ബിഗ്ബോസ് താരം രജിത്കുമാറും ആസിഫലിയുടെ കെട്ട്യോളാണ് എന്റെ മാലഖയും ഒരു താരതമ്യം: ഷാഫി പൂവത്തിങ്ങൽ എഴുതുന്നു

25

നിസ്സാം ബഷീർ സംവിധാനം ചെയ്ത കെട്ടിയോളാണ് എന്റെ മാലാഖ മാരിറ്റൽ റേപ് എന്ന മലയാളികൾക്ക് ഇപ്പോഴും ശരിയായ അവബോധമില്ലാത്ത ഒരു വിഷയം ചർച്ച ചെയ്ത സിനിമയായിരുന്നു.ഗൗരവകരമായ ഒരു വിഷയം ചർച്ച ചെയ്ത് തുടങ്ങിയ സിനിമ, പക്ഷേ രണ്ടാം പകുതിയിൽ രാഷ്ട്രീയപരമായി കൈവിട്ട് പോവുകയായിരുന്നു.

രണ്ടാം പകുതിയിൽ വിഷയത്തിൽ നിന്നും വഴിമാറി സ്ലീവാച്ചനിലെ നന്മയെ പർവ്വതീകരിച്ച് കാണിക്കാൻ ശ്രമിക്കുന്നതിനിടയിൽ, റേപ്പ് ചെയ്ത സ്ലീവാച്ചനോട് ക്ഷമിക്കുക എന്നത് റിൻസി എന്ന ഇരയുടെ ഔദാര്യം എന്നതിനേക്കാൾ ബാധ്യത എന്ന നിലയിൽ ചിത്രീകരിക്കുകയായിരുന്നു ഈ സിനിമ.

Advertisements

റേപിസ്റ്റിന്റെ ഭാഗത്തുനിന്ന് ഇരയുടെ മാനസികാവസ്ഥ നോക്കി കാണുന്ന സിനിമ, രണ്ടാം പകുതിയിൽ (പ്രത്യേകിച്ചും ക്ലൈമാക്സിനോടടുക്കുമ്പോൾ) കൂടുതൽ ഫോക്കസ് കൊടുക്കുന്നത് നന്മ നിറഞ്ഞ സ്ലീവാച്ചനോട് ഞാൻ എന്ത് കൊണ്ട് നേരത്തെ ക്ഷമിച്ചില്ല എന്ന റിൻസിയുടെ കുറ്റബോധത്തിനാണ്.

പാട്രിയാർക്കി ബോധങ്ങളെ തകർത്തു കൊണ്ട് തുടങ്ങിയ സിനിമ, പെണ്ണ് ആണിന് കൊടുക്കേണ്ട മാപ്പിനെ പറ്റിയുള്ള പാട്രിയാർക്കൽ ബോധങ്ങളെ ഉറപ്പിച്ചാണ് അവസാനിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥി രജിത് കുമാർ, മറ്റൊരു മത്സരാർത്ഥിയായ രേഷ്മയെ ഷോക്കിടയിൽ വെച്ച് ശാരീരികമായി ആക്രമിക്കുന്നു.പിന്നീട് രജിത് കുമാർ മാപ്പപേക്ഷിച്ചെങ്കിലും രേഷ്മ മാപ്പ് നൽകാൻ തയ്യാറാവുന്നില്ല.(മാപ്പ് ഉൾക്കൊണ്ടെങ്കിലും രജിതിനെ പരിപാടിയിൽ തിരിച്ചെടുക്കാൻ സമ്മതിക്കുന്നില്ല).

ഇതോടെ ശരിയായ രീതിയിൽ മാപ്പ് നൽകാത്ത രേഷ്മക്കെതിരെ അവർ മോശക്കാരി ആണെന്ന തരത്തിൽ സൈബർ ആക്രമണം അഴിച്ചു വിടുകയാണ് കേരളത്തിലെ പാട്രിയാർക്കൽ ആൾക്കൂട്ടം.
ശാരീരിക അതിക്രമം നടത്തിയ രജിത് കുമാറിനേക്കാൾ വലിയ കുറ്റവാളി,
മാപ്പ് നൽകാത്ത ഇരയായി മാറുന്ന വിരോധാഭാസം!!

രണ്ട് സാഹചര്യങ്ങളിലും നമ്മൾ മനസ്സിലാക്കേണ്ടത് മാപ്പ് എന്നുള്ളത് ഒരിക്കലും വേട്ടക്കാരന്റെ അവകാശമല്ല, മറിച്ച് ഇരയുടെ ഔദാര്യം ആണ് എന്നതാണ്. അതിപ്പോൾ വേട്ടക്കാരൻ എത്ര കമിഴ്ന്നു കിടന്നു നിലവിളിച്ചാലും ശരി,മാപ്പ് ഇരയുടെ ഔദാര്യം മാത്രമാണ്.

നന്മ നിറഞ്ഞ പുരുഷൻ അറിയാതെ ചെയ്ത തെറ്റിന്റെ പേരിൽ പെണ്ണിന് മുന്നിൽ മാപ്പപേക്ഷിച്ചാൽ, ഇരയായ പെണ്ണ് മാപ്പ് നൽകിയേ തീരൂ എന്ന പാട്രിയാർക്കൽ ബോധം രണ്ടു സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
പെണ്ണിന്റെ മാപ്പിനെ സംബന്ധിച്ച ഇത്തരം പാട്രിയാർക്കൽ ബോധങ്ങൾ താലോലിക്കുന്നവർ അറിഞ്ഞോ അറിയാതെയോ രണ്ട് സന്ദർഭങ്ങളിലെയും പുരുഷൻമാരെ താലോലിക്കുന്നുണ്ട്.

സിനിമയിലെ സന്ദർഭത്തിൽ സിനിമയുടെ പ്രത്യാശാസ്ത്രം കൂടി അവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ,രണ്ടാമത്തേതിൽ പാട്രിയാർക്കി മാത്രമാണ് സ്വാധീനം ചെലുത്തുന്നത്.

രേഷ്മ മാപ്പ് നൽകിയില്ലെന്ന് പറഞ്ഞ് അവരെ തെറി വിളിക്കുന്നവർ, മാപ്പ് നൽകാൻ വൈകിയതിലുള്ള റിൻസിയുടെ കുറ്റബോധത്തിൽ പ്രശ്നം ഒന്നും കാണാത്തവർ , ഒരിക്കൽ കൂടി ഓർക്കുക
മാപ്പെന്നത് വേട്ടക്കാരന്റെ അവകാശമല്ല, ഇരയുടെ ഔദാര്യം മാത്രമാണ്.

Advertisement