മലയാളത്തിലെ യുവതാരസുന്ദരി അനശ്വര രാജൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കഴിഞ്ഞ ഒരു ദിവസം പങ്കുവെച്ച ചിത്രങ്ങൾ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമാണ്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് അനശ്വര പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കായിരുന്നു സോഷ്യൽ മീഡിയ സദാചാര വാദികൾ മോശം കമന്റുകളുമായി എത്തിയത്.
സോഷ്യൽ മീഡിയ ആങ്ങളമാരുടെ സദാചാര വാക്കുകളും അതിനെ തുടർന്ന് അനശ്വര നൽകിയ മറുപടി പോസ്റ്റുമെല്ലാം വൈറലായിരുന്നു. ചിത്രത്തിൽ താരത്തിന്റെ വസ്ത്രങ്ങളുടെ പേരിലാണ് ഇത്തരക്കാർ കമന്റുകൾ ഇട്ടത്.
കാലുകൾ കാണിച്ചു എന്ന് പറഞ്ഞ് ഓൺലൈൻ ആങ്ങളമാർ രംഗത്ത് വന്നപ്പോൾ അനശ്വര കൃത്യമായ മറുപടിയും നൽകി. പിന്നീട് അനശ്വരയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സെലിബ്രിറ്റി നായികമാർ അടക്കം ഒരുപാട് ആളുകൾ ഇതുപോലെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.
കുറേ താരങ്ങൾ ഫോട്ടോസ് പോസ്റ്റ് ചെയ്തതിനാൽ ചില താരങ്ങളുടെ ഇൻബോക്‌സിൽ ചെന്ന് ഫോട്ടോ ഇടുന്നില്ലേയെന്ന് പലരും ചോദിക്കാൻ തുടങ്ങി. ഇത്തരത്തിൽ ഒരു ചോദ്യം നേരിട്ടയാളാണ് നടിയും അവതാരികയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.
ഇപ്പോഴിതാ അതിനുള്ള മറുപടി നൽകുകയാണ് അശ്വതി. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ:
ഇന്ന് ഇൻബോക്‌സിലും കമന്റ് ബോക്‌സിലും ഏറ്റവും കൂടുതൽ വന്ന മെസ്സേജ് കാല് കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്. എന്തൊരാകാംഷ അലമാരയിൽ ഇഷ്ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട് പടവും എടുത്തിട്ടുണ്ട്. ഒന്നും പക്ഷെ നമ്മുടെ നാട്ടിൽ അല്ലാരുന്നു എന്ന് മാത്രം.
തുറിച്ച് നോട്ടവും വെർബൽ റേപ്പും ഇല്ലാത്ത നാടുകളിൽ. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളിൽ. വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളിൽ. മഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനൽ ചൂടിൽ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളിൽ.
ഷോർട്‌സ് ഇട്ട മകളെ കണ്ടാൽ കുടുംബത്തിന്റെ അഭിമാനം തകർന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളിൽ. വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോർത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളിൽ. കണ്ട് നിറഞ്ഞവരുടെ നാടുകളിൽ.
അത് സായിപ്പിന്റെ നാട് മാത്രമല്ല വേറെയും ഒരുപാട് നാടുകൾ ഉണ്ട് ഭൂപടത്തിൽ. അവിടെയും കുടുംബങ്ങളുണ്ട് കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങൾ ഉണ്ട് മൂല്യങ്ങൾ ഉണ്ട്.എന്നാപ്പിന്നെ അവിടെ പോയങ്ങ് ജീവിച്ചാൽ പോരേ എന്നാണെങ്കിൽ സൗകര്യമില്ല എന്ന് മറുപടി.
എന്നാപ്പിന്നെ ആ ഫോട്ടോ അങ്ങ് പോസ്റ്റരുതോ എന്നാണേൽ കമന്റ് ബോക്‌സിലെ ചെളി വാരാൻ പറ്റിയ മൂഡ് അല്ലാത്തോണ്ട് തൽക്കാലം ഫോട്ടോ ഇടുന്നില്ല എന്നായിരുന്നു അശ്വതി വ്യക്തമാക്കിയത്.