മലയാളികൾക്ക് ഏറെ സുപരിചിതയായ ടിവി അവതാരകയാണ് ലക്ഷ്മി നായർ. ടിവി ചാനലുകളിൽ കുക്കറി ഷോ ആരംഭിക്കുന്നതിന്റെ പിന്നിലെ ഏറ്റവും പ്രധാന വ്യക്തികളിൽ ഒരാൾ ലക്ഷ്മി നായർ ആയിരുന്നു. പാചകവുമായി ബന്ധപ്പെട്ട് പിൽക്കാലത്ത് നിരവധി പരിപാടികളുമായി ലക്ഷ്മി നായർ എത്തിയിരുന്നു.
ഡോക്ടറേറ്റ് വരെ കരസ്ഥമാക്കിയിട്ടുള്ള താരം ലക്ഷ്മി നായർ ഡോ. ലക്ഷ്മി എന്നാണ് അറിയപ്പെടുന്നത്. മാജിക് ഓവൻ, ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ, സെലിബ്രിറ്റി കിച്ചൻ മാജിക് എന്ന് തുടങ്ങി നിരവധി ഷോ ലക്ഷ്മിയുടെതായി പുറത്ത് വന്നു. ഇക്കാലങ്ങളിൽ തനിക്ക് പലവിധ മോശം കമന്റുകൾ ലഭിച്ചിട്ടുള്ളതായി പറയുകയാണ് താരം.
വസ്ത്രത്തിന്റെ പേരിലും കുടുംബത്തിൽ ഇരിക്കുന്നില്ലെന്ന പേരിലും നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു ലക്ഷ്മി നായരുടെ വെളിപ്പെടുത്തൽ.
സാരി ഉടുത്ത് മാജിക് ഓവനിൽ പങ്കെടുത്ത ലക്ഷ്മി നായർ ഫ്ളേവേഴ്സ് ഓഫ് ഇന്ത്യയിൽ എത്തിയപ്പോൾ ജീൻസും ടോപ്പുമായി. ഇതോടെ നെഗറ്റീവ് കമന്റുകളും ലഭിച്ചിരുന്നു. ഭർത്താവിനും മക്കൾക്കും ഒന്നും കൊടുക്കാതെ ഇവരിങ്ങനെ നാട് കറങ്ങി നടക്കുകയാണ് എന്ന കമന്റുകൾക്കും ലക്ഷ്മി നായർ മറുപടി പറഞ്ഞു.
അങ്ങനെ ഒരു കമന്റ് വരുന്നത് അവർക്കതിന്റെ യഥാർഥ വശം അറിയില്ലാത്തത് കൊണ്ടാണെന്നാണ് ലക്ഷ്മി നായർ പറയുന്നത്. സ്ഥിരമായി യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണെന്നാണ് എല്ലാവരുടെയും വിചാരം. ഒരു വർഷം മുഴുവൻ ഇന്ത്യയിലൂടെ കറങ്ങി നടക്കുകയാണ്. അപ്പോൾ ഭർത്താവിന്റെയും മക്കളുടെയും കാര്യം ആരാണ് നോക്കുന്നത് എന്നൊക്കെയാണ് പലരുടെയും ചോദ്യങ്ങൾ.
കല്യാണം കഴിയുമ്പോൾ ചില ഉത്തരവാദിത്വങ്ങളൊക്കെ ഉണ്ട്. എങ്കിലും അവിടെ അഡ്ജസ്റ്റ്മെന്റ്സ് വേണം. അതാണ് ജീവിതം. രണ്ടാളുടെയും ജോലി നടക്കണം. ഇത് മാത്രമല്ല ഭർത്താവ് കൂടെ വരാറുണ്ടോ, ഒറ്റയ്ക്കാണോ പോവുന്നത്, എന്നിങ്ങനെയുള്ള ചോദ്യങ്ങളും വരാറുണ്ട്. അവരോട് ഞാൻ ചോദിക്കുന്നത് ഭർത്താവിന് വേറെ പണിയില്ലേ? അദ്ദേഹത്തിന്റെ കരിയർ നോക്കാതെ പുള്ളിയ്ക്ക് എന്റെ പുറകേ നടന്നാൽ മതിയോ.
ഭാര്യ മാത്രം വളർന്നാൽ പോരല്ലോ. അദ്ദേഹത്തിന്റെ ലൈഫും ഉയരണമല്ലോ. ഇതൊക്കെയാണ് പരസ്പര ബഹുമാനം എന്ന് പറയുന്നത്. മറ്റുള്ളവർക്ക് അത് മനസിലാകണമെന്നില്ല. എനിക്ക് ഭർത്താവിന്റെയും മക്കളുടെയുമൊക്കെ പിന്തുണ ലഭിച്ചിട്ടാണ് പോവുന്നത്. മാസത്തിൽ ഒരു പത്ത് ദിവസമൊക്കെയേ ട്രാവൽ ഉണ്ടാവുകയുള്ളു.
ബാക്കി ദിവസം വീട്ടിൽ ഇരിക്കുകയാണ്. കുട്ടികളൊക്കെ പ്രായമായതിന് ശേഷമാണ് ഞാൻ ഇറങ്ങാൻ തുടങ്ങിയത്. ഭാര്യ വന്ന് എപ്പോഴും വിളമ്പി തരണമെന്ന വാശി ഉള്ള മനുഷ്യനല്ല എന്റെ ഭർത്താവ്. സ്ത്രീകൾ സ്വയം പര്യാപ്തമാവണം എന്ന് വിചാരിക്കുന്ന ആളാണ് അദ്ദേഹം. എപ്പോഴും ഭർത്താവിനെ ആശ്രയിക്കാതെ ജീവിക്കണം എന്ന് പഠിപ്പിച്ചത് അദ്ദേഹമാണെന്നും ലക്ഷ്മി നായർ പറയുന്നു.