രണ്ടു വരവിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന മലയാളത്തിന്റെ ലേഡി സൂപ്പർതാരമാണ് മഞ്ജു വാര്യർ. ആദ്യവരവിൽ കരുത്തുറ്റ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മഞ്ജു വിവഹാത്തിനും വിവാഹമോചനത്തിനും 14 വർഷത്തെ ഇടവേളയ്ക്കും ശേഷം റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾ ആർ യൂവിലൂടെ തിരിച്ചെത്തിതുടർന്നും വ്യത്യസ്ത തരം സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു.
മലയാളത്തിലെ സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളിൽ അഭിനയിച്ച മഞ്ജു തമിഴകത്ത് ധനുഷിന് ഒപ്പവും വേഷമിട്ട് അവിടെയും തിളങ്ങിയിരുന്നു. നായികാ വേഷങ്ങൾക്കൊപ്പം തന്നെ കേന്ദ്ര കഥാപാത്രമായുളള സിനിമകളുടെയും ഭാഗമായി താരം. അതേസമയം ഒരു അഭിമുഖത്തിൽ തന്റെ അമ്മയെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങൾ വൈറലായി മാറിയിരന്നു.
അച്ഛന്റെ മരണശേഷം വല്ലാതെ ഒറ്റപ്പെട്ടുപോയ അമ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നതിനെ കുറിച്ചാണ് അഭിമുഖത്തിൽ മഞ്ജു വാര്യർ മനസുതുറന്നത്. അച്ഛൻ ഞങ്ങളെ വിട്ടുപോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു എന്ന് നടി പറയുന്നു. അച്ഛനും അമ്മയും ഒരുമിച്ച് അല്ലാതെ ഒരിക്കലും ഞാൻ കണ്ടിട്ടേയില്ല. എന്ത് കാര്യത്തിനും എവിടെ പോകാനും രണ്ടുപേരും ഒരുമിച്ചായിരുന്നു.
അങ്ങനെയൊരാൾ പെട്ടെന്ന് നമ്മളെ വിട്ടുപോയി കഴിയുമ്പോൾ ഏതൊരാളും തളർന്നുപോകും. അച്ഛനില്ലാത്ത വീടും ജീവിതവും എനിക്ക് ചിന്തിക്കാൻ പറ്റിയിരുന്നില്ല. അതിന് ശേഷം ഷൂട്ടിങ്ങിനൊക്കെ പോകേണ്ടി വരുമ്പോൾ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താൻ തുടങ്ങിയിരുന്നു. പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം അമ്മ തന്നെ സ്വയം ഇഷ്ടമുളള കാര്യങ്ങൾ കണ്ടെത്തി അതിൽ മുഴുകി.
സന്തോഷവതിയായി കരുത്തോടെ മുന്നോട്ട് പോയി. അമ്മയിങ്ങനെ ആക്ടീവായി ഇരിക്കുന്നത് കാണുമ്പോൾ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിയുമ്പോൾ എനിക്ക് ദൂരെ സ്ഥലങ്ങളിൽ പോലും സമാധാനത്തോടെ ഷൂട്ടിംഗിന് പോകാൻ കഴിയുന്നു. ഇപ്പോൾ അമ്മ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയും ആരാധനയോടെ നോക്കികൊണ്ടിരിക്കുന്ന കുട്ടിയാണ് ഞാൻ.
അമ്മ വീണ്ടും എഴുതിതുടങ്ങിയത് വലിയ സന്തോഷം തരുന്ന കാര്യമാണെന്നും മഞജു വാര്യർ പറഞ്ഞു. ഇപ്പോൾ എഴുത്ത് മാത്രമല്ല, അമ്മയുടെ അല്ലാതെയുളള ആഗ്രഹങ്ങളൊക്കെ നടക്കുന്നുണ്ട്. കഥകളി പഠിക്കാൻ തുടങ്ങി, ഇതിൽ നിന്നൊക്കെ എനിക്ക് വലിയ പ്രചോദനം കിട്ടുന്നുണ്ട്. ഇഷ്ടമുളള കാര്യങ്ങൾ ചെയ്യാൻ പ്രായം തടസ്സമല്ലെന്ന് ഞാനല്ല എന്റെ അമ്മയാണ് ഇപ്പോൾ തെളിയിച്ചുകാണിച്ചിരിക്കുന്നത്.
അമ്മയാണ് എന്നെക്കാൾ വലിയ പ്രചോദനം. ജീവിതത്തിൽ അമ്മയാണ് എനിക്ക് ലേഡീ സൂപ്പർസ്റ്റാർ. സ്തനാർബുദം വന്നപ്പോൾ അമ്മ മനശ്ശക്തി കൊണ്ടാണ് അതിനെ തരണം ചെയ്തത്. അതിന് ശേഷം പഴയതിലും സന്തോഷവതിയായി. പഴയതിലും സുന്ദരമായും ജീവിതത്തിലേക്ക് തിരിച്ചുവന്നു അമ്മ എന്നും അഭിമുഖത്തിൽ മഞ്ജു വാര്യർ പറയുന്നു.