ഒരുകാലത്ത് മലയാള സിനിമയലെ സൂപ്പർ രചയിതാവ് ആയിരുന്നു രൺജി പണിക്കർ. പിന്നീട് സംവിധാന രഗത്തേക്കും ചുവടുമാറ്റിയ അദ്ദേഹം ഇപ്പോൾ മലയാളത്തിലെ പ്രശസ്ത നടൻ കൂടിയാണ്. അദ്ദേഹത്തിന്റെ മകൻ നിതിൻ രഞ്ജി പണിക്കരും സംവിധാന രംഗത്ത് തിളങ്ങുകയാണ്.
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബ എന്ന ചിത്രത്തിലൂടെ ആണ് നിതിൻ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഏറെ വിവാദങ്ങൾ ഉണ്ടാക്കി എങ്കിലും ആ ചിത്രം ബോക്‌സ് ഓഫീസിൽ തകർപ്പൻ വിജയം നേടിയിരുന്നു.
കസബയുടെ വിജയത്തിന് ശേഷം നിതിൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കാവൽ. ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം മാസ്സ് റോളിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു കാവൽ. കഴിഞ്ഞ മാസം അവസാനം റിലീസ് ചെയ്ത ഈ ചിത്രവും സൂപ്പർ വിജയമായി മാറിയിരിക്കുകയാണ്.
മമ്മൂട്ടിയേയും സുരേഷ് ഗോപിയെയും വെച്ച് ഹിറ്റടിച്ച നിതിൻ ഒരുക്കുന്ന അടുത്ത ചിത്രം ഏതെന്ന ചോദ്യം ചിലർ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് കാവലിലെ നായകൻ സുരേഷ് ഗോപി ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
മനോരമക്ക് സുരേഷ് ഗോപി നൽകിയ അഭിമുഖത്തിൽ പറയുന്നത് നിതിൻ രഞ്ജി പണിക്കർ ഒരുക്കാൻ പോകുന്ന അടുത്ത ചിത്രത്തിലെ നായകൻ മലയാളത്തിന്റെ മെഗാ താരവും കംപ്ലീറ്റ് ആക്ടറുമായ മോഹൻലാൽ ആവാം എന്നാണ്. അങ്ങനെ സംഭവിക്കാം എന്നും എന്ന് താൻ വെറുതെ പറയുന്നത് അല്ല എന്നും സുരേഷ് ഗോപി സൂചിപ്പിക്കുന്നുണ്ട്.
ഏതായാലും അങ്ങനെ ഒരു ചിത്രം ഉണ്ടായാൽ മോഹൻലാൽ എന്ന വമ്പൻ താരത്തെ എങ്ങനെയാവും നിതിൻ അവതരിപ്പിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. ഒരു യുവ താര ചിത്രവും അതുപോലെ സുരേഷ് ഗോപി തന്നെ നായകനാവുന്ന, ലേലം 2 എന്ന ചിത്രവും നിതിൻ രഞ്ജി പണിക്കരുടെ പരിഗണനയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.