മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഇന്ത്യൻ സിനിമയിലെ സൂപ്പർ ഡയറക്ടർ പ്രിയദർശനും സിനിമയിലും ജീവിതത്തിലും ആത്മസുഹൃത്തുക്കളാണ് മോഹൻലാലും പ്രിയദർശനും. പഠനകാലത്ത് തുടങ്ങിയ സൗഹൃദത്തിന് ഉയരങ്ങളുടെ കൊടുമുടിയിൽ എത്തിയിട്ടും രണ്ടുപേരും ഒരു പോറൽ പോലും വരുത്തിയിട്ടില്ല.
സിനിമയ്ക്കായി ഇരുവരും ഒന്നിച്ചപ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചത് വമ്പൻ സൂപ്പർ ഹിറ്റുകളുമായിരുന്നു. പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ വരെ എത്തിനിൽക്കുകയാണ് ആ കൂട്ടുകെട്ട്.
ഇത്രയധികം സിനിമകൾ ചെയ്‌തെങ്കിലും ഒന്നിച്ച് പ്രിയദർശൻ ഒരൊറ്റ തിരക്കഥ പോലും തനിക്ക് വായിക്കാൻ നൽകിയിട്ടില്ലെന്നാണ് മോഹൻലാൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹന്ഡലാലും പ്രിയദര്ഡശനും തുറന്നു പറച്ചിൽ നടത്തിയത്.
ഞങ്ങൾക്കിടയിൽ ഇതുവരെ ഒരു സിനിമയും ഭയങ്കരമായി ആലോചിച്ച് രൂപം കൊണ്ടിട്ടില്ല. സംസാരത്തിനിടയിൽ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവയ്ക്കും. അതു ചെയ്യാമെന്ന് തീരുമാനിക്കും. ആ ചിന്തയിൽ നിന്നാണ് പലപ്പോഴും സിനിമകൾ രൂപം കൊള്ളുന്നതെന്ന് പ്രിയദർശൻ പറയുന്നു.
മോഹൻലാലിന് എന്നെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി ചിത്രീകരണത്തിനു തൊട്ടുമുമ്പ് പോലും തിരക്കഥ വായിക്കാൻ നൽകുന്നില്ല എന്നാണ്. എഴുതി പൂർത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നതെന്ന് പ്രിയദർശൻ പറഞ്ഞു.
അക്കാലത്തെല്ലാം ഞാൻ സ്ഥിരം പ്രിയനോട് പറയുമായാരുന്നു. ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ പ്രിയാ സിനിമ തുടങ്ങുന്നതിന് മുമ്പേ തിരക്കഥയൊന്ന് വായിക്കാൻ കിട്ടുമോയെന്ന്. നാളെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുള്ള താൽപര്യം കൊണ്ടായിരുന്നു അത്. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ ചെന്നപ്പോൾ പ്രിയൻ അഭിമാനത്തോടെ ഒരു പുസ്തകം മുന്നിലേക്ക് നീട്ടി.
വർഷങ്ങളായി ഞാൻ ആഗ്രഹിച്ചത്. ചോദിച്ചുകൊണ്ടിരുന്നത്. ചെയ്യാനിരുന്ന സിനിമയുടെ എഴുതി പൂർത്തിയാക്കിയ തിരക്കഥ. കൈകൂപ്പിക്കൊണ്ട് ഞാൻ പറഞ്ഞു, വേണ്ട തൃപ്തിയായി എനിക്കു വായിക്കേണ്ട. അതായിരുന്നു തേന്മാവിൻ കൊമ്പത്ത് എന്നും മോഹൻലാൽ പറഞ്ഞു.