ഒരുകാലത്ത് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് കുതിരവട്ടം പപ്പു. തമാശ വേഷങ്ങൾ മാത്രമല്ല ക്യാരക്ടർ റോളുകളും നന്നായി കൈകാര്യെ ചെയ്തിരുന്ന പപ്പുവിനെ തലമുറ വ്യത്യാസമില്ലാതെയാണ് മലയാളി പ്രേക്ഷകരും സിനിമ ലോകവും നെഞ്ചിലേറ്റിയത്.
സോഷ്യൽ മീഡിയയിൽ ഇന്നും അദ്ദേഹത്തിന്റെ സിനിമയും ഡയലോഗുകളും ചർച്ചയാവാറുണ്ട്.ഈ നടൻ ഒഴിച്ചിട്ട ആ ഹാസ്യ സിംഹാസനും ഇന്നും മലയാള സിനിമയിൽ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഇപ്പോൾ അച്ഛന്റെ പാതയിലൂടെ മകൻ ബിനു പപ്പുവും സിനിമയിൽ എത്തിയിട്ടുണ്ട്.
ഒരു കാലത്ത് സിനിമ വേണ്ടെന്ന് തീരുമാനിച്ചിരുന്ന ബിനു കറങ്ങി തിരിഞ്ഞ് സിനിമയിൽ തന്നെ എത്തുക ആയിരുന്നു. എന്നാൽ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അച്ഛനിൽ നിന്ന് വ്യത്യാസ്തനാണ് മകൻ. പ്രേക്ഷകരെ ചിരിപ്പിക്കാനുളള ധൈര്യം ഇനിയും ബിനുവിന് ഉണ്ടായിട്ടില്ല. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ആഷിക് അബുവിന്റെ ഗ്യങ്സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു വെള്ളിത്തിരയിൽ എത്തുന്നത്.
ഇതിന് ശേഷം റാണി പത്മിനി, പുത്തൻ പണം എന്നീ ചിത്രങ്ങളിൽ നടൻ അഭിനയിച്ചിട്ടുണ്ടെങ്കിലും സഖാവ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2020 ൽ ഓപ്പറേഷൻ ജാവ എന്ന ചിത്രം പുറത്ത് വന്നതോടെ ബിനു പപ്പ മലയാള സിനിമയിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കി എടുക്കുകയായിരുന്നു.
ഇപ്പോൾ മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാണ് ബിനു പപ്പു. അച്ഛനെ പോലെ ഹാസ്യ ചെയ്യാൻ ഭയമാണെങ്കിലും ശബ്ജവും രീതികളുമൊക്കെ സമാനമാണ്. ഇപ്പോഴിത പിതാവിനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അച്ഛനെ കുറിച്ച് വാചാലനായത്.
ചില വാക്കുകൾ പറയുമ്പോൾ തനിക്കു അച്ഛന്റെ ശബ്ദവും രീതിയുമാണെന്നു പലരും പറഞ്ഞിട്ടുണ്ടെന്നാണ് ബിനു പറയുന്നത്. തന്റെ പെങ്ങൾ ബിന്ദുവിനെ എടിയേ എന്ന് വിളിക്കുമ്പോാൾ അച്ഛന്റെ ശബ്ദം പോലെ ഉണ്ടെന്നു പെങ്ങൾ പറയാറുണ്ടെന്നും ബിനു പറഞ്ഞു.
മാത്രവുമല്ല അച്ഛന്റെ ഭക്ഷണരീതി അതേപടി തനിക്ക് കിട്ടിയിട്ടുണ്ട്. മീൻ ഇല്ലാതെ ചോറ് ഇറങ്ങില്ല.
പിന്നെ, അച്ഛൻ ഒരുപാട് പെറ്റ്‌സിനെ വീട്ടിൽ വളർത്തിയിരുന്നു. ആ സ്വഭാവം എന്റെ തലയിലും കയറിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും അച്ഛനെപ്പോലെ ഹ്യൂമർ ചെയ്യാൻ ഒരു ഭയമുണ്ടെന്നും ബിനു പപ്പു പറയുന്നു.
ഞാൻ വീട്ടിൽ കണ്ട കുതിരവട്ടം പപ്പു ആയിരുന്നില്ല സിനിമയിൽ. വീട്ടിൽ വന്നാൽ അച്ഛനൊരു തനി വീട്ടുകാരനും നാട്ടുമ്പുറത്തുകാരനുമായി മാറും. സിനിമാ ലോകത്ത് അച്ഛൻ ആരാണെന്ന് എനിക്ക് മനസ്സിലായത് ഞാൻ സിനിമയിൽ എത്തിയപ്പോഴാണ്. ഇത്രത്തോളം അംഗീകാരം അച്ഛനുണ്ട് എന്നു മനസ്സിലായതും അപ്പോഴാണ്.
ഇതിനെ കുറിച്ച് ഒരു സംഭവവും ബിനുപപ്പു പങ്കുവെച്ചു. ഒരു സുഹൃത്തിനെ കാണാനാണ് ഞാനും ഭാര്യയും കൂടി മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പോയത്. മമ്മൂക്കയുടെ അസിസ്റ്റന്റ് ജോർജേട്ടൻ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അന്ന് എന്നെ ചൂണ്ടി മമ്മൂക്ക, രൺജി പണിക്കരോട് ആളാരാന്നു മനസ്സിലായോ? എന്നു ചോദിച്ചു.
ഇല്ല എ ന്നു പറഞ്ഞപ്പോൾ മമ്മൂക്ക പരിചയപ്പെടുത്തി. രൺജിയേട്ടൻ എന്നെ ചേർത്തു പിടിച്ചു വിസ്മയ ത്തോടെ കുറച്ചു സമയം നോക്കിനിന്നു. പിന്നെ, അവിടെയുള്ള എല്ലാവരുടെ അടുത്തേക്കും കൊണ്ടുപോയി. അച്ഛനുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമായിരുന്നു എന്നു കേട്ടിട്ടുണ്ട്.
അദ്ദേഹം ഉറ്റുനോക്കിയത് അച്ഛനെ നോക്കിയതു പോലെയാണ് എനിക്കു ഫീൽ ചെയ്തത്. ആ സംഭവം ഇപ്പോഴോർക്കുമ്പോഴും എനിക്കു സന്തോഷവും അഭിമാനവും ആണ്. പിന്നീട് അദ്ദേഹത്തിന്റെ മൂന്നു സിനിമകളിൽ അഭിനയിക്കാനും ഭാഗ്യമുണ്ടായി.
അച്ഛൻ എന്ന വ്യക്തി ക്രിസ്മസ് അപ്പൂപ്പനെ പോലെയാണ്. ഇന്നത്തെപ്പോലെ താരങ്ങളുടെ ഫ്‌ലൈറ്റ് യാത്രയും വീഡിയോ കോളൊന്നും ഇല്ലല്ലോ. ചില പിറന്നാളിന് വിളി മാത്രമാണ് വരിക. ചിലപ്പോൾ ആരുടെയെങ്കിലും കയ്യിൽ സമ്മാനങ്ങൾ കൊടുത്തു വിടും. ചിലപ്പോൾ അമ്മയെ പറഞ്ഞേൽപിച്ചിട്ടുണ്ടാകും.
അച്ഛന്റെ സ്ഥാനത്തു അമ്മ വന്നാലും നമ്മുടെ ഉള്ളിലെ കുട്ടിക്കു തൃപ്തിയാകില്ലല്ലോ. പിടിഎ മീറ്റിങ്ങിനൊക്കെ നടനായ അച്ഛൻ വരികയെന്നത് എത്ര അഭിമാനമാണ് കുട്ടികൾക്ക്. പക്ഷേ, അതു പോലെയൊന്നും ഉണ്ടായിട്ടില്ല. നഷ്ടപ്പെടുത്തിയ നിമിഷങ്ങളെല്ലാം അച്ഛൻ നികത്തിയിട്ടുമുണ്ട്.
വരുന്ന സമയത്ത് വീട് ഒരു ഉത്സവപറമ്പു പോലെ ഉണരും. അച്ഛന്റെ കൂട്ടുകാരൊക്കെയായി വീട്ടിലാകെ ഒച്ച നിറയും. എല്ലാ തരത്തിലുമുള്ള കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ട്. സാമ്പത്തികമായിപ്പോലും ഇപ്പോഴും നന്നായി സ്ട്രഗിൾ ചെയ്യുന്നു. കാലും നീട്ടി ഇരുന്ന് ഞാൻ സിനിമയിൽ വെൽ സെറ്റിൽഡാണ് എന്നു പറയാറൊന്നുമായിട്ടില്ല.
പത്തൊൻപതു സിനിമകളെ ചെയ്തിട്ടുള്ളൂ. അതിൽത്തന്നെ മൂന്നു സിനിമകളിലാണ് മുഴുനീള കഥാപാത്രം ചെയ്തത്. നല്ല കുറച്ചു സിനിമകളിൽ സംവിധാന സഹായി ആകാൻ സാധിച്ചു. ഇനിയും വളരെ ദൂരം മുന്നോട്ടു പോകാനുണ്ട്. കഠിനാധ്വാനം ചെയ്താലേ നിലനിൽക്കാൻ പറ്റുകയുള്ളൂ എന്നും ബിനു പപ്പു പറയുന്നു.