പരസ്യങ്ങൾക്ക് ഹോർഡിങ്ങുകൾ ഉപയോഗിക്കരുതെന്ന് സിനിമകളുടെ അണിയറപ്രവർത്തകർക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ദളപതി വിജയിയുടെയും നിർദേശം. ഫ്‌ളക്സ് ബോർഡ് പൊട്ടിവീണ് സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവതി ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ട് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധർവന്റെയും ആറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ബിഗിലിന്റെയും പരസ്യങ്ങൾക്കാണ് ഹോർഡിങ്ങുകൾ ഒഴിവാക്കുക. രണ്ട് ദിവസം മുമ്പാണ് ചെന്നൈയിൽ യുവതി ഫ്‌ളക്‌സ് പൊട്ടിവീണ് മരിച്ചത്.
വാർത്തയറിഞ്ഞ മമ്മൂട്ടിയും രമേശ് പിഷാരടിയും നിർമ്മാതാവ് ആന്റോ പി ജോസഫും ചേർന്നാണ് പരസ്യത്തിനായി ഫ്‌ളക്‌സ് ഉപയോഗിച്ചുള്ള വലിയ ഹോർഡിങ്ങുകൾ ഉപയോഗിക്കില്ലെന്ന് തീരുമാനത്തിലെത്തിയത്. പരസ്യത്തിനായി പോസ്റ്ററുകൾ മാത്രമേ ഉപയോഗിക്കൂവെന്ന് രമേശ് പിഷാരടി വ്യക്തമാക്കി.
ഈ മാസം 19ന് നടക്കുന്ന ബിഗ്ലിയുടെ ഓഡിയോ ലോഞ്ചിന് വലിയ ഹോൾഡിങ്ങുകളും ബാനറുകളും ഉപയഗിക്കരുതെന്ന് വിജയ് ആരാധകർക്ക് നിർദേശം നൽകി. രണ്ട് ദിവസം മുമ്പാണ് ദേഹത്തേക്ക് ഫ്‌ലക്‌സ് ബോർഡ് പൊട്ടിവീണ് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചത്.
സംഭവത്തിൽ ഫ്‌ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് സർക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.