ഏതാണ്ട് കുറേ അധികം വർഷങ്ങൾക്ക് മുമ്പു നടന്ന കാര്യമാണ്. അന്നത്തെ സൂപ്പർഹിറ്റ് സംവിധായകൻ ഹരികുമാറും എംടി വാസുദേവൻ നായരും ചേർന്ന് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് വേണ്ടി ഒരു സിനിമ ആലോചിച്ച് കൊണ്ടിരിക്കുന്ന സമയം.
തിരക്കഥ എംടി പൂർത്തിയാക്കിയെങ്കിലും എംടിക്കുതന്നെ പൂർണ തൃപ്തി വരാത്തതിനാൽ അത് വേണ്ടെന്നു വെച്ചു. ചിത്രം മാറ്റിവയ്ക്കാമെന്ന് കോഴിക്കോടെത്തി മോഹൻലാലിനെ അറിയിച്ച ശേഷം മടങ്ങവേ ഹരികുമാർ ഗുരുവായൂരിൽ ഇറങ്ങി.
ഹോട്ടൽ എലൈറ്റിൽ മുറിയെടുത്തു. ഒരു ഷൂട്ടിംഗ് ആവശ്യത്തിനായി വന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ആ സമയം എലൈറ്റിൽ താമസിക്കുന്നുണ്ടായിരുന്നു. അക്കാലത്ത് ഹരികുമാറും മമ്മൂട്ടിയും തമ്മിൽ ഒരു ചെറിയ സൗന്ദര്യപ്പിണക്കത്തിൽ ആയിരുന്നു. എങ്കിലും മമ്മൂട്ടി അവിടെ തൊട്ടടുത്ത് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഹരികുമാറിന് വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല.
പിന്നീട് ഇരുവരും തമ്മിൽ കണ്ട് ലോഹ്യം പറയുകയും മമ്മൂട്ടി ഹരികുമാറിനെ നിർബന്ധിച്ച് കാറിൽ കയറ്റി ലൊക്കേഷനിൽ പോകുകയും ചെയ്തു. ഇരുവരും വിശേഷങ്ങൾ പറയുന്നതിന് ഇടയിൽ ഹരികുമാർ എംടി മോഹൻലാൽ പ്രൊജക്ട് വൈകുമെന്നറിഞ്ഞപ്പോൾ ‘എങ്കിൽ എന്നെവച്ച് ഒരു പ്രൊജക്ട് ആലോചിക്ക്’ എന്ന് മമ്മൂട്ടി ആ കാർ യാത്രയിൽ ഹരികുമാറിനോട് പറഞ്ഞു.
ഉടൻ തന്നെ ഹരികുമാർ എം ടിയെ കാണാൻ കോഴിക്കോടിന് മടങ്ങി. ഇതിനിടയിൽ മമ്മൂട്ടി തന്നെ എംടിയെ വിളിച്ച് ഒരു പ്രൊജക്ട് തനിക്കുവേണ്ടി ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ മമ്മൂട്ടി വിളിച്ച് ഇക്കാര്യം പറഞ്ഞു എന്ന് ഹരികുമാർ എത്തിയപ്പോൾ എംടി അറിയിച്ചു.ഒരാഴ്ച കഴിഞ്ഞപ്പോൾ എംടി ഹരികുമാറിനെ വിളിച്ചു.
മ ര ണം മുഖാമുഖം കണ്ട ഒരാൾ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ അയാൾ അനുഭവിക്കുന്ന തിരിച്ചടികളെ കുറിച്ച് ഒരു കഥ പറഞ്ഞു. കഥ ഇഷ്ടമായ ഹരികുമാർ ആവേശത്തിലായി. ആ കഥയാണ് ‘സുകൃതം’. മമ്മൂട്ടിക്കും ഹരികുമാറിനും എം ടിക്കും ഏറെ പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത ഗംഭീര സിനിമ ആയിരുന്നു സുകൃതം. ഈ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.