മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹൻലാൽ എന്ന നടന്റെ ഏറ്റവും ജനപ്രീതിയുള്ള ചിത്രങ്ങളിൽ ഒന്നായ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി കഥാപാത്രം നന്ദഗോപാൽ മാരാർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നായകനൊപ്പമോ അല്ലെങ്കിൽ അതിൽ കൂടുതലായോ മികച്ചു നിൽക്കാൻ മമ്മൂട്ടിയുടെ വക്കീൽ വേഷത്തിന് സാധിച്ചിരുന്നു. ഇത്രയും മികച്ച വക്കീൽ സുഹൃത്തായിട്ടുണ്ടായിരുന്നിട്ടും ഇന്ദുചൂഡൻ എന്തുകൊണ്ട് 6 വർഷം ജയിലിൽ കിടന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ജയിലിൽ കിടക്കുമ്പോൾ ഇന്ദുചൂഡൻ ആരെയും സ്വാധീനിക്കാൻ പോയില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാൾ ജയിലിൽ കിടക്കുന്നത്. അച്ഛൻ കംപ്ലീറ്റ് ലോക്ക്ഡായി. അച്ഛന് പ്രശ്നമുണ്ടാകുമ്പോൾ അദ്ദേഹത്തെ ജയിലിൽ കേറ്റാൻ പാടില്ല.
തനിക്ക് ഒരു പ്രശ്നമുണ്ടായാൽ താൻ സഹിച്ചോളാം. പക്ഷേ അച്ഛന് പ്രശ്നമുണ്ടാവാൻ പാടില്ല. ആ സാഹചര്യത്തിലാണ് സുഹൃത്തായ നന്ദഗോപാൽ മാരാരെ ഇന്ദുചൂഡൻ സമീപിക്കുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു. കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ ക്ലബ്ബ് എഫ് എമ്മിനോടായിരുന്നു സംവിധായകന്റെ പ്രതികരണം.
അതേസമയം, കടുവയ്ക്ക് ശേഷം പഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. കാപ്പ എന്ന സിനിമയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആർ ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദം ആക്കിയുള്ളതാണ് ചിത്രം.
കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നേരത്തെ വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കാപ്പ. അതേ സമയം നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് വീണ്ടും സംവിധായകൻ ആയെത്തിയ കടുവ വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആയിരുന്നു വില്ലൻ വേഷത്തിലെത്തിയത്. സംയുകത മേനോൻ ആയിരുന്നു ചിത്രത്തിലെ നായിക.