മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന് ഒപ്പം വർഷങ്ങൾക്ക് മുമ്പ് സൂപ്പർ സംവിധായകൻ കമലിന്റെ സഹായിയായി സിനിമാരംഗത്തേക്ക് എത്തിയയാളാണ് ലൽജോസ്. ദീലിപ് പിന്നീട് മലയാളത്തിലെ സുപ്പർതാരമാവുകയും ലാൽ ജോസ് സൂപ്പർ സംവിധായകനായി മാറുകയും ചെയ്തു.
സ്വതന്ത്ര സംവിധായകനായി ലാൽജോസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തികച്ചും വ്യത്യസ്ത വേഷത്തിലെത്തിയ ഈ സിനിമ മലയാളത്തിലെ സർവ്വകാല ഹിറ്റുകളിലൊന്നാണ്.
1998ൽ വിഷു റിലീസായാണ് മറവത്തൂർ കനവ് പ്രദർശനത്തിനെത്തിയത്. വലിയ ഹിറ്റുകൾ തനിയെ ജനിക്കുകയാണ് എന്ന് ആരൊക്കെ പറഞ്ഞാലും ഹിറ്റുകൾക്ക് ഒരു രസക്കൂട്ടുണ്ടെന്നുള്ളത് സത്യം. ആ രസക്കൂട്ട് മനസിലാക്കിയ എഴുത്തുകാരനായ ശ്രീനിവാസൻ ആയിരുന്നു ഒരു മറവത്തൂർ കനവിന്റെ രചയിതാവ്.
മെഗാസ്റ്റാർ അങ്ങോട്ടു ചോദിച്ചുകൊടുത്ത ഡേറ്റായിരുന്നു ലാൽ ജോസിന്. മമ്മൂട്ടിയാണ് താരമെങ്കിലും ലോഹിതദാസോ ശ്രീനിവാസനോ തിരക്കഥ നൽകിയാൽ മാത്രം പടം ചെയ്യാമെന്ന ലൈനായിരുന്നു ലാൽ ജോസിന്റേത്.
ഒടുവിൽ ലാൽ ജോസിന് വേണ്ടി ശ്രീനിവാസൻ തിരക്കഥയെഴുതിക്കൊടുത്തു. മറവത്തൂർ ചാണ്ടിയുടെ സാഹസികതയുടെയും സ്‌നേഹത്തിൻറെയും കഥയായിരുന്നു ഈ സിനിമ. ഒരു മറവത്തൂർ കനവിൽ മമ്മൂട്ടിയുടെ സഹായികളും സുഹൃത്തുക്കളുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ചത് കലാഭവൻ മണിയും അഗസ്റ്റിനും ജെയിംസുമായിരുന്നു.
എന്നാൽ ഈ മൂന്നുപേരും ഇന്ന് ജീവനോടെയില്ല എന്നത് മറവത്തൂർ കനവിനെപ്പറ്റി ഓർക്കുമ്പോഴുള്ള വേദനയാണ്. അന്ന് ഈ ചിത്രത്തിനൊപ്പം മത്സരിക്കാനുണ്ടായിരുന്നത് ലോഹിതദാസ് രചനയും സംവിധാനവും നിർവ്വഹിച്ച് താരരാജാവ് മോഹൻലാൽ നായകനും മഞ്ജു വാര്യർ നായികയായുമെത്തിയ കൻമദം ആയിരുന്നു.
മോഹൻലാലിന്റെയും മഞ്ജവാര്യരുടേയും ഒപ്പം ലാലിന്റെയും (സിദ്ധിഖ്‌ലാൽ) മികച്ച പ്രകടനം ഉണ്ടായുിരുന്ന കൻമദം നല്ല ചിത്രമെന്ന പേരെടുത്തെങ്കിലും ബോക്‌സോഫീസിൽ പരാജയമായിരുന്നു. അന്ന് ബോക്‌സ് ഓഫീസ് കളക്ഷൻ തകർത്തു തകർത്തുവാരിയത് മറവത്തൂർ ചാണ്ടിയും കൂട്ടരും മിന്നിയ മറവത്തൂർ കനവ് ആയിരുന്നു.
ദിവ്യാ ഉണ്ണി നായികയായ ചിത്രത്തിൽ ബിജു മേനോൻ, മോഹിനി, ശ്രീനിവാസൻ, നെടുമുടി വേണു, കലാഭവൻ മണി, സുകുമാരി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി. അതേ സമയം ജീൻ ഡി ഫ്‌ലോററ്റ് എന്ന ഫ്രഞ്ച് ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ശ്രീനിവാസൻ ഒരു മറവത്തൂർ കനവ് എഴുതിയതെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ചിത്രം തമിഴ് പശ്ചാത്തലത്തിലുള്ള ഒരു സമ്പൂർണ മലയാളചിത്രമായാണ് കേരളക്കരമുഴുവൻ നെഞ്ചിലേറ്റിയത്. 150ലധികം ദിവസം പ്രദർശിപ്പിച്ച ഒരു മറവത്തൂർ കനവ് 1998ലെ ഏറ്റവും വലിയ ഹിറ്റായി മാറി.