അഭിനയ ജീവിതത്തിൽ 50 വർഷം തികച്ച് ഇപ്പോഴും മലയാളത്തിന്റെ താര ചക്രവർത്തിയായി തുടരുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി മകൻ ദുൽഖർ സൽമാനും ഇന്ന് പാൻ ഇന്ത്യൻ സൂപ്പർതാരമായി മാറിയിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ ഇഷ്ചവുമാണ് മെഗാസ്റ്റാറിനേയും മകനേയും.
2012 ൽ സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ ഇതിനോടകം വാപ്പച്ചിയെ പോലെ തന്നെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു എങ്കിലും ഇതുവരെ ഇരുവരും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിച്ചിട്ടില്ല. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുൻപും പല അഭിമുഖങ്ങളിലും ഇരുവരും ഉത്തരം നൽകിയിട്ടുണ്ട്.
അത് സമയമാകുമ്പോൾ സംഭവിക്കുന്നെങ്കിൽ സംഭവിക്കട്ടെ എന്ന തരത്തിലായിരുന്നു ഇരുവരുടെയും മറുപടികൾ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ഒന്നിച്ചുള്ള സിനിമ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
മമ്മൂട്ടി ഫാൻസ് ഇന്റർ നാഷണൽ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പ്രചരിക്കുന്നത്. ലാൽ സലാം എന്ന ഫേസ്ബുക്ക് യൂസറാണ് ഇക്കാര്യം ഷെയർ ചെയ്തിരിക്കുന്നത്. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാള സിനിമയിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രത്തിന്റെ അമരക്കാരൻ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ചിത്രം നിർമ്മിക്കുന്നതും വൈശാഖ് തന്നെയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എൺപതുകളിലെ സൂപ്പർസ്റ്റാറുകളുടെ നായികമാരായി തിളങ്ങിയ സുമലതയും സുഹാസിനിയും ഈ സിനിമയിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുക ആണെന്നും പറയുന്നു.
അതേ സമയം മുൻപും ദുൽഖറും മമ്മൂട്ടിയും ഒന്നിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും അത് സംഭവിച്ചിരുന്നില്ല. നാഗേശ്വരറാവു, നാഗാർജ്ജുന, നാഗചൈതന്യ എന്നിവർ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം മനത്തിന്റെ മലയാളം റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നതെന്നായിരുന്നു വർഷങ്ങൾക്ക് മുൻപ് പുറത്ത് വന്ന റിപ്പോർട്ടുകൾ.