മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കിഷോർ സത്യ. കിഷോർ സത്യ എന്ന പേരിന് ഒരുകാലത്ത് പല മുഖമുണ്ടായിരുന്നു. അവതാരകൻ, സിനിമാനടൻ, സിരിയലുകളിലെ സ്വഭാവനടൻ, ദുബായിലെ മലയാളികളുടെ പ്രിയപ്പെട്ട റേഡിയോ ജോക്കി.
ഇന്നു പക്ഷെ കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ കേരളത്തിലെ സീരിയൽ പ്രേക്ഷകർക്ക് ഒറ്റ മുഖമേ മനസ്സിൽ വരൂ. കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ. ചെറിയ ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ കിഷോർ സത്യ വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ കിഷോർ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരോട് പങ്കുവെച്ചത്.
പ്രകാശനും സുജാതയും വരുന്നു ഒരു ഇടവേളക്ക് ശേഷം ഞാൻ വീണ്ടും മിനിസ്ക്രീനിൽ തിരിച്ചെത്തുന്നു. നവംബർ ആദ്യവാരം മുതൽ സൂര്യ ടീവിയിൽ നിങ്ങളുടെ പ്രകാശനായി കൂടെ സുജാതയായി ചന്ദ്ര ലക്ഷ്മണും എന്നായിരുന്നു കിഷോർ സത്യയുടെ കുറിപ്പ്.കുറിപ്പിന് സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധി പേർ ആശംസകൾ അറിയിച്ച് രംഗത്തെത്തി. ഇനി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കരുത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്
സ്വന്തം സുജാത, മെഗാ സീരിയലിന്റെ പതിവ് കേട്ടുകാഴ്ചകൾ ഒഴിവാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇതുവരെ നിങ്ങൾ എന്നിലൂടെ കാണാത്ത കഥാപാത്രവും, രൂപവും ശരീരഭാഷയും, അങ്ങനെ ചില കുഞ്ഞു ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ട് കേട്ടോ. അൻസാർ ഖാൻ ആണ് സംവിധാനം. എഴുത്ത് സംഗീത മോഹനുമെന്നുമായിരുന്നു കിഷോർ സത്യ കുറിച്ചത്. പോസ്റ്റിന് താഴെ കമന്റിലൂടെ നിരവധി പേരാണ് കിഷോറിനും ചന്ദ്രയ്ക്കും ആശംസ അറിയിച്ച് എത്തിക്കൊണ്ട് ഇരിക്കുന്നത്.
ഏറെ മാസങ്ങൾക്ക് ശേഷം ക്യാമറക്കു മുൻപിൽ ഛായം തേച്ച് ഒരു കഥാപാത്രമാവാൻ ഭാഗ്യം ലഭിച്ചിരിക്കുന്നു. ഈ സമയത്ത് തൊഴിൽ ഉണ്ടാവുക എന്ന് പറയുന്നതിനെ ഭാഗ്യം എന്ന ഒറ്റ വാക്കിൽ. മാത്രമേ വർണ്ണിക്കുവാൻ സാധിക്കു. ബഹുഭൂരിപക്ഷം കലാകാരൻമാർ പട്ടിണിയിലാണ് അതുപോലെ സാങ്കേതിക പ്രവർത്തകരും ഇതിനിടെ ജീവൻ.
പൊലിഞ്ഞവർ വേറെയും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് എല്ലായിടത്തും ഷൂട്ടിംഗ് നടക്കുന്നത്. എന്നാലും മാസ്ക് വയ്ക്കാൻ സാധിക്കാത്ത അതീവ അപകട മുമ്പിൽ നിന്നാണ് ഓരോ അഭിനേതാവും ജോലി ചെയ്യുന്നത്. നിങ്ങളുടെ പ്രാർത്ഥനകൾ മാത്രം ഞങ്ങൾക്ക് ഉണ്ടാവട്ടെയെന്നും കിഷോർ കുറിച്ചു.
ബികോം ബിരുദത്തിനു ശേഷം സംവിധായകൻ ജോസ് തോമസിന്റെ അസിസ്റ്റന്റായാണ് കിഷോർ സത്യ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്. കാഞ്ഞിരപ്പള്ളി കറിയാച്ചൻ, അടിവാരം എന്നീ ചിത്രങ്ങളൊക്കെ ജോസ് തോമസിന്റെ സഹസംവിധായകനായി വർക്ക് ചെയ്തു.
തുടർന്ന് 1998 മുതൽ 2004 വരെ ദുബായ് അടിസ്ഥാനമാക്കിയുള്ള എഫ്എം റേഡിയോ സ്റ്റേഷനിൽ ജനപ്രിയ റേഡിയോ ജോക്കിയായും പ്രവർത്തിച്ചു. ഒരു പക്ഷേ ദുബായിൽ നിന്ന് സംപ്രേക്ഷണം ചെയ്ത് തുടങ്ങിയ മലയാളം എഫ് എം റേഡിയോ സ്റ്റേഷനുകളിൽ കേട്ട ആദ്യ പുരുഷ ശബ്ദമാവും കിഷോറിന്റേത്.
ദുബായിൽ നിന്ന് തിരിച്ചെത്തിയ കിഷോർ, ജോസ് തോമസിന്റെ തന്നെ യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലെ രഞ്ജൻ പ്രദീപ് എന്ന സുന്ദരനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. തുടർന്ന് പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്ക്കരവീരനിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തനായ സംവിധായകൻ എംഎ നസീർ സംവിധാനം ചെയ്ത മന്ത്രകോടി എന്ന ടെലിവിഷൻ പരമ്പരയിലൂടെ ടെലിവിഷൻ സ്ക്രീനിലെ ശ്രദ്ധേയമായ താരമായി മാറി. തുടർന്ന് മീരാ വാസുദേവിനൊപ്പം കനൽപൂവ്, എംടി വാസുദേവൻ നായരുടെ കഥകൾ, മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
അമൃത ടിവിയുടെ വനിതാ രത്നം എന്ന റിയാലിറ്റി ഷോ, വിവിധ ചാനലുകളിലെ അവാർഡ് നൈറ്റുകൾ തുടങ്ങിയവ അവതരിപ്പിച്ച് മികച്ച അവതാരകൻ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശിയായ പൂജാ ശങ്കറാണ് കിഷോറിന്റെ ഭാര്യ, മകൻ നിരഞ്ജൻ.