125 കോടി ബജറ്റിൽ മഹാ മാനാട് പ്രഖ്യാപിച്ച് ചിമ്പു, പരിഹസിച്ച് ആരാധകർ

27

തമിഴകത്തെ ലിറ്റിൽ സൂപ്പർതാരം ചിമ്പു ആരാധകർ ഏറെക്കാലമായി നിരാശയിലാണ്. പ്രഖ്യാപിച്ച വൻ പ്രൊജക്റ്റുകൾ പലതും മുടങ്ങി. വലിയ പ്രതീക്ഷകളോടെയെത്തിയ വന്താ രാജാവാ താൻ വരുവേൻ’ ദുരന്തമായി.

നായക വേഷത്തിൽ മറ്റൊരു ചിത്രമെത്തിയിട്ട് കാലമേറെയായി. ഏറെ പ്രതീക്ഷ വെച്ചിരുന്ന മാനാടിൽ നിന്ന് താരത്തെ അണിയറ പ്രവർത്തകർ നീക്കിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതിനു പിന്നാലെ സ്വന്തം പ്രൊഡക്ഷനിൽ മഹാ മാനാട് എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ചിമ്പു.

Advertisements

ചിമ്പുസിനി ആർട്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും എസ്ടിആർ എന്നറിയപ്പെടുന്ന ചിമ്പു ആയിരിക്കും. എന്നാൽ ചിമ്പുവിന്റെ പ്രഖ്യാപനത്തെ തമാശയായാണ് ആരാധകരിൽ ഒരു വിഭാഗമുൾപ്പടെ കാണുന്നത്.

മൂന്നു വർഷം മുമ്പ് സ്വന്തം സംവിധാനത്തിൽ ഇതുപോലൊരു വൻ ചിത്രം താരം പ്രഖ്യാപിച്ച് മുടങ്ങിയതും പലരും ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സാഹചര്യത്തിൽ 125 കോടി കണ്ടെത്താൻ താരത്തിന് ആകില്ലെന്നും പറയപ്പെടുന്നു. 2020ൽ ചിത്രം തിയറ്ററുകളിലെത്തിക്കുമെന്നാണ് ചിമ്പു പറയുന്നത്.

മങ്കാത്ത സംവിധായകൻ വെങ്കട് പ്രഭുവിന്റെ മാനാടിന്റെ ഷൂട്ടിംഗ് ചിമ്പുവിനെ ലഭ്യമാകാത്തതിനാൽ ഏറെ നീളുന്ന സാഹചര്യത്തിലാണ് താരത്തെ നീക്കിയത്. 10 മാസം മുൻപാണ് വെങ്കട് പ്രഭു മാനാട് അനൗൺസ് ചെയ്തത്. സുരേഷ് കാമാച്ചിയാണ് നിർമാണം.

ഫെബ്രുവരിയിൽ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ചിമ്പു വിദേശത്തു പോകുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വത്തിൽ ചിത്രം നീട്ടിവെച്ചു. തിരിച്ചെത്തിയ ചിമ്പു അതിനിടെ ഒരു അതിഥി വേഷം ചെയ്തു. മാനാടിനായി ആയോധന കലകൾ അഭ്യസിക്കാൻ സമയം വേണമെന്നും താരം ആവശ്യപ്പെട്ടു.

എന്നാൽ ചിത്രം അനിശ്ചിതമായി നീണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പുതിയ നായകനെ തേടാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകുകയായിരുന്നു. മാനാടിൽ ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദർശൻ എത്തുമെന്നായിരുന്നു നേരത്തേയുള്ള വിവരം.

വളരേ മികച്ചൊരു തിരക്കഥയാണ് ചിത്രത്തിനുള്ളതെന്നും അതിന്റെ ഭാഗമാകുന്നതിന്റെ വേശത്തിലാണെന്നും കല്യാണി ട്വീറ്റ് ചെയ്തിരുന്നു. മുമ്ബ് റാഷി ഖന്ന ഉൾപ്പടെയുള്ളവരെ നായികയായി പരിഗണിച്ചിരുന്നു. ഷൂട്ടിംഗ് ഷെഡ്യൂൾ മാറിയ സാഹചര്യത്തിൽ കല്യാണിക്കു പകരം മറ്റൈാരു നായിക വരുമോയെന്നതും വ്യക്തമല്ല.

Advertisement