തമിഴകത്തിന്റെ യൂവസൂപ്പർതാരം കാർത്തി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സുൽത്താൻ.
ഏപ്രിൽ രണ്ടിന് റിലീസ് ചെയ്ത ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ്. മലയാളി താരം ലാലും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ബാക്യരാജ് കണ്ണനാണ് സുൽത്താന്റെ തിരക്കഥയും സംവിധാനവും. മറ്റ് ആക്ഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നായിക കഥാപാത്രത്തിന് പ്രധാന്യമുള്ള ചിത്രമാണ് സുൽത്താൻ എന്നാണ് നടൻ കാർത്തി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കാർത്തി മനസ്സു തുറന്നത്.
രശ്മിക മന്ദാനയുടെ ആദ്യ തമിഴ് ചിത്രമാണ് സുൽത്താൻ. ആക്ഷൻ സിനിമയിലെ നായിക എന്നാൽ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുൽത്താനിൽ അങ്ങനയെല്ല. രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ട്. വളരെ ശക്തയായ കഥാപാത്രമാണത് എന്നാണ് കാർത്തി പറയുന്നത്.
ഒരു ഗ്രാമീണ പെൺകുട്ടിയായാണ് രശ്മിക വേഷമിടുന്നത്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാൽ കറക്കണമെന്നോ ട്രാക്ടർ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവർ ചെയ്യും. ഇതൊന്നും താൻ ഇതുവരെ ചെയ്തിട്ടില്ല.
ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല എന്നെല്ലാം രശ്മിക പറയും. കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വർക്കിൽ വളരെ സിൻസിയറാണ് രശ്മിക. കട്ട് പറഞ്ഞാൽ രശ്മിക ക്യാമറുടെ അടുത്തേക്ക് പോവുകയും ചെയ്യും. ദയവ് ചെയ്ത് ഷോട്ടിനുള്ളിൽ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ പറയേണ്ടി വരും എന്നാണ് നടിയെ കുറിച്ച് കാർത്തി പറയുന്നത്.
അതേ സമയം ലാൽ, നെപ്പോളിയൻ, കാമരാജ്, യോഗി ബാബു തുടങ്ങിയ സഹതാരങ്ങളെല്ലാം സുൽത്താനിൽ കിടിലൻ പെർഫോമൻസാണ് കാഴ്ചവെച്ചിരിക്കുന്നത്. മലയാള സിനിമയിൽ പോലും ലാലിനെ ഇതുപോലൊരു വേഷത്തിൽ കണ്ടിട്ട് നാളേറെയായിരിക്കുന്നു എന്നാണ് ഉയരുന്ന ആഭിപ്രായം.