ര, ദീപക് പറമ്‌ബേൽ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹാസ്യതാരമായി സിനിമയിൽ എത്തിയ പക്രു വിനയൻ സംവിധാനം ചെയ്ത ആത്ഭുതദ്വീപിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ പക്രുവിന് കഴിഞ്ഞിരുന്നു.