നായകനായി എത്തിയെങ്കിലും തുടക്കകാലത്ത് ചെറിയ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും ഒതുക്കപ്പെട്ട നടൻ ആയിരുന്നു ബിജു മേനോൻ. എന്നാൽ വീണ്ടും നായകനിരിലേക്ക് ഉയർന്ന് ഇപ്പോൾ മലയാള സിനിമയിൽ വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ബിജു മേനോൻ.
മലയാളികളുടെ പ്രിയപ്പെട്ട നടനും ബിജെപി നേതാവും ആണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. അദ്ദേഹവും വില്ലൻ വേഷങ്ങളിലൂടേയും ചെറിയ വേഷങ്ങളിലൂടെയും ആയിരുന്നു ഉയർന്ന് വന്നത്. പിന്നീട് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായി സുരേഷ് ഗോപി മാറിയിരുന്നു.
ഇപ്പോൾ ബിജുമേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത് ഗരുഡ എന്നാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മ എന്ന സംവിധായകൻ ആണ്.
ഏറെ പ്രതീക്ഷയോടെ ആണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു ലീഗൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. നിയമങ്ങളെ കീറിമുറിച്ച് ഉള്ള അവതരണത്തിലൂടെ ഈ ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെടാനും പുതുമ സമ്മാനിക്കാനും സാധ്യതയുണ്ടെന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
എന്നാൽ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തു വിടാൻ അണിയറ പ്രവർത്തകർ തയ്യാറായില്ല. മേജർ രവിയുടെ കൂടെ സംവിധാന സഹായിയായി പ്രവർത്തിച്ച് ആൾ കൂടിയാണ് അരുൺ വർമ്മ. ഏറെ നാളുകൾക്കു ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചുള്ള ഒരു മലയാള സിനിമ. ഇവരുടെ കോംബോ എങ്ങിനെ ഉണ്ടാകും എന്ന കാത്തിരിപ്പിലാണ് ആരാധകർ.
നടി അഭിരാമി ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാക്കും. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മിഥുൻ മാനുവൽ തോമസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
കഥ ജിനേഷ് എം, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനിസ് നാടോടി, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, മേക്കപ്പ് റോണക്സ് സേവ്യർ കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, ആക്ഷൻ ബില്ലാ ജഗൻ.