മലയാള സിനിമാ ലോകത്തെ പിടിച്ചുയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് സംവിധായകരും തിരക്കഥാകൃത്തുമാരും തന്നെയായിരിക്കും. പഴയ കാല സംവിധായകർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത് ഒരുപിടി നല്ല ചിത്രങ്ങളാണ്. ഇന്നും സിനിമ അതേ ഇഷ്ടത്തോടു കൂടിയാണ് പ്രേക്ഷകർ കാണുന്നത്. സംവിധായകരുടെ ജീവിതത്തിലുള്ള വിജയവും പ്രേക്ഷകരിൽ നിന്നുമുള്ള ഈ പ്രതികരണം തന്നെയാണ്.
എന്നാൽ പുതുതലമുറയിലെ നായകന്മാർ പഴയ സംവിധായകർക്ക് തെല്ലും വിലകൽപ്പിക്കുന്നില്ലെന്ന വിമർശനം അടുത്തിടെ ഉയർന്നുകേട്ട ഒന്നാണ്. അതിൽ ഏറ്റവും കൂടുതൽ പഴികേട്ടത് മറ്റാരുമല്ല, യുവതലമുറയുടെ ആവേശവും ആരാധാനമൂർത്തിയുമായ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ്. നിരവധി പേരാണ് നടനെതിരെ പരസ്യമായി രംഗത്ത് വന്നത്. സംവിധായകൻ വിനയൻ, സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരെല്ലാം പൃഥ്വിക്കെതിരെ രംഗത്ത് വന്നവരാണ്.
ഇപ്പോൾ ഒടുവിലായി നടനെതിരെ രംഗത്ത് വന്നിരിക്കുന്നത് മറ്റാരുമല്ല, ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ സിബി മലയിൽ ആണ്. ഗുരുതരമായ ആരോപണങ്ങളാണ് പൃഥ്വിരാജിനെതിരെ സിബി മലയിൽ നടത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമയായ കൊത്തിന്റെ പ്രമൊഷൻ വേളയിൽ നടത്തിയ അഭിമുഖത്തിലാണ് നടനെതിരെ സിബി മലയിൽ വെളിപ്പെടുത്തൽ നടത്തിയത്. പൃഥ്വിരാജിനെ ഞാൻ ആദ്യമായി കണ്ട് നന്ദനം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്.
രഞ്ജിത്ത് ഒരുദിവസം രാജുവിനെയും കൂട്ടി എന്നെ കാണാൻ വന്നു, ഇതാണ് എന്റെ നായകൻ, സുകു ഏട്ടന്റെ മകനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അന്നാണ് ആദ്യമായി ഞാൻ പൃഥ്വിരാജിനെ കണ്ടത്. അങ്ങനെ നന്ദനത്തിലെ ഒരു രംഗം ഷൂട്ട് ചെയ്യാൻ എന്നെ വിളിച്ചു. അതെല്ലാം കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞുപോയതാണ്. പിന്നീടാണ് ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടായത്. അതിൽ നൂറ് ശതമാനവും എന്റെ ഭാഗത്ത് കുറ്റമില്ലെന്ന് താൻ വിശ്വസിക്കുന്നതായും സിബി മലയിൽ കൂട്ടിച്ചേർത്തു.
പക്ഷെ രാജു എങ്ങനെയാണ് മനസ്സിലാക്കി വച്ചിരിയ്ക്കുന്നതെന്ന് അറിയില്ലെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. അമൃതം എന്ന സിനിമ ചെയ്യുന്ന സമയത്ത് ജയറാമിന്റെ അനുജനായി പൃഥ്വിരാജിനെയാണ് കണ്ടത്. പ്രൊഡ്യൂസറും റൈറ്ററും ഒക്കെ പോയി കഥ പറഞ്ഞു. പക്ഷേ ആ സമയം ഞാൻ പൃഥ്വിയോട് നേരിട്ട് സംസാരിച്ചിരുന്നില്ല. ശേഷം ചർച്ചകൾ കഴിഞ്ഞ് നിർമ്മാതാവ് എന്നോട് പറഞ്ഞു രാജുവിന്റെ പ്രതിഫലം കുറച്ച് കൂടുതൽ ആണ് നമുക്ക് താങ്ങാൻ കഴിയില്ലെന്ന്.
അപ്പോൾ ഞാൻ പറഞ്ഞു അത് നിങ്ങളുടെ താത്പര്യം, നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ തീരുമാനിക്കാമെന്ന് ഞാൻ അറിയിച്ചു, പൃഥ്വിരാജ് ഇല്ലെങ്കിൽ മറ്റൊരു നടനെന്നും താൻ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. വീണ്ടും പൃഥ്വിരാജും നിർമാതാക്കളും തമ്മിൽ സംസാരിച്ചുവെങ്കിലും ധാരണയിൽ എത്തിയില്ല. അങ്ങനെയാണ് അരുൺ എന്ന നടനെ തിരഞ്ഞെടുത്തതെന്നും സിബി മലയിൽ പറയുന്നു.
എന്നാൽ ആ പ്രൊഡ്യൂസേഴ്സ് പോയി പൃഥ്വിരാജിനോട് എന്താണ് പറഞ്ഞതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അറിയുന്നത് എന്നെയാണ് കുറ്റക്കാരനായി രാജു കരുതിയിരിക്കുന്നതെന്ന്. ഞാനാണ് അയാളെ ഒഴിവാക്കിയത് എന്നാണ് രാജു ധരിച്ചു വെച്ചിരുന്നത്. അതാണ് ഞങ്ങൾക്കിടയിലെ അകൽച്ചയ്ക്ക് കാരണവുമെന്ന് സിബി മലയിൽ വെളിപ്പെടുത്തി.
പിന്നീട്, അതുപോലെ പല അവസരത്തിലും എന്നെ വേദനിപ്പിയ്ക്കുന്ന നിലപാട് പൃഥ്വിരാജ് എടുത്തിട്ടുണ്ടെന്നും പക്ഷെ അതൊന്നും ചോദ്യം ചെയ്യാനായി ഞാൻ പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജിന് എന്നോട് ശത്രുത ഉള്ളതിൽ എനിക്ക് കുറ്റബോധം ഇല്ല. എന്റെ ഭാഗത്ത് തെറ്റില്ല എന്ന വിശ്വാസവും തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ അയാൾക്ക് സ്റ്റേറ്റ് അവാർഡ് കിട്ടാൻ കാരണമായതും താനാണെന്ന് സിബി വെളിപ്പെടുത്തുന്നു.
ആ സമയത്ത് ശശിയേട്ടനായിരുന്നു ജൂറി ചെയർമാൻ. അതിന്റെ തൊട്ടുമുൻപിലത്തെ ചെയർമാൻ ഞാനായിരുന്നു. അതുകൊണ്ട് എന്നെ വിളിച്ച് ശശിയേട്ടനെ ഒന്ന് അസിസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ അന്ന് ഞാനാണ് സെല്ലുലോയിഡ് എന്ന ചിത്രത്തിലെ അഭിയത്തിന് പൃഥ്വിരാജിന് നൽകാം എന്ന എന്റ തീരുമാനം ശശിയേട്ടനോട് പറഞ്ഞത്. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. ഇതെല്ലാം രാജു മനപൂർവ്വം വിട്ടുകളയുന്നതാണെന്നും സിബി മലയിൽ വെളിപ്പെടുത്തുന്നു.