തെന്നിന്ത്യയിൽ ആകെമാനം ആരാധകരുള്ള സൂപ്പർസ്റ്റാറാണ് തമിഴകത്തിന്റെ ദളപതി വിജയ്. നിരന്തരം ബംപർ ഹിറ്റുകൾ സമ്മാനിക്കുന്ന വിജയിയ്ക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. ഒരു അന്യഭാഷാ നടന് കേരളത്തിലുള്ള അരാധരുടെ കണക്കെടുത്താൽ ഒന്നാം സ്ഥാനത്ത് വിജയ് ആണ്.
മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന അറുപത്തഞ്ചാം ചിത്രം എആർ മുരുകദാസ് സംവിധാനം ചെയ്ത് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുമെന്ന് വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിജയ് ഈ സിനിമയ്ക്കായി പ്രതിഫലം വെട്ടിക്കുറച്ചു എന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ.
കോവിഡ് പ്രതിസന്ധി മുലം സിനിമാരംഗത്തുള്ള നിലവിലെ സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് സിനിമയുടെ നിർമ്മാതാക്കളെ സഹായിക്കുന്നതിനായി വിജയ് തന്റെ പ്രതിഫലത്തിൽ നിന്ന് 20 കോടി രൂപ വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
എ ആർ മുരുകദാസ് വിജയ് കൂട്ടുകെട്ടിൽ കത്തി, തുപ്പാക്കി, സർക്കാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ വെന്നിക്കൊടി പാറിച്ചിരുന്നു. അതിനാൽ തന്നെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ഈ ചിത്രം. നേരത്തേ, സംവിധായകൻ മുരുഗദോസിന്റെ പ്രതിഫലം സൺ പിക് ചേഴ്സ് കുറച്ചിരുന്നു.
രജനികാന്തിനെ നായകനാക്കി ദർബാർ ചെയ്യുമ്പോൾ മുരഗദോസിന്റെ പ്രതിഫലം 35 കോടി രൂപയായിരുന്നു . എന്നാൽ ദർബാർ പരാജയമാവുകയും കൊവിഡ് പ്രതിസന്ധി പൊട്ടിപ്പുറപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മുരുഗദോസിന്റെ പ്രതിഫലം അമ്പത് ശതമാനം വെട്ടിക്കുറച്ചാണ് സൺ പിക് ചേഴ്‌സ് കരാർ ഒപ്പിട്ടതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
അതേ സമയം വിജയ് പ്രതിഫലം കുറച്ചതിനെ തമിഴ് സിനിമാലോകവും ആരാധകരും കൈയ്യടിച്ചാണ് സ്വീകരുക്കുന്നത്. ഇതിനോടകം വിജയിയെ അഭിനന്ദിച്ച് സിനിമാ രംഗത്തെ പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.