സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നായികയായിരുന്നു സംയുക്ത വർമ്മ. ആദ്യ ചിത്രത്തിലെ അഭിനയ ത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയെടുത്ത സംയുക്ത വർമ്മ പക്ഷേ വളരെ കുറച്ചു കാലം മാത്രമേ സിനിമാ രംഗത്ത് ഉണ്ടായിരുന്നുള്ളു.
വീണ്ടും ചില വീട്ടുകാര്യങ്ങളുടെ തകർപ്പൻ വിജയത്തിന് ശേഷം ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിലും അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങളിലും നടി നിറഞ്ഞുനിന്നു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിലെ സംയുക്തയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഏതാണ്ട് 4 വർഷം മാത്രമാണ് സംയുക്ത സിനിമാ രംഗത്ത് ഉണ്ടായിരുന്നത്.
ആ നാല് വർഷം കൊണ്ട് പതിനെട്ട് സിനിമകൾ ചെയ്യുകയും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കുകയും ചെയ്തു. കുബേരനാണ് സംയുക്ത വർമ്മ നായികയായി അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടൻ ബിജു മേനോനുമായി പ്രണയത്തിലായ നടി അദ്ദേഹത്തെ വിവാഹം കഴിച്ചതോടെ സിനിമാ രംഗത്ത് നിന്നും മാറിനിൽക്കുകയായിരുന്നു. 2002ൽ ആയിരുന്നു സംയുക്ത വർമ്മയും ബിജു മേനോനുമായുള്ള വിവാഹം. ഇടയ്ക്ക് ചില ഫോട്ടോഷൂട്ടുകളിലും പരസ്യ ചിത്രങ്ങളിലും മാത്രമേ താരം മുഖം കാണിച്ചിട്ടുള്ളൂ.
കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്ത് സിനിമാതിരക്കുകളിൽ നിന്നും പൂർണ്ണായി വിട്ടുനിൽക്കുകയാണ് താരം. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ പുതിയ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളെ കുറിച്ച് തുറന്നു പറയുന്ന സംയുക്തയുടെ ഒരു പഴയകാല അഭിമുഖം ആണ് സംയുക്തയുടെ സിനിമാജീവിതം ആരംഭിച്ച കാലത്തുള്ള ഒരു അഭിമുഖമാണിത്.
ഓർബിറ്റ് വീഡിയോ വിഷൻ ആണ് നടിയുമായുള്ള ഈ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ ഗ്ലാമറസ്സ് ആകുന്നതിനെ കുറിച്ചും താരത്തിന്റെ തമിഴ് സിനിമാ രംഗപ്രവേശനത്തെ കുറിച്ചുമായിരുന്നു അവതാരകന്റെ ചോദ്യം. എന്നാൽ വളരെ പക്വതയോടെയും പ്രസക്തമായതുമായ കാര്യങ്ങളാണ് സംയുക്ത വർമ്മ പറഞ്ഞത്.
ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സ് ആകുന്നതിൽ ഞാൻ തെറ്റുകാണുന്നില്ല. പക്ഷെ, മേനി പ്രദർശനത്തിന് ആയി മാത്രം അങ്ങനെ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. സത്യത്തിൽ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തിൽ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാൻ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്.
മലയാള നടിമാർ അന്യഭാഷയിലേക്ക് ചേക്കേറുന്നതിനെ കുറിച്ചും സംയുക്ത വർമ്മ അഭിപ്രായം പറയുന്നുണ്ട്. അവർ ഇന്ന് കേരളത്തിൽ മാത്രമല്ല, തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരങ്ങളായില്ലേ, മലയാളത്തിൽ നിന്നു പോയി മറ്റൊരു ഭാഷയിൽ തിളങ്ങാൻ പറ്റുന്നത് വലിയൊരു കാര്യമാണ്. ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്. അതുകൊണ്ട് വിമർശനങ്ങളെ അങ്ങനെ എടുത്താൽ മതിയെന്നും നടി പറഞ്ഞിരുന്നു.
അതേസമയം താൻ മലയാളത്തിൽ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണെന്നും സംയുക്ത പറയുന്നുണ്ട്. ഗ്ലാമറസ്സായുള്ള റോളുകൾ ചെയ്യാൻ തീരെ താത്പര്യമില്ലെന്നും സംയുക്ത വ്യക്തമാക്കുന്നു.
അതേ സമയം വർഷങ്ങൾക്ക് മുമ്പ് നൽകിയ ആ അഭിമുഖത്തിൽ വളരെ പക്വതയോടെ ഉചിതമായ മറുപടി നൽകിയ സംയുക്തയ്ക്ക് കയ്യടിക്കുകയാണ് പ്രേക്ഷകർ. സംയുക്തയുടെ മറുപടിയെ അഭിനന്ദിച്ച കമന്റുകളാണ് വീഡിയോയുടെ കമന്റ് ബോക്സുകൾ നിറയെ വരുന്നത്.
ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം പൂർണ്ണമായും കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയാണ് സംയുക്ത അഭിനയത്തിൽനിന്ന് വിട്ടു നിൽക്കുന്നത്. ഇടയ്ക്ക് സംയുക്ത സിനിമയിലേക്ക് തിരികെ വരുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പരസ്യചിത്രങ്ങളിൽ അഭിനയിച്ചാണ് താരം തന്റെ സാന്നിദ്ധ്യം അറിയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സംയുക്ത വർമ്മ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.