ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങിയ തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഐശ്വര്യ ഭാസ്‌കർ. പ്രശസ്ത മുൻകാല നായികാ നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ മലയാളികൾക്കും ഏറെ സുപരിചിതയാണ്. തമിഴിനും തെലുങ്കിനും പുറമേ നിരവധി മലായള ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഒരു തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ൽ പുറത്തിറങ്ങിയ ഒളിയമ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിൽ എത്തിയത്. പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ബട്ടർഫ്ളൈസിൽ ഐശ്വര്യ ആയിരുന്നു നായികയായി എത്തിയത്.
Also Read:
അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല; ഹൃദയസ്പർശിയായ കുറിപ്പുമായി സൂര്യ
ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. മോഹൻലാൽ ജഗദീഷ് കോമ്പിനേഷനിൽ നിരവധി ഹാസ്യ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ബട്ടർഫ്‌ളൈസ് കോമഡിയും, സെന്റിമെൻസും, റൊമാൻസും, ആക്ഷനും നിറഞ്ഞ ഒരു കുടുംബ ചിത്രമായിരുന്നു.
മലയാളത്തിൽ താൻ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രങ്ങളിലൊന്നായിരുന്നു ബട്ടർഫ്‌ളൈസ് എന്നും സിനിമയിലെ രസകരമായ ഒരു സീൻ ഓർത്തെടുത്ത് കൊണ്ട് ഐശ്വര്യ പറയുന്നു. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ:
മലയാളത്തിൽ ചെയ്തതിൽ എനിക്ക് മറക്കാൻ പറ്റാത്ത സിനിമയായിരുന്നു ബട്ടർഫ്‌ളൈസ്. അത്രത്തോളം നിലവാരമുള്ള ഹ്യൂമർ ആയിരുന്നു ആ സിനിമയിലേത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെയും, ജഗദീഷേട്ടന്റെയും പ്രകടനം കണ്ട് എനിക്ക് ചിരി നിർത്താൻ പറ്റിയിട്ടില്ല. അതിൽ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സീനുണ്ട്.
ആ സീൻ ചെയ്യുമ്പോൾ ജഗദീഷേട്ടന്റെയും, ലാലേട്ടന്റെയും പ്രകടനം കണ്ടു എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ക്ലോറോഫോം മണത്ത് ബോധരഹിതയായി അഭിനയിക്കുന്ന എനിക്ക് ആ സീൻ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു. അതുകൊണ്ട് സംവിധായകൻ രാജീവ് അഞ്ചൽ സാറിനോട് ഞാൻ പറഞ്ഞു, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താൻ എന്നും ഐശ്വര്യ ഭാസ്‌കരൻ പറയുന്നു.
അതേ സമയം മോഹൻലാലിന്റെ എക്കാലത്തേയും വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായ മാസ്സ് ചിത്രം നരസിംഹത്തിലും ഐശ്വര്യ ആയിരുന്നു നായികയായി എത്തിയത്.