ഇത് മമ്മൂട്ടി ചെയ്യേണ്ട റോളാണ് എന്നെ ഏൽപ്പിക്കാൻ നിങ്ങൾക്ക് വട്ടുണ്ടോ? അവിസ്മരണീയമാക്കിയ തന്റെ ഹിറ്റ് കഥാപാത്രത്തെകുറിച്ച് ആദ്യം കേട്ടപ്പോൾ സലിം കുമാർ പറഞ്ഞത് വെളിപ്പെടുത്തി സംവിധായകൻ

86

തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ ലാൽ ജോസ്. മമ്മൂട്ടി നായകനായ ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്ര സംവിധായകനായി തുടങ്ങിയ ലാൽ ജോസിന്റെ കരിയറിൽ ഏറെ വേറിട്ട് നിൽക്കുന്ന സിനിമകളിൽ ഒന്നാണ് 2006ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട്.

ബാബു ജനാർദ്ദനൻ രചന നിർവഹിച്ച ചിത്രത്തിൽ സലിം കുമാർ ആയിരുന്നു ലീഡ് റോൾ ചെയ്തത്. സംവൃത സുനിൽ, മുക്ത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരെ അമ്പരപ്പെടുത്തിയ പ്രധാന കാര്യങ്ങളിൽ ഒന്ന് ആ സിനിമയുടെ കാസ്റ്റിംഗ് തന്നെയായിരുന്നു.

Advertisements

തമാശ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കൈയ്യടി നേടികൊണ്ടിരുന്ന സമയത്തായിരുന്നു സലിം കുമാർ എന്ന നടന് അത്തരമൊരു വേഷം അപ്രതീക്ഷിതമായി വീണുകിട്ടിയത്. ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രമായി സലിം കുമാറിനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ലാൽ ജോസ് ഇപ്പോൾ.

ലാൽജോസിന്റെ വാക്കുകൾ

അച്ഛനുറങ്ങാത്ത വീടിലെ സാമുവൽ എന്ന കഥാപാത്രത്തെക്കുറിച്ച് ബാബു ജനാർദനൻ പറഞ്ഞപ്പോൾ ആ കഥാപാത്രം ആര് ചെയ്യണമെന്ന് അപ്പോൾ ആലോചിച്ചിട്ടില്ല. പക്ഷെ എങ്ങനെയായിരിക്കണം സാമുവലിന്റെ രൂപം എന്നത് ഞാനും ബാവും കൂടി ഇങ്ങനെ വെറുതെ സംസാരിച്ചു.

അപ്പോൾ ഞാൻ പറഞ്ഞു അയാൾക്ക് കട്ടിയുള്ള ഒരു ബ്ലാക്ക് ഫ്രെയിം കണ്ണാടിയുണ്ടാകും കട്ടി മീശയുണ്ടാകും, സാൾട്ട് ആൻഡ് പെപ്പർ മീശ യായിരിക്കും. കഷണ്ടിയുണ്ടാകും, നെറ്റി ഇങ്ങനെ കയറിയ നെറ്റിയാകും, അയാളുടെ പോക്കറ്റിൽ ലീക്കടിക്കുന്ന ഒരു പെൻ ഉണ്ടാകും. ഇൻഷർട്ട് ആയിരിക്കും, പക്ഷെ കാലിൽ ബാറ്റയുടെ ചെരുപ്പ് ആയിരിക്കും. ഞാൻ ഒറ്റപ്പാലത്ത് കണ്ടിട്ടുള്ള ഒരുപാട് ആളുകളുടെ വേഷരീതിയുണ്ട് അതായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്നത്.

ഞാൻ ഇത് പറയുമ്പോൾ തന്നെ ബാബു അത് സ്‌കെച്ച് ചെയ്തിട്ട് എന്നെ കാണിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. ഇത് കണ്ടാൽ നമ്മുടെ സലിം കുമാറിന്റെ സാദൃശ്യം ഉണ്ടെന്ന്. ബാബുവാണ് ആദ്യം സലിം കുമാറിനെ വിളിച്ചിട്ട് ഈ കാര്യം പറഞ്ഞത്. അപ്പോൾ സലിം എന്നെ വിളിച്ചു പറഞ്ഞു. ‘നിങ്ങൾക്ക് വട്ടുണ്ടോ? മമ്മൂട്ടിയൊക്കെ ചെയ്യേണ്ട ടൈപ്പ് റോൾ ഇവിടെ കോമഡി കളിച്ചു നടക്കുന്ന എന്നെ ഏൽപ്പിക്കാൻ’ എന്ന്.

ഞാൻ പറഞ്ഞു, ‘നീ ആ കഥ കേൾക്കൂ, ചെയ്യാൻ നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ നീ പേടിക്കണ്ട. നിനക്ക് തരാൻ വലിയ പൈസ ഒന്നും ഞങ്ങളുടെ അടുത്ത് ഉണ്ടാകില്ല. ഇതൊരു ചെറിയ ബഡ്ജറ്റ് സിനിമയാണ്’ എന്നൊക്കെ ഞാൻ അവനോട് പറഞ്ഞു. ഒടുവിൽ സലിം കഥ കേട്ടു.

കഥ കേട്ട് കഴിഞ്ഞപ്പോൾ അവൻ വല്ലാതെ ഇമോഷണലായി. ഈ റോൾ എന്നെ ഏൽപ്പിക്കാൻ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ പ്രശ്‌നമെന്ന് സലിം പറഞ്ഞതോടെ സാമുവലായി സലിം കുമാറിനെ തീരുമാനിക്കുകയായിരുന്നുവെന്ന് ലാൽജോസ് പറഞ്ഞു നിർത്തി.

അതേ സമയം ഒരു യഥാർത്ഥ സംബവുമായി ബന്ധമുള്ള സിനിമ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ചിത്രത്തിലെ സലിംകുമാറിന്റെ കഥാ പാത്രത്തെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Advertisement