ജയറാമും വിക്രമും മമ്മൂട്ടിക്കൊപ്പം, സുരേഷ്‌ഗോപി പൊലീസ്, ഇടിവെട്ട് സിനിമ

98

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് 1993ൽ റിലീസായ ധ്രുവം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. നരസിംഹ മന്നാഡിയാർ എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല.

അധികാരത്തിൻറെയും മനുഷ്യത്വത്തിൻറെയും അവതാരരൂപമാണ് മന്നാഡിയാർ. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ വിരിഞ്ഞ ഈ കഥാപാത്രത്തിന്റെ ചുവടുപിടിച്ച് പിന്നീട് സൂപ്പർതാരങ്ങൾ തന്നെ എത്രയോ വേഷങ്ങൾ കെട്ടിയാടി.

Advertisements

തമിഴകത്ത് പിന്നീട് സൂപ്പർതാരമായി മാറിയ വിക്രം അഭിനയിച്ച ആദ്യ മലയാള ചിത്രമാണ് ധ്രുവം. മമ്മൂട്ടിയുടെ നായികയായി ഗൗതമിയാണ് അഭിനയിച്ചത്. മൈഥിലി എന്നായിരുന്നു കഥാപാത്രത്തിൻറെ പേര്. പിന്നീട് ജാക്‌പോട്ട്, സുകൃതം എന്നീ സിനിമകളിലും മമ്മൂട്ടി ഗൗതമി ജോഡി ആവർത്തിച്ചു.

ജോഷിക്കുവേണ്ടി എസ് എൻ സ്വാമി എഴുതിയ രണ്ടാമത്തെ തിരക്കഥയായിരുന്നു ധ്രുവം. കഥ എ കെ സാജൻറേതായിരുന്നു. ദിനേശ് ബാബു ഛായാഗ്രഹണം നിർവഹിച്ച ധ്രുവത്തിന് സംഗീതം നൽകിയത് എസ് പി വെങ്കിടേഷായിരുന്നു. തളിർവെറ്റിലയുണ്ടോ, തുമ്പിപ്പെണ്ണേ വാ വാ’ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ടായിരുന്നു.

ജയറാം അവതരിപ്പിച്ച വീരസിംഹ മന്നാഡിയാർ, സുരേഷ്‌ഗോപി അവതരിപ്പിച്ച ജോസ് നരിമാൻ എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായി. തെന്നിന്ത്യയിലെ സൂപ്പർ നടൻ പ്രഭാകറായിരുന്നു ധ്രുവത്തിലെ ഹൈദർ മരയ്ക്കാർ എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയത്.

എം മണി നിർമ്മിച്ച ധ്രുവം 1993 ജനുവരി 27നാണ് പ്രദർശനത്തിനെത്തിയത്. മമ്മൂട്ടിക്കൊപ്പം സുരേഷ്‌ഗോപി മികച്ച കഥാപാത്രത്തെ ധ്രുവത്തിൽ അവതരിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും ഒന്നിക്കുന്നത് വർഷങ്ങൾക്ക് ശേഷം ട്വന്റി 20യിലാണ്. അതിനിടയ്ക്ക് ദി കിംഗ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ സുരേഷ്‌ഗോപി അഭിനയിച്ചു എന്നുമാത്രം.

നാടുവാഴികൾക്ക് ശേഷം എസ് എൻ സ്വാമി ജോഷിക്ക് വേണ്ടി രചിച്ച തിരക്കഥയായിരുന്നു ധ്രുവത്തിൻറേത്. പടം സൂപ്പർഹിറ്റായി.

Advertisement