മമ്മൂക്കയോട് ഉള്ളത് തീർത്താൽ തീരാത്ത കടപ്പാട്, മെഗാസ്റ്റാറിന്റെ വീട്ടിലെത്തി നന്ദി പറഞ്ഞ് തിയേറ്റർ ഉടമകൾ

63

മലയാള സിനിമാ വ്യവസായത്തെ പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ചുയർത്തിയ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വീട്ടിലെത്തി നന്ദി പറഞ്ഞ് സംസ്ഥാനത്തെ തിയേറ്റർ ഉടമകൾ. കൊച്ചിയിലെ വീട്ടിലെത്തിയായാണ് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് കെ വിജയകുമാറും ജനറൽ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, ജോയിന്റ് സെക്രട്ടറി കിഷോർ സദാനന്ദൻ, എക്‌സിക്യുട്ടീവ് സെക്രട്ടറി എംസി ബോബി എന്നിവർ നന്ദിയും സ്‌നേഹവും അറിയിച്ചത്.

ലോക്ഡൗണിനെ തുടർന്ന് നിർജ്ജീവമായി കിടന്ന തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ആവാഹിക്കാൻ പറ്റിയ ചിത്രം തന്ന് സഹായിച്ച മമ്മൂക്കയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളിലും അങ്ങേയറ്റം ക്ഷമയോടെ സ്വന്തം ചിത്രത്തെ ഒടിടിക്കു പോലും വിൽക്കാതെ തിയേറ്ററുകളിലേയ്ക്ക് നൽകിയ നിർമ്മാതാവ് ആന്റോ ജോസഫിനോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു എന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു.

Advertisements

മമ്മൂട്ടിയുടെ പുതിയ ചിത്രം ദി പ്രീസ്റ്റ് മാർച്ച് 11നാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. തിയേറ്ററുകളിൽ സെക്കൻഡ് ഷോ ആകാമെന്ന സർക്കാർ തീരുമാനത്തോടെ തിയേറ്ററുകളിലെത്തുന്ന ആദ്യചിത്രമായിരുന്നു പ്രീസ്റ്റ്. ആദ്യദിനം തന്നെ സിനിമയുടെ എല്ലാ പ്രദർശനവും ഹൗസ് ഫുൾ ആയിരുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ദി പ്രീസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രവുമാണ് ദ് പ്രീസ്റ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി ഉണ്ണിക്കൃഷ്ണന്റെ ആർഡി ഇല്യുമിനേഷൻസും വിഎൻ ബാബുവും സഹ നിർമ്മാതാക്കളാണ്. നിഖിലാ വിമൽ, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോഫിൻ ടി ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ് തിരക്കഥ. അഖിൽ ജോർജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീതം രാഹുൽ രാജ്.

Advertisement