അതെ ഓപ്പറേഷൻ ജാവ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന സിനിമയാണ്. ഒരുതരി ചോരവീഴാതെ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന സൈബർ ക്രൈമുകളെക്കുറിച്ചുള്ള സിനിമ. സൈബർ കുറ്റകൃത്യങ്ങളിലൂടെ കഥ പറഞ്ഞ് മലയാള സിനിമക്ക് പുതിയൊരു ആഖ്യാനം നൽകിയിരിക്കുകയാണ് ഓപ്പറേഷൻ ജാവയിലൂടെ സംവിധായകൻ തരുൺ മൂർത്തി.
സംവിധായകൻ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. ബിടെക്ക് കഴിഞ്ഞ് ജോലിയില്ലാതെ നടക്കുന്ന ആന്റണിയും വിനയദാസനുമാണ് ഈ ‘ഓപ്പറേഷനിലെ’ പ്രധാനതാരങ്ങൾ. 2015ൽ പുറത്തിറങ്ങിയ പ്രേമം സിനിമയുടെ സെൻസർ കോപ്പി ചോർന്ന കേസിൽ കേരള പൊലീസിന്റെ സൈബർസെല്ലിനെ സഹായിക്കുന്ന നിർണായ തെളിവു നൽകുന്നതോടെ ആന്റണിയും വിനയദാസനും സൈബർ സെല്ലിൽ താൽക്കാലിക ജീവനക്കാരായി മാറുന്നു.
അവിടെ നിന്നും ആരംഭിക്കുന്ന കഥ പിന്നീട് ഓൺലൈൻ തട്ടിപ്പ്, ആളുകളുടെ വ്യക്തി വിവരം ചോർത്തൽ, വിദേശത്ത് ജോലി തട്ടിപ്പ്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി കേസുകളിലൂടെ കടന്നുപോകുന്നു. ഈ കുറ്റകൃത്യങ്ങളിൽ സൈബർസെല്ലിന്റെ അന്വേഷണ രീതിയും സഹായങ്ങളുമാണ് ചിത്രത്തിലൂടെ സംവിധായകൻ കാണിച്ചുതരുന്നത്.
ഇതിൽ മാസ് ഡയലോഗുകൾ ഇല്ല, ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളില്ല, എന്നിട്ടും ഈ സിനിമ പ്രേക്ഷകരെ പൂർണ്ണമായും ത്രില്ലടിപ്പിക്കും. ഒരു വർഷം നീണ്ട റിസർച്ചിൽ തയ്യാറാക്കിയ സ്‌ക്രിപ്റ്റ് അതാണ് ഇതിന്റെ വിജയം. കഥാപാത്രങ്ങൾക്കനുസരിച്ച അഭിനേതാക്കളെ തിരഞ്ഞെടുത്തതിൽ സംവിധായകനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഏറ്റവും കൈയ്യടി നേടിയത് ബിനു പപ്പുവാണ്. ബാലു വർഗീസ് ലുക്ക്മാൻ എന്നിവരാണ് പ്രധാനതാരങ്ങളെങ്കിലും ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്‌പേസ് ചിത്രത്തിലുണ്ട്. ബാലുവർഗീസിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ഇതിലേത്. ഉണ്ടക്കുശേഷം ലുക്ക്മാനും ഞെട്ടിക്കുന്നുണ്ട്.
സാങ്കേതികമായും ചിത്രം മുന്നിട്ടുനിൽക്കുന്നു. ഫായിസ് സിദ്ദിഖിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ എഡിറ്റിങും മികച്ചു നിൽക്കുന്നു. ജോയ് പോൾ എഴുതിയ വരികൾക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. ജേക്‌സ് ബിജോയ്യുടെ പശ്ചാത്തലസംഗീതം സിനിമയുടെ ഡാർക് മൂഡ് നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു.
വിഷ്ണു, ശ്രീ ശങ്കർ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. കുറ്റ്വാനേഷണ സിനിമയാണെങ്കിൽ കൂടി ഈ ചിത്രം കേരളത്തിൽ തൊഴിലില്ലാതെ അലയുന്ന അഭ്യസ്ഥവിദ്യരായ എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളിലൂടെ അവരുടെ ജീവിതത്തെ പ്രേക്ഷകരുമായി സംവിധായകൻ ബന്ധപ്പെടുത്തുന്നു.