മനസ്സിനക്കരെ എന്ന മലയാളത്തിന്റെ ഹിറ്റ് മേക്കർ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നയൻതാര. കോളേജിൽ പഠിച്ചിരുന്ന സമയത്ത് മോഡലിംഗ് ചെയ്തും, കൈരളി ടി വിയിൽ ഫോൺഇൻ പരിപാടി അവതരിപ്പിച്ചാണ് ദൃശ്യ മാധ്യമരംഗത്ത് നയൻതാര കാലെടുത്തുവെച്ചത്.
2003ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിലെത്തിയപ്പോൾ ആണ് ഡയാന മറിയം കുര്യൻ എന്ന തന്റെ പേര് താരം നയൻതാര എന്നാക്കിമാറ്റിയത്. മനസ്സിനക്കരെയിൽ ജയറാമിന്റെ നായികയായി മലയാള ത്തിലെത്തിയ നയൻതാരം 2004 ൽ താരരാജാവ് മോഹൻലാലിന്റെ നായികയായി വിസമയത്തുമ്പത്ത് എന്ന സിനിമയിലും, മോഹൻലാലിന്റെ തന്നെ സഹോദരിയായി നാട്ടുരാജാവ് എന്ന സിനിമയിലും വേഷമിട്ടു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി 2005ൽ രാപ്പകൽ എന്ന ചിത്രത്തിൽ അഭിനയിച്ചു നയൻതാര അതേ വർഷം തന്നെ തമിഴകത്തേക്കും ചേക്കേറി. ശരത് കുമാർ നായകനായ അയ്യ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ തമിഴ് അറങ്ങേറ്റം. അയ്യ സൂപ്പർഹിറ്റായി മാറിയതോടെ സാക്ഷാൽ രജനികാന്തിന് ഒപ്പം ചന്ദ്രമുഖിയിൽ നായികയായി.
ഇതോടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് താരത്തിന്റെ തലവര മാറുകയായിരുന്നു. ഇന്നും തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ് ലേഡിസൂപ്പർതാരമായി വലസുകയാണ് നടി. തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടവുമായി തുടരെ സിനിമകളിൽ അഭിനയിച്ച് വരികയാണ് നയൻതാര. ഒരേസമയം കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകളും അതോടാെപ്പം തന്നെ നായക കേന്ദ്രീകൃത ചിത്രങ്ങളിലെ നായികയായും എത്തുന്ന നയൻസിന്റെ താരമൂല്യം ഇന്ന് തെന്നിന്ത്യയിലെ പല നടൻമാരേക്കാളും മുകളിലാണ്.
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിലും നയൻതാര ഒന്നാമത് ആണ്. മലയാളത്തിൽ നല്ല സിനിമകൾ വന്നാൽ ബജറ്റ് കുറഞ്ഞ ചിത്രങ്ങളിലും നയൻതാര എത്താറുണ്ട്. 10 കോടിയാണ് ഒരു സിനിമയ്ക്ക് നയൻതാര കൈപറ്റുന്ന കുറഞ്ഞ പ്രതിഫലം. സമാന്ത, പൂജ ഹെഗ്‌ഡെ തുടങ്ങിയവരാണ് പ്രതിഫലത്തിൽ നയൻസിന്റെ തൊട്ടു പിന്നിലുള്ളത്.
അതേസമയം മലയാളത്തിൽ നല്ല സിനിമകൾ വന്നാൽ ബജറ്റ് കുറഞ്ഞ ചിത്രങ്ങളിലും നയൻതാര എത്താറുണ്ട്. ബോഡി ഗാർഡ്, ലൗ ആക്ഷൻ ഡ്രാമ, പുതിയ നിയമം, നിഴൽ തുടങ്ങിയ സിനിമകൾ നയൻതാര ഇടയ്ക്ക് മലയാളത്തിൽ ചെയ്ത സിനിമകളാണ്. ഗോൾഡ് ആണ് ഇനി നയൻതാരയുടെ പുറത്തിറങ്ങാനുള്ള മലയാള ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രൻ ആണ്.
അതേ സമയം തമിഴ് സിനിമയിലാണ് പ്രധാനമായും നയൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമയിൽ നായികയായി എത്തി 20 വർഷത്തോളം ആയിട്ടും ഇപ്പോഴുംവിജയ ക്കുതിപ്പ് തുടരുന്ന നയൻതാരയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ കരിയറിലെ ഉയർച്ച താഴ്ചകൾക്കൊപ്പം തന്നെ ജീവിതത്തിലെ വീഴ്ചകളും ഉയർച്ചകളും ഏറെയാണ്.
ആദ്യ കാലങ്ങളിൽ വിവാദങ്ങളിൽ തുടരെ എത്തപ്പെട്ടിരുന്ന നായികയാണ് നയൻതാര. തമിഴ് നടൻ ചിമ്പു, നടനും, നർത്തകനും, സംവിധായകനുമായ പ്രഭുദേവ തുടങ്ങിയവരും ആയുള്ള നടിയുടെ പ്രണയം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു സിനിമാ ലോകത്ത് വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയാണ് നടി രണ്ട് പ്രണയ ബന്ധവും അവസാനിച്ചത്.
ചിമ്പുവും നയൻതാരയും ഒരുമിച്ചുള്ള ഒരു ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് നയൻതാര ഈ ബന്ധം ഉപേക്ഷിച്ചതെന്നാണ് വിവരം. ചിമ്പുവാണ് ചിത്രം ലീക്ക് ചെയ്തതെന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിമ്പു ഇത് നിഷേധിക്കുക ആണുണ്ടായത്.
ദുബായിൽ വെച്ച് പുതിയ ക്യാമറ വാങ്ങിയപ്പോൾ എടുത്ത ചിത്രമാണിതെന്നും എങ്ങനെയോ ചിത്രം പുറത്തു വന്നത് ആണെന്നുമായിരുന്നു ചിമ്പുവിന്റെ പ്രതികരണം. നയൻതാരയെ പറ്റി പല പ്രചരണങ്ങളും നടക്കാൻ അന്ന് ഈ ചിത്രം വഴി വെച്ചിരുന്നു. എന്നാൽ അന്നത്തെ പ്രശ്‌നങ്ങൾ പിന്നീട് ഇരുതാരങ്ങളും പരിഹരിച്ച് രമ്യതയിലെത്തി.
നല്ല സുഹൃത്തുക്കളായ ചിമ്പുവും നയൻസും പിന്നീട് 2016 ൽ ഇത് നമ്മ ആള് എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുകയും ചെയ്തു. നയൻസ് പ്രഭുദേവയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയും ചെയ്തിരിക്കുന്ന സമയമായിരുന്നു ഇത്. ചിമ്പുവുമായി രമ്യതയിലായത് പോലെ തന്നെ പ്രഭുദേവയോടും നയൻസ് ക്ഷമിക്കുമോ എന്ന് അന്ന് സിനിമാ ലോകത്ത് സംസാരമുണ്ടായിരുന്നു.
ഇക്കാര്യം ചോദിച്ച ഒരു മാധ്യമ റിപ്പോർട്ടറോട് ഉടനടി നയൻതാര മറുപടി കൊടുത്തെന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ട്. ചിമ്പുവിനോട് എനിക്ക് ക്ഷമിക്കാൻ പറ്റും. പക്ഷെ നിങ്ങളീപ്പറയുന്ന ആളോട് (പ്രഭുദേവ) ക്ഷമിക്കാനാവില്ലെന്നും ഒരുമിച്ച് സിനിമകൾ ചെയ്യില്ലെന്നും നയൻതാര പറഞ്ഞു എന്നായിരുന്നു റിപ്പോർട്ട്.
അതേ സമയം നയൻതാരയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവമായിരുന്നു പ്രഭുദേവയുമായുള്ള വേർപിരിയൽ. വിവാഹത്തിന്റെ വക്കിൽ വരെയെത്തിയ ബന്ധം പിന്നീട് ഇരുവരും ഉപേക്ഷിക്കുകയായിരുന്നു. സിനിമാ അഭിനയം നിർത്തി പ്രഭുദേവയോടൊപ്പം ജീവിക്കാനൊരുങ്ങുകയായിരുന്നു നയൻതാര.
ഇതിനിടെ പ്രഭുദേവ ഭാര്യ റംലത്തിൽ നിന്നും വിവാഹ മോചനവും നേടിയിരുന്നു. പക്ഷെ ഇതിന് ശേഷം കുറച്ചു നാളുകൾക്ക് ഉള്ളിൽ തന്നെ നയൻതാര പ്രഭുദേവ ബന്ധവും അവസാനിച്ചു. ശേഷം പാടെ തകർന്ന നയൻതാര കേരളത്തിൽ മാതാപിതാക്കളുടെയടുത്ത് താമസമാക്കുകയും ചെയ്തു.
പിന്നീട് 2013 ലാണ് നയൻതാര സിനിമാ രംഗത്തേക്ക് തിരിച്ചു വരുന്നത്. പ്രഭുദേവയുടെ പേര് നയൻതാര പ്രണയകാലത്ത് കൈയിൽ പച്ച കുത്തിയിരുന്നു. ഇദ്ദേഹത്തെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു നയൻതാര മതം മാറിയതെന്നും അന്ന് വാർത്തകൾ ഉണ്ടായിരുന്നു.