കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ യുവ സൂപ്പർതാരവും സംവിധായകനുമായ പൃഥ്വിരാജ് എംമ്പുരാൻ എന്ന സിനിമയ്ക്ക് മുൻപ് താൻ മറ്റൊരു സിനിമ ഒരുക്കുമെന്ന സൂചന നൽകിയത്. സംവിധായകനായുള്ള തന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയിരുന്നു എംമ്പുരാൻ എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ അതിനു മുൻപുള്ള സിനിമയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വി ഇപ്പോൾ. ഈ ചിത്രത്തിലും നായകനാകുന്നത് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയ്ക്ക് ബ്രോ ഡാഡി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.
കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശ്രീജിത്തും ബിബിൻ ജോർജുമാണ് ബ്രോ ഡാഡി യുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലും മോഹൻലാലായിരുന്നു നായകൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡും തുടർന്നുണ്ടായ ലോക്ഡൗണും മൂലം സിനിമാമേഖല നിശ്ചലമായതോടെ എമ്പുരാന്റെ അണിയറ പ്രവർത്തനങ്ങളും വൈകുകയായിരുന്നു. എമ്പുരാന് മുമ്പ് ബ്രോ ഡാഡി പൂർത്തിയാക്കുമെന്ന് പൃഥ്വി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേ സമയം പൃഥ്വിരാജിന്റെ പുതിയ സംവിധാന സംരംഭത്തെ കുറിച്ചുള്ള പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
കൊവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുമെടുക്കുന്ന ചിത്രം ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമാകും എന്നതിനാൽ പൃഥ്വിരാജ് എന്ന സംവിധായകന്റെ മറ്റൊരു മുഖം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. അതേ സമയം മോഹൻലാൽ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരുന്നത് സ്വന്തം സംവിധാന സംരഭമായ ബറോസ് ആയിരുന്നു.
ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം മുടങ്ങിയിരിക്കുകയാണ്. ഈ ഗ്യാപ്പിലാണ് ബ്രോ ഡാഡി ആരംഭിക്കുന്നത്. മോഹൻലാലിൻ റിലീസ് കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമ മരയ്ക്കാർ അറബിക്കടിലിന്റെ സിംഹം ആഗസ്റ്റിലാണ് ഇനി റിലീസ് തീരുമാനിച്ചിരിക്കുന്നത്.