സ്ഫടികം ജോർജ്ജ് എന്ന പേര് മലയാളികൾ മറന്നിട്ടുണ്ടാകാൻ വഴിയില്ല. മലയാളത്തിൽ നായകനൊപ്പം പോന്ന വില്ലന്മാരിലൊരാളായാണ് സ്ഫടികത്തിലെ എസ്‌ഐ ജോർജ് കുറ്റിക്കാടൻ അറിയപ്പെടുന്നത്. ആടുതോമയെ ജീപ്പിൽ കെട്ടിവലിച്ച പൊലീസുകാരന് ഒടുവിൽ സിനിമ തന്നെ യഥാർത്ഥ പേരിനൊപ്പം വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ നിർണായകമായ വേഷമായിരുന്നു സ്ഫടികത്തിലേത്.
താൻ അഭിനയിച്ച സ്ഫടികം എന്ന സിനിമയിലെ ഒറ്റ കഥാപാത്രം കൊണ്ട് തന്നെ ചിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം. സ്ഫടികം സിനിമ ഇറങ്ങി 26 വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഫടികം ജോർജ്ജ് എന്ന പേര് കേൾക്കുമ്പോൾ തന്നെ എസ്ഐ കുറ്റിക്കാടൻ മനസിലേക്ക് ഓടിയേത്തുകയായി.
Also Read
ഭീഷ്മപർവ്വം ഒരു എപിക് ചിത്രം, ചിത്രം ഒരു വൻ സംഭവം ആവും: മമ്മൂക്ക ചിത്രത്തെ കുറിച്ച് ശ്രീനാഥ് ഭാസി
നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സ്ഫടികം ജോർജിന്റെ യഥാർഥ പേര് ജോർജ് ആന്റണി എന്നാണ്. സ്ഫടികത്തിലെ അഭിനയത്തിലൂടെയാണ് സ്ഫടികം ജോർജായി പേര് മാറിയത്. ചെറുപ്പം മുതൽ നാടകങ്ങളിലൂടെ കലയിൽ സജീവമായിരുന്നു ജോർജ്.
പഠനശേഷം ഗൾഫിലേക്ക് ജോലി തേടി പോയിരുന്നു. ഗൾഫിലെ മലയാളി ക്ലബിൽ സ്ഥിരമായി ജോർജ് നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രം ചെയ്തുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ആ വർഷം തന്നെ റിലീസായ ചെങ്കോലിലെ തോമസ് കീരിക്കാടൻ എന്ന വില്ലൻ വേഷവും ചെയ്തു.
സിനിമയിൽ ജോർജിന്റെ ഭാവി കുറിച്ചത് ഭദ്രന്റെ സ്ഫടികം ആയിരുന്നുവെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആ സിനിമ കൊണ്ട് ഏറ്റവും ഗുണമുണ്ടായത് തനിക്കാണെന്നും വില്ലൻ ആയിരുന്നിട്ട് കൂടി സ്ഫടികം എന്ന നല്ല പേര് ചാർത്തികിട്ടിയെന്നും
ഇപ്പോഴിതാ സ്ഫടികവും മോഹൻലാലും തന്നെ എങ്ങനെ സ്വാധിനിച്ചെന്ന് പറയുകയാണ് സ്ഫടികം ജോർജ്. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് സ്ഫടികത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ‘മോഹൻലാലിന്റെ എതിർവേഷത്തിലെത്തുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സ്ഫടികത്തിൽ ആടുതോമ എന്ന കഥാപാത്രം മോഹൻലാൽ തകർത്തഭിനയിച്ച വേഷമാണ്.
ആടുതോമയുടെ എതിരായി വരുമ്പോൾ അത് വലിയ ടെൻഷൻ നൽകിയ കാര്യമാണ്. അല്പം ടെൻഷനടിച്ചു തന്നെയാണ് ഞാൻ സ്ഫടികത്തിന്റെ സെറ്റിലെത്തിയതെന്നും സ്ഫടികം ജോർജ് പറയുന്നു. എന്നാൽ ഓരോ സീനും ചെയ്തു തുടങ്ങിയതോടെ ആത്മവിശ്വാസം കൂടിവന്നു.
ഒരു നടനെന്ന നിലയിൽ വളരാൻ മോഹൻലാൽ വലിയ പ്രചോദനമായിട്ടുണ്ടെന്നും എങ്ങനെ പ്രൊഫഷണലാകാമെന്ന് പഠിപ്പിച്ചുതന്നതും മോഹൻലാലാണെന്നും അദ്ദേഹം പറഞ്ഞു. അതുവരെ ഞാനൊരു അമച്വർ ആർട്ടിസ്റ്റായിരുന്നുവെന്നും ജോർജ് പറയുന്നു.
സംവിധായകൻ ഭദ്രൻ സാറും എന്റെ വേഷത്തെ കുറിച്ച് കൃത്യമായി പറഞ്ഞു തന്നിരുന്നു. താങ്കൾക്ക് മലയാളസിനിമയിൽ ഇതിനെക്കാൾ മികച്ച വേഷം ഒരുപക്ഷേ ഇനി കിട്ടാനുണ്ടാകില്ല എന്നാണ് അന്ന് ഭദ്രൻ എന്നോട് പറഞ്ഞത്. അന്നതു കേട്ടപ്പോൾ അങ്ങനെ തോന്നിയില്ലെങ്കിലും അത് ശരിയാണെന്നു കാലം തെളിയിച്ചു സ്ഫടികം ജോർജ് പറയുന്നു.
മോഹൻലാലും ഞാനും തിയേറ്ററിൽ വെച്ചു കണ്ടുമുട്ടുന്ന സീനൊക്കെ ഗംഭീരമായി ചെയ്യാൻ കഴിഞ്ഞെന്നു എല്ലാവരും പറഞ്ഞതോടെ പിന്നെ ഞാൻ ട്രാക്കിലായി. സ്ഫടികം കാലത്തെ അതിജീവിക്കുന്ന സിനിമകളിലൊന്നാണ്. ഇന്നും സ്ഫടികം ടിവിയിൽ വരുമ്പോൾ ആദ്യമായി കാണുന്ന അതേ ത്രില്ലിലിരുന്ന് കാണാറുണ്ടെന്ന് പലരും പറയാറുണ്ട്.
എന്റെ വേഷത്തിന് കൂടി കിട്ടുന്ന അംഗീകാരമായാണ് ഞാനീ വാക്കുകളൊക്കെ കേൾക്കാറുള്ളതെന്നും സ്ഫടികം ജോർജ് പറയുന്നു.