അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെയെത്തി മലയാളത്തിന്റെ സ്വന്തം റൊമാന്റിക് ഹീറോയായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. ആവർത്തന വിരസതയുള്ള കഥാപാത്രങ്ങൾ കാരണം ഇടയ്ക്ക് ഒന്നു മങ്ങലേൽറ്റതിനെ തുടർന്ന് കരിയറിനിടയ്ക്ക് ബ്രേക്ക് എടുത്ത് പിന്നീട് മടങ്ങി എത്തിയപ്പോഴും മലയാളികൾ ഇരു കൈയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടൻ. നിരവധി ചിത്രങ്ങളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടൻ രംഗത്ത് എത്താറുണ്ട്. ഒരുകാലത്ത് കേരളത്തിയ പെൺകുട്ടികളുടെ മനം കവർന്ന താരത്തിന്റെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ ആയിരുന്നു. വിവാഹശേഷം സന്തോഷകരമായ ദാമ്പാത്യ ജീവിതം നയിക്കുകയാണ് ഇരുവരും
കുഞ്ചാക്കോ ബോബനും പ്രിയയും 2005 ലാണ് വിവാഹിതരാവുന്നത്. 2019ലാണ് ഇരുവർക്കും ഒരു മകൻ പിറന്നത്. ഇസഹാക്ക് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഇസക്കുട്ടന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം കുഞ്ചാക്കോ ബോബൻ എപ്പോഴും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ ഭാര്യ പ്രിയയെ ആദ്യമായി കണ്ടുമുട്ടിയ ഓർമ്മകൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ തന്റെ മനസ് തുറന്നത്.
അതേ കുറിച്ച് കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ:
അതൊരു ഫാൻ ഗേൾ മൊമന്റ് ആയിരുന്നു. നക്ഷത്രത്താരാട്ട് സിനിമ ചെയ്യുന്ന സമയത്ത് ഞാൻ തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൽ താമസിക്കുന്നു. അന്ന് ഇതുപോലെ സെൽഫി, ഫോൺ പരിപാടികൾ ഒന്നുമില്ല. മാർ ഇവാനിയോസ് കോളേജിലെ പിള്ളേർ കാണാൻ വന്നിട്ടുണ്ട്, ഓട്ടോഗ്രാഫ് വേണമെന്ന് റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞു.
ഞാൻ റിസപ്ഷനിൽ എത്തിയപ്പോൾ അവിടെ കുറച്ചു സുന്ദരികളായ പെൺകുട്ടികൾ നിൽക്കുന്നു. എല്ലാവർക്കും ഓട്ടോഗ്രാഫൊക്കെ കൊടുത്തു. പെട്ടെന്ന്, അതിലൊരു കുട്ടിയുടെ കണ്ണുകളിൽ എന്റെ കണ്ണുടക്കി. ഇപ്പോഴും ഓർമ്മയുണ്ട്, പാമ്പിന്റെ സ്റ്റൈലിൽ ഉള്ളൊരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത്.
അതെന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ പ്രിയയ്ക്ക് എന്റെ മൊബൈൽ ഫോൺ നമ്പർ കിട്ടി. നിർമ്മാതാവായ ഗാന്ധിമതി ബാലന്റെ മകൾ പ്രിയയുടെ സുഹൃത്താണ്. എന്റെ നമ്പർ അവിടെ നിന്നാണ് അവൾ സംഘടിപ്പിച്ചത്. പതിയെ പതിയെ അതൊരു സൗഹൃദമായി മാറി.
പ്രിയയുടെ വീട്ടുകാർക്ക് ആദ്യം പേടിയുണ്ടായിരുന്നു. സിനിമാക്കാരനൊക്കെ ആയതുകൊണ്ട് പറഞ്ഞു പറ്റിക്കാനുള്ള പരിപാടിയാണോയെന്ന്. അന്ന് പ്രിയ പ്രി ഡിഗ്രിക്ക് പഠിക്കുന്നതേയുള്ളൂ, കൊച്ചുകുട്ടിയാണ്. വേറെ ആരെയും പ്രേമിക്കാൻ ഞാൻ സമയം കൊടുത്തില്ല.
പ്രിയയ്ക്ക് എൻജിനീയറിങ് പഠിക്കണമെന്നുണ്ടായിരുന്നു, അതിനു സമയം വേണമായിരുന്നു. പഠനം കഴിയുന്നത് വരെ ഞാൻ കാത്തിരുന്നു, അങ്ങനെയാണ് വിവാഹം സംഭവിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.