ബോളവുഡിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ മൂന്നു വർഷമായി നാടക രംഗത്ത് സജീവമാണ് ജുനൈദ് . ജർമ്മൻ നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റിന്റെ നാടകമായ ‘മദർ കറേജ് ആന്റ് ചിൽഡ്രൻ’ എന്ന നാടകത്തിലൂടെ ക്വാസർ താക്കൂർ പദംസിയുടെയാണ് ജുനൈദ്, നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചത്.
ഇപ്പോൾ ഒരു മലയാള ചിത്രത്തിന്റെ റീമേക്കിലൂടെയാണ് ജുനൈദ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
മലയാള ചിത്രമായ ഇഷ്‌ക്കിന്റെ ഹിന്ദി റീമേക്കിലൂടെയാണ് ആമിർ ഖാന്റെ മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
മലയാളത്തിൽ ഷെയിൻ നിഗം അവതരിപ്പിച്ച സച്ചിയായി ബോളിവുഡിൽ ജുനൈദ് എത്തുമെന്നാണ് വിവരം.
ജുനൈദ് സിനിമയിലേക്ക് ചുവട് മാറ്റുമ്പോൾ ബോളിവുഡിൽ പുതിയ താരോദയം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇഷ്‌കിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത് നീരജ് പാണ്ഡെയാണ്.
ലോസ് ഏഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ പഠനം പൂർത്തിയാക്കിയ ജുനൈദ്, നായകനാകുന്നത് ഇഷ്‌ക് എന്ന മലയാള ചിത്രത്തിന്റെ റീമേക്കിലാണ്. ഷെയ്ൻ നിഗം നായകനായ ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആയിരുന്നു.
അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുന്ന ജുനൈദിന്റെ സിനിമാ ഇഷ്ടങ്ങളെക്കുറിച്ച് ആമിർ ഖാൻ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. അഭിനയത്തിനോടും സംവിധാനത്തോടും ഒരുപോലെ ഇഷ്ടം കാത്തുസൂക്ഷിക്കുന്നയാളാണ് ജുനൈദ്.
ആമിറിന്റെ മൂത്തമകനായ ജുനൈദ്, രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത പികെയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ആമിർ ഖാൻ ആയിരുന്നു പികെയിൽ നായകനായത്.
മലയാളത്തിൽ ഹിറ്റായ ഇഷ്‌ക് തമിഴിലേക്കും റീമേക്കിന് തയ്യാറെടുക്കുകയാണ്. നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹർ ആണ് ചിത്രത്തിന്റെ സംവിധാനം.
മുകേഷ് ആർ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവർ ചേർന്നാണ് ഇഷ്‌കിന്റെ നിർമ്മാണം. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലർ ചിത്രമായിരുന്നു ഇഷ്‌ക്.