തന്റെ അശ്ലീലദൃശ്യങ്ങൾ കണ്ടിട്ടുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന യുവാവിനെതിരേ തെന്നിന്ത്യൻ നടി നമിത. യുവാവിന്റെ ചിത്രവും ഇൻസ്റ്റഗ്രാം ഐഡിയും സഹിതം പുറത്തുവിട്ടാണ് താരത്തിന്റെ പ്രതികരണം.
ഹായ് ഐറ്റം എന്ന് വിളിച്ച് അബിസംബോധന ചെയ്തു തുടങ്ങിയ യുവാവ് പിന്നീട് തന്റെ പോൺ വിഡിയോകൾ കണ്ടിട്ടുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് നമിത പറയുന്നു. തുടക്കത്തിൽ തന്നെ അയാളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്‌തെന്നായിരുന്നു മറുപടിയെന്ന് യുവാവിന്റെ ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പിൽ നമിത പറഞ്ഞു.
നിങ്ങൾ ഈ മുഖം കാണണം. ഇതാണ് ഒരു പരാജിതന്റെ മുഖം, വൃത്തികെട്ട മനസ്സിന് ഉടമ, ഏതൊരു സ്ത്രീയെയും മോശം പേരുകൾ വിളിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്നവൻ’, നമിത കുറിച്ചു. ഞാൻ ഗ്ലാമർ ഇൻഡസ്ട്രിയിൽ നിൽക്കുന്നതുകൊണ്ട് ഇതൊക്കെ കേൾക്കണമെന്നാണോ? എന്നും താരം കുറിപ്പിൽ ചോദിക്കുന്നുണ്ട്.
ഒരു യഥാർത്ഥ പുരുഷന് എങ്ങനെ സ്ത്രീകളെ ബഹുമാനിക്കണം എന്നറിയാം. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോൾ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാൾക്ക് അറിയാം.
നവരാത്രിയും വനിതാദിനവുമൊക്കെ ആഘോഷിക്കുന്നതിന് പകരം സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്ക്’, നമിത കുറിച്ചു.
നമിതയ്ക്ക് പിന്തുണയുമായി ഭർത്താവും നടനുമായ വീരയും കമന്റ് കുറിച്ചിട്ടുണ്ട്. തന്റെ ഭാര്യയെ ഓർത്ത് അഭിമാനമുണ്ടെന്നും ഇത്തരം ആളുകൾ തക്കതായ ശിക്ഷ അർഹിക്കുന്നെന്നും വീര അഭിപ്രായപ്പെട്ടു.