ഒരു കാലത്ത് മലയാള സിനിമയിലെ മാസ്സ് സിനിമകളുടെ അമരക്കാരനായ സംവിധായകനായിരുന്നു ഷാജി കൈലാസ്. യുവതാരങ്ങളെ വെച്ചും സൂപ്പർതാരങ്ങളെ വെച്ചും നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകൻ കൂടിയാണ് ഷാജി കൈലാസ്.
മലയാളത്തിന്റെ താരരാജാക്കിൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർതാരം സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയവർക്കെല്ലാം ഒപ്പം ഷാജി കൈലാസ് ഹിറ്റ് സിനിമകൾ ചെയ്തിരുന്നു. എന്നാൽ അടുത്ത കാലത്തായി വലിയ വിജയചിത്രങ്ങൾ ഒന്നും ആരാധകർക്ക് സമ്മാനിക്കാൻ ഷാജി കൈലാസിന് കഴിഞ്ഞിരുന്നില്ല.
ഇപ്പോഴിതാ തന്റെ സിനിമാ ജീവതത്തിൽ ഏറ്റവും വലിയ പരാജയം നേരിട്ട ചിത്രങ്ങളിൽ ഒന്നായ ദ്രോണയെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടിൽ 2010 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദ്രോണ.
എകെ സാജൻ രചന നിർവഹിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയം നേരിട്ട ചിത്രമായിരുന്നു. തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും വലിയ പരാജയമായി മാറിയ ദ്രോണ എന്ന സിനിമയെക്കുറിച്ച് ഓർമ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് തനിക്ക് വീണ്ടും സിനിമ ചെയ്യാനുള്ള ഊർജ്ജം പകർന്നതെന്നു തുറന്നു പറയുകയാണ് ഷാജി കൈലാസ് ഇപ്പോൾ
ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ:
ദ്രോണ എന്ന സിനിമ കണ്ടിട്ട് ആർക്കും ഒന്നും മനസ്സിലായില്ല എന്നാണ് എന്നെ വിളിച്ച് പലരും പറഞ്ഞത്. ആ സിനിമ ഇറങ്ങി കഴിഞ്ഞ് രണ്ടാം ദിവസം തന്നെ എനിക്ക് മനസ്സിലായി അത് കയ്യിൽ നിന്ന് പോയി എന്ന്. സിനിമയുടെ പരാജയം ഉറപ്പായെന്നറിഞ്ഞ നിമിഷം ഞാൻ ഫോൺ ഓഫ് ചെയ്തു വച്ചു.
ആകെ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് മമ്മൂക്ക വിളിക്കുന്നു. തെറിവിളിക്കാനാകും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അന്ന് എനിക്ക് മമ്മൂക്ക നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു.
ഞാനും തോറ്റുപോയിട്ട് തിരിച്ചുവന്ന നടനാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ നീ ഈ പരാജയത്തോടെ ഒതുങ്ങികൂടരുത്. നീ ഇപ്പോൾ വീട്ടിലേക്ക് വാ നമുക്ക് അടുത്ത സിനിമ ഉടൻ തന്നെ പ്രഖ്യാപിക്കാം. നിർമdcാതാവിനോട് ഞാൻ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു ദ്രോണ പരാജയപ്പെട്ട ശേഷം മമ്മൂക്ക എന്നോട് വിളിച്ചു പറഞ്ഞത്.
ആ കടപ്പാട് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സ്ഥിരം ചെയ്ത ആക്ഷൻ സിനിമയിൽനിന്ന് ഒരു പരീക്ഷണത്തിന് മുതിർന്നതാണ് ദ്രോണ എന്ന ചിത്രം. എന്റെ തന്നെ വീഴ്ചയായിട്ടാണ് ഞാനതിനെ കാണുന്നത്. സിനിമ പരാജയമായിട്ടും മമ്മൂക്ക എന്നെ വിളിച്ചു അടുത്ത സിനിമ ഓഫർ ചെയ്ത മനസ്സ് മറക്കാൻ കഴിയാത്തതാണ്.