മലയാള സിനിമാ രംഗത്തെ പകരം വെയ്ക്കാനില്ലാത്ത സൗഹൃദത്തിന്റെ ഉടമകളാണ് ജനപ്രിയ നായകൻ ദിലീപും സംവിധായകനും പാരഡിയുടെ കുലപതിയുമായ നാദിർഷയും. രണ്ടുപേരും മിമിക്രി ലോകത്ത് നിന്നും മലയാള സിനിമയിലെ ഉന്നതങ്ങളിലേക്ക് എത്തിയവരാണ്. മിമിക്രി അവതരിപ്പിച്ച നടന്ന കാലത്ത് തുടങ്ങിയ സൗഹൃദം ഒരുകോട്ടവും പറ്റാതെ പത്തരമാറ്റോടെ ഇന്നും തുടർന്ന് പോവുകയാണ് ഇരുവരും.
വർഷങ്ങൾക്ക് മുൻപ് ഓണം എന്ന് പറഞ്ഞാൽ മലയാളികൾ കാത്തിരിക്കുന്ന 2 ഓഡിയോ ആൽബങ്ങളായിരുന്നു ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് എന്നിവ. ഓഡിയോ കാസെറ്റുകളായും ഈ ആക്ഷേപഹാസ്യ കോമഡി ആൽബങ്ങളുടെ വീഡിയോയും ചിത്രീകരിച്ച് ഇറക്കിയിരുന്നു.
എന്നാലും പാരഡി ഗാനങ്ങളും സമകാലിക സംഭവങ്ങളെ മുൻനിർത്തിയുള്ള ആക്ഷേപഹാസ്യങ്ങളും കോർത്തിണക്കിയ ഓഡിയോ കാസെറ്റുകൾക്ക് തന്നെയായിരുന്നു ഏറെ ഡിമാൻഡ്. വലിയ ജനപ്രീതി നേടിയെടുക്കാൻ സാധിച്ചു ഈ രണ്ടു ആൽബങ്ങളും പിന്നീടത് നിർത്തി പോവുകയായിരുന്നു.
Also Read
മഞ്ജുവും ഭാവനയും ഒന്നിയ്ക്കുന്നു ; മഞ്ജു ഭാവങ്ങളിൽ ഒളിഞ്ഞിരിയ്ക്കുന്ന മറ്റൊരു രഹസ്യം
ഇപ്പോഴിതാ വർഷങ്ങളോളം മുടങ്ങാതെ എല്ലാ ഓണക്കാലത്തും പുറത്തിറങ്ങാറുള്ള ദേ മാവേലി കൊമ്പത്ത് നിർത്താനുള്ള കാരണത്തെ കുറിച്ച് തുറന്ന് പറയുകയാണ് നാദിർഷ ഇപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നാദിർഷയുടെ തുറന്നു പറച്ചിൽ:
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
പതിനെട്ട് വർഷവും ദേ മാവേലി കൊമ്പത്ത് മുടങ്ങാതെ പുറത്തിറക്കി. ആദ്യം ഓഡിയോ കാസറ്റിലായിരുന്നു. പിന്നീട് സി ഡി യും വിസിഡിയും ചെയ്തു. അവസാനത്തെ മൂന്നാല് വർഷം വിഷ്വൽ ആയിരുന്നു. ആദ്യ കാലത്ത് ദേ മാവേലി കൊമ്പത്ത് ഇറങ്ങുമ്പോൾ കോപ്പി എടുത്ത് പ്രചരിപ്പിക്കുന്നവരെ മാത്രം പേടിച്ചാൽ മതിയായിരുന്നു.
പിന്നീട് വ്യാജ സി ഡി ക്കാർ ആയി ശല്യം. കാലം മാറിയപ്പോൾ സോഷ്യൽ മീഡിയയുടെ വരവ് ഈ വ്യവസായത്തെ സാമ്പത്തിക നഷ്ടത്തിലാക്കി. വീഡിയോ ഇറക്കിയാൽ അടുത്ത മണിക്കൂറിൽ സംഗതി യൂട്യൂബിൽ വരും. ഒപ്പം ചാനലുകളിൽ കോമഡി പരിപാടികളും കൂടി വന്നു. അതോടെയാണ് അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചത്.
അവസാനമായപ്പോഴെക്കും ചെലവും കൂടിയിരുന്നു. വീഡിയോ ഒക്കെ ചെയ്ത് തുടങ്ങിയപ്പോൾ അത് ഇരട്ടിയായി. തുടർന്ന് പോകാവുന്ന അവസ്ഥ ആയിരുന്നില്ല. തുടങ്ങി മൂന്ന് വർഷം കഴിഞ്ഞപ്പോഴെക്കും ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി. ഞങ്ങൾക്കതിന്റെ ഗുണം കിട്ടിയതുമില്ല.
എങ്കിൽ പിന്നെ നമുക്ക് സ്വയം ചെയ്താലെന്താ എന്ന ആലോചനയിൽ നിന്നാണ് ദേ മാവേലി കൊമ്പത്തിന്റെ തുടക്കം. അങ്ങനെ 1994 ൽ ദേ മാവേലി കൊമ്പത്ത് ആദ്യ ഭാഗം എത്തി. ആ വർഷത്തെ സൂപ്പർഹിറ്റ് സിനിമ തേന്മാവിൻ കൊമ്പത്ത് ൽ നിന്നാണ് ദേ മാവേലി കൊമ്പത്ത് എന്ന പേരുണ്ടായത്.
ഓരോ വർഷവും അതാത് വർഷത്തെ ഒരു വിജയ സിനിമയുടെ പാരഡി പേര് നൽകി കാസറ്റ് ഇറക്കാം എന്നായിരുന്നു ഉദ്ദേശം. ഞാനും അബിയും ദിലീപുമായിരുന്നു പിന്നണിയിൽ. കാസറ്റ് ഹിറ്റായതോടെ അടുത്ത വർഷവും ഈ പേര് തന്നെ മതിയെന്നായി എല്ലാവരും. കാസറ്റ് കടക്കാരും അത് തന്നെ പറഞ്ഞു.
ജയസൂര്യ ദേ മാവേലി കൊമ്പത്തിൽ പങ്കെടുക്കാൻ കൊതിച്ചിരുന്നുവെന്ന് പിന്നീട് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. സൂപ്പർ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ താരങ്ങൾ കൊതിക്കും പോലെയാണ് അക്കാലത്ത് മിമിക്രിക്കാർ ദേ മാവേലി കൊമ്പത്തിൽ പങ്കെടുക്കാൻ കൊതിച്ചിരുന്നതെന്നും നാദിർഷാ പറയുന്നു.