മലയാളത്തിന്റ മെഗാസ്റ്റാർ മമ്മൂട്ടി എന്ന നടന്റെ പ്രത്യേകത സംവിധായകനും എഴുത്തുകാരനും മനസിൽ കാണുന്നതിനേക്കാൾ ഉജ്ജ്വലമായി ആ കഥാപാത്രത്തെ അദ്ദേഹം ഉൾക്കൊണ്ട് അഭിനയിക്കുമെന്നതാണ്. ഈ ഉറപ്പിൽ ഏത് കഥാപാത്രവും വിശ്വസിച്ച് അദ്ദേഹത്തെ ഏൽപ്പിക്കാം ധാരണ സിനിമാക്കാർക്കിടയിൽ സാധാരണമാണ്.
അങ്ങനെ മമ്മൂട്ടിയുടെ അഭിനയവൈഭവത്താൽ പൊന്നുപോലെ തിളങ്ങിയ, വജ്രം പോലെ ജ്വലിച്ച കഥാപാത്രങ്ങൾ ഒട്ടനവധിയാണ്. അത്തരത്തിൽ ഒരു ഉജ്ജ്വല കഥാപാത്രമാണ് കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപെയിലെ കോളജ് പ്രൊഫസർ നന്ദകുമാർ വർമ്മ.
നഷ്ടപ്പെട്ടുപോയ ജീവിതമോർത്ത് അന്യനാട്ടിൽ ഉരുകിയുരുകിക്കഴിയുന്ന മനുഷ്യൻ. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനത്താൽ നന്ദകുമാർ ഇന്നും ഏവർക്കും ഒരു വേദനയാണ്. ശ്രീനിവാസന്റേ തായിരുന്നു മഴയെത്തും മുൻപെയുടെ തിരക്കഥ. കമൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മനോഹര മഴയെത്തും മുൻപെയാണെന്ന് പലരും പറയാറുണ്ട്.
അത്രയ്ക്ക് എല്ലാം കൊണ്ടും ഗംഭീരമായ ചിത്രമായിരുന്നു അത്. എന്നാൽ മഴയെത്തും മുൻപേ ഒരു തമിഴ് ചിത്രത്തിൻറെ കഥയിൽ പ്രചോദനം ഉൾക്കൊണ്ട് ശ്രീനിവാസൻ എഴുതിയതാണെന്നത് അധികം ആർക്കും അറിയാത്ത ഒരു വസ്തുതയാണ്. തമിഴകത്തെ മികച്ച തിരക്കഥാകൃത്തും സംവിധായകനും നടനുമായ ഭാഗ്യരാജിന്റെ സുന്ദരകാണ്ഡം എന്ന ചിത്രത്തിൽ നിന്നാണ് ശ്രീനിവാസൻ മഴയെത്തും മുൻപേയുടെ കഥ കണ്ടെത്തിയത്.
ഈ ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളെല്ലാം സുന്ദരകാണ്ഡത്തിലേത് പോലെ തന്നെയാണ്. എന്നാൽ ശോഭന ഉൾപ്പെടുന്ന രംഗങ്ങളിൽ ശ്രീനി കാതലായ മാറ്റങ്ങൾ വരുത്തി. അതിന്റെ ഗുണം മഴയെത്തും മുൻപേയ്ക്ക് ഉണ്ടായി.
1992ൽ ഇറങ്ങിയ സുന്ദരകാണ്ഡം ഒരു ശരാശരി വിജയത്തിൽ ഒതുങ്ങിയപ്പോൾ 1995ൽ ഇറങ്ങിയ മഴയെത്തും മുൻപേ മെഗാഹിറ്റായി മാറി. ശോഭനയും ആനിയുമായിരുന്നു മഴയെത്തും മുൻപെയിലെ നായികമാർ. ആനിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ശ്രുതി.
തിരക്കഥയുടെ മിഴിവും സംവിധാനത്തിന്റെ അടക്കവുമെല്ലാം ചേർന്ന് ഒരു ഒന്നാന്തരം സിനിമയായി മഴയെത്തും മുൻപെ മാറി. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയായി സംസ്ഥാന സർക്കാർ മഴയെത്തും മുൻപെയെ തിരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും ഈ സിനിമയ്ക്കായിരുന്നു.
മികച്ച സംവിധായകനുള്ള രാമു കാര്യാട്ട് പുരസ്‌കാരം മഴയെത്തും മുൻപെയിലൂടെ കമൽ നേടി. മഴയെത്തും മുൻപെ റിലീസായി പത്തുവർഷങ്ങൾക്ക് ശേഷം കമൽ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ‘സമീർ: ദി ഫയർ വിത്തിൻ’ എന്നായിരുന്നു ചിത്രത്തിന് പേര്. അജയ് ദേവ്ഗൺ, അമീഷ പട്ടേൽ, മഹിമ ചൌധരി എന്നിവരായിരുന്നു പ്രധാന റോളുകളിൽ.
അതേ സമയം ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്ന അതീവസുന്ദരമായ വിഷ്വൽസ് മഴയെത്തും മുൻപെയ്ക്ക് നൽകിയത് ക്യാമറാമാൻ എസ് കുമാറായിരുന്നു. സംഗീതം രവീന്ദ്രനും. ഇതിലെ എന്തിന് വേറൊരു സൂര്യോദയം, ആത്മാവിൻ പുസ്തകത്താളിൽ, എന്നിട്ടും നീ വന്നില്ലല്ലോ’ തുടങ്ങിയ ഗാനങ്ങൾ എക്കാലത്തേയും സൂപ്പർഹറ്റുകളാണ്. ആരും ഒരിക്കലും മറക്കാത്ത ഈ ഗാനങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന നൊസ്റ്റാൾജിക് ഫീൽ ഒന്നു വേറെ തന്നെയാണ്.