മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തിയ അനുഗ്രഹീത കലാകാരന്മാരാണ് സിദ്ധിഖും ലാലും (സിദ്ധീഖ്‌ലാൽ). സംവിധാന മോഹം മനസ്സിൽ സൂക്ഷിച്ച ഇരുവരും പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളുടെ തിരക്കഥയും കഥയും എഴുതികൊണ്ടായിരുന്നു തുടങ്ങിയത്.
മലയാളത്തിലെ സൂപ്പർ സംവിധായകൻ ഫാസിലിന്റെ സഹ സംവിധായകരായി സിനിമയിൽ പ്രവർത്തിച്ചു തുടങ്ങിയ സിദ്ധിഖ് ലാൽ ടീം ആദ്യമായി സ്വതന്ത്ര സംവിധായകരായ ചിത്രമാണ് റാംജിറാവു സ്പീക്കിംഗ്. ഈ സിനിമ എഴുതുമ്പോൾ തങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത് മോഹൻലാലും ശ്രീനിവാസനും ആയിരുന്നെന്ന് സിദ്ധിഖ് വ്യക്തമാക്കിയിരുന്നു.
പക്ഷെ ഫാസിൽ അതിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിച്ചെന്നും സിദ്ധിഖ് പറയുന്നു.അതിന്റെ കാരണവും സിദ്ധിഖ് തന്നെ പറയുന്നു. മോഹൻലാലും ശ്രീനിവാസനും നിങ്ങളുടെ ആദ്യ സിനിമയിൽ അഭിനയിച്ചാൽ അത് സൂപ്പർ ഹിറ്റാകുമെന്ന് ഉറപ്പാണ്, പക്ഷെ അതിന്റെ ഒരു ക്രെഡിറ്റും നിങ്ങൾക്ക് കിട്ടില്ല, അത് ലാലും ശ്രീനിയും കൊണ്ട് പോകും.
സംവിധായകർ എന്ന നിലയിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ പുതിയ താരങ്ങളെ പരീക്ഷിക്കുന്നതാകും നല്ലത് എന്ന് ഫാസിൽ സിദ്ധിഖ്‌ലാൽ ടീമിനോട് വ്യക്തമാക്കി. പിന്നീടു ജയറാം മുകേഷ് ടീമിനെ നിശ്ചയിച്ചുവെങ്കിലും ഇവരെ വിശ്വാസം ഇല്ലാത്തതിനാൽ സിദ്ധിഖ് ലാൽ ടീമിന്റെ കന്നി ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്നും ജയറാം പിൻമാറി.
തുടർന്നാണ് പുതുമുഖമെന്ന നിലയിൽ സായികുമാർ ചിത്രത്തിന്റെ ഭാഗമാകുന്നത്. മാന്നാർ മത്തായി എന്ന മറ്റൊരു കേന്ദ്രകഥാപാത്രത്തെ ഇന്നസെന്റ് ആണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഫാസിൽ തന്നെയാണ് തന്റെ ശിഷ്യന്മാരുടെ ആദ്യ സിനിമയ്ക്ക് റാംജിറാവു സ്പീക്കിംഗ് എന്ന പേര് നിർദ്ദേശിച്ചതും.