ഇതാര് സ്റ്റീഫൻ നെടുമ്പള്ളിയുടെ അനിയനോ; ലാലേട്ടൻ സ്‌റ്റൈലിൽ അജു വർഗീസിന്റെ മാസ്സ് ചിത്രം, ഏറ്റെടുത്ത് ആരാധകർ

82

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബിലൂടെ സിനിമയിലെത്തി പിന്നീങ്ങോട്ട് മോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് അജു വർഗീസ്. നടനായും നിർമ്മാതാവായുമൊക്കെ മലയാളത്തിൽ തിളങ്ങിയ അജു വർഗീസ് നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ തിളങ്ങിയിരുന്നു.

നിവിൻ പോളി നായകനായ ലവ് ആക്ഷൻ ഡ്രാമയിലൂടെ കഴിഞ്ഞ വർഷമാണ് നിർമ്മാതാവായും അജു വർഗീസ് തുടക്കം കുറിച്ചത്. കമല എന്ന ചിത്രത്തിന് ശേഷം നായക വേഷങ്ങളിലും സജീവമായിരുന്നു താരം. അതേസമയം സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടൻ.

Advertisements

അതേ സമയം അജു വർഗീസിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വെളുത്ത ഖദർ ഷർട്ടും, കട്ട താടിയും കൂളിംഗ് ഗ്ലാസ്സുമായി മാസ്സ് ലുക്കിലുള്ള അജു വർഗീസിന്റെ ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലാണ് അജു വർഗീസ് മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ ഈ ചിത്രം കണ്ടപ്പോൾ മുതൽ മലയാള സിനിമാ പ്രേമികളും ആരാധകരും ചോദിക്കുന്നത് ഇതിലെ അജു വർഗീസിന്റെ ഒരു ലാലേട്ടൻ സ്‌റ്റൈലിനെ കുറിച്ചാണ്. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കുമായുള്ള സാമ്യമാണ് അജു വർഗീസിന്റെ പുതിയ ചിത്രത്തിൽ ഏവരും ചൂണ്ടി കാട്ടുന്നത്.

ലാലേട്ടന്റെ ഒരു ചെറിയ കട്ട് ഉണ്ടെന്നും, കണ്ടാൽ ലാലേട്ടനെ പോലെ ഉണ്ടെന്നുമെല്ലാം ആരാധകർ ആ ഫോട്ടോക്ക് കമന്റ് ചെയ്യുന്നുണ്ട്. മാത്രമല്ല, ലുസിഫെറിലെ മോഹൻലാൽ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയെ അനുസ്മരിപ്പിക്കുന്ന ലുക്ക് ആയതു കൊണ്ട് തന്നെ, സ്റ്റീഫന്റെ അനിയൻ ഇതായിരുന്നോ ശരിക്കും എന്ന് ചോദിക്കുന്നവരുമുണ്ട് കമെന്റ് ബോക്‌സിൽ.

ഏതായാലും അജു വർഗീസിന്റെ ഇത് വരെ വന്നതിൽ ഏറ്റവും മാസ്സ് ലുക്ക് ഇതാണ് എന്ന അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. തടത്തിൽ സേവ്യർ എന്നാണ് ഈ ചിത്രത്തിലെ അജു വർഗീസ് കഥാപാത്രത്തിന്റെ പേര്.

കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ അജു വർഗീസിന്റെ ഈ പുത്തൻ മാസ്സ് ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് അജു വർഗീസ് ജോയിൻ ചെയ്തത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നായകൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും.

സുനാമിക്കും മേപ്പടിയാനും പുറമെ കൈനിറെയ ചിത്രങ്ങൾ അജുവർഗീസിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അഭിനയത്തിന് പുറമെ നടൻ നിർമ്മിക്കുന്ന സിനിമകളും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിലാണ് അജു വർഗീസ് സിനിമകൾ നിർമ്മിക്കാറുളളത്.

അജുവിനൊപ്പം ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരും നിർമ്മാണ പങ്കാളികളാണ്. 9 എംഎം, പ്രകാശൻ പറക്കട്ടെ എന്നീ രണ്ട് ചിത്രങ്ങൾ ഫൺടാസ്റ്റിക് ഫിലിംസിന്റെതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Advertisement