നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള അഭിനയ ചക്രവർത്തിയാണ് മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. അന്തരിച്ച സംവിധായകനും നടനുമായ വേണു നാഗവള്ളി മോഹൻ ലാലുമായി ചേർന്ന് ഒരിക്കിയ സിനിമകൾ എല്ലാം ഒന്നിനൊന്ന് മികച്ചവ ആയിരുന്നു.
സുഖമോദേവി, സർവ്വകലാശാല, അയിത്തം, എയ് ഓട്ടോ, ലാൽ സലാം, കിഴക്കുണരും പക്ഷി, കളിപ്പാട്ടം, അഗ്നിദേവൻ, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങി ഒരു പിടി ക്ലാസ്സിക് സിനിമകൾ അദ്ദേഹം മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്തിട്ടുണ്ട്. അവയിൽ ലളിതമായ കഥയും സരസമായ ആവിഷ്കാരം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മോഹൻലാൽ വേണുനാഗവള്ളി ടീമിന്റെ ഒരു സൂപ്പർഹിറ്റ് ചിത്രമാണ് ഏയ് ഓട്ടോ.
നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ പ്രണയ ചിത്രമായിരുന്നു ഏയ് ഓട്ടോ. നടൻ മണിയൻ പിള്ള രാജു നിർമ്മിച്ച ഈ ചിത്രം 1990 ലാണ് പുറത്തിറങ്ങുന്നത്. ഏഴോളം വലിയ ചിത്രങ്ങൾ റിലീസിനെത്തുന്ന വേളയിൽ ആയിരുന്നു ഏയ് ഓട്ടോയുടെയും വരവ്. അക്കരെ അക്കരെ അക്കരെ, കടത്തനാടൻ അമ്പാടി, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ അന്നത്തെ ബിഗ്ബജറ്റ് ചിത്രങ്ങൾക്കൊപ്പമാണ് താരതമ്യേന ചെലവ് കുറച്ചു നിർമ്മിച്ച ഏയ് ഓട്ടോ റിലീസിനെത്തിയത്.
നിർമ്മാതാവായ മണിയൻ പിള്ള രാജുവിനോട് പലരും ഈ അവസരത്തിൽ ഏയ് ഓട്ടോ യുടെ റിലീസ് നീട്ടി വെയ്ക്കുന്നത് ആണ് നല്ലതെന്ന് അഭിപ്രായപ്പെട്ടെങ്കിലും എല്ലാ റിസ്കും ഏറ്റെടുത്തു മണിയൻ പിള്ള രാജു. പ്രിയദർശൻ ഉൾപ്പടെയുള്ള വലിയ സംവിധായകരുടെ സിനിമകൾക്കൊപ്പം ഏയ് ഓട്ടോ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
അതേ സമയം ഏയ് ഓട്ടോയ്ക്കൊ പ്പം റിലീസിനെത്തിയ എല്ലാ ചിത്രങ്ങളെയും പിന്നാലാക്കി കൊണ്ട് മോഹൻലാലിന്റെ ഈ കൊച്ചു ചിത്രം കേരളത്തിൽ നൂറോളം ദിവസങ്ങൾ ഓടി ചരിത്രം കുറിച്ചു, ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയായിരുന്നു ഏയ് ഓട്ടോ.
കോഴിക്കോട് നഗരത്തിന്റെ പശ്ചാത്തലത്തോടെ പറഞ്ഞ ഏയ് ഓട്ടോയുടെ ചിത്രീകരണം പക്ഷേ തിരുവനന്തപുരത്ത് വെച്ച് ആയിരുന്നു എന്നുള്ളതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. രേഖ, തിക്കുറിശ്ശി സുകുമാരൻ നായർ, സുകുമാരി, മുരളി, ഗണേഷ് ശ്രീനിവാസൻ, മണിയൻ പിള്ള രാജു, കുതിരവട്ടം പപ്പു, ജഗദീഷ്, കുഞ്ചൻ,സോമൻ, അശോകൻ, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ. ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു.