നാൽപതോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടന വിസ്മയം മോഹൻലാൽ. മലയാളത്തിന്റെ സ്വന്തം താരരാജാവായ മോഹൻലാലിനെ തേടി ഇതിനോടകം ഒന്നിലധികം ദേശീയ പുരസ്‌കാരങ്ങളും നിരവധി സംസ്ഥാന അവാർഡുകളും എത്തിയിട്ടുണ്ട്.
എന്നാൽ 2011 ലെ ദേശീയ പുരസ്‌കാരത്തിൽ നിന്ന് മോഹൻലാൽ തഴയപ്പെട്ടത് ഏറെ വിചിത്രമായ ഒരു കാരണത്താലായിരുന്നു.ക്ലാസ്സിക് ഡയറക്ടർ ബ്ലെസി സംവിധാനം ചെയ്തു മോഹൻലാൽ ഗംഭീര മേക്കോവർ നടത്തിയ സിനിമയായിരുന്നു പ്രണയം. മാത്യൂസ് എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ എത്തിയത്.
അതേ സമയം മാത്യൂസ് എന്ന വൃദ്ധ കഥാപാത്രമായി അഭിനയത്തിന്റെ അത്ഭുതം നിറച്ച മോഹൻലാലിനെ ആ വർഷത്തെ ദേശീയ പുരസ്‌കാരത്തിന്റെ മികച്ച നടന് നൽകുന്ന പട്ടികയിൽ നിന്ന് പുറത്താക്കിയത് അന്തിമ ഘട്ടത്തിലാണ്. അതിന്റെ കാരണമായി അവാർഡ് നിർണയത്തിലെ വിധി കർത്താക്കൾ പറഞ്ഞത് മോഹൻലാലിനു സിനിമയിൽ സ്‌ക്രീൻ സ്പേസ് കുറവായിരുന്നു എന്നതായിരുന്നു.
ബോളിവുഡ് താരങ്ങളായ അനുപം ഖേർ, ജയപ്രദ എന്നിവർക്കൊപ്പമുള്ള ഒരു കഥാപാത്ര ആഴം മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രതിനില്ലെന്ന പ്രധാന ജൂറിയുടെ തീരുമാനം എല്ലാവരും അംഗീകരിച്ചതോടെ മോഹൻലാലിന് അവാർഡ് നിഷേധിക്കപ്പെടുകയായിരുന്നു. ബ്ലെസ്സി ഉൾപ്പടെയുള്ളവർ അന്ന് ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
ഒരു നടൻ ഒരു സെക്കന്റ് നേരം ക്യാമറയിൽ മിന്നി മറയുമ്പോൾ അയാളുടെ പ്രകടനം എന്തായിരുന്നു എന്നുള്ളതിനെ അടിസ്ഥാനമാക്കി പോലും അവാർഡ് നൽകേണ്ടതായ ആവശ്യകതയുള്ളപ്പോൾ ഇത്തരമൊരു കഥാപാത്രത്തിന് സ്‌ക്രീൻ സ്പേസ് കുറവാണെന്ന് പറഞ്ഞു മാറ്റി നിർത്തിയ സാഹചര്യത്തെയായിരുന്നു ബ്ലെസ്സി അന്ന് വിമർശിച്ചത്.
മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയ മൂഹൂർത്തങ്ങൾ പ്രകടമായ സിനിമയായിരുന്നു പ്രണയം. ബോളിവുഡ് സുന്ദരി ജയപ്രദയായിരുന്നു ഈ സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തിയത്. മനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകയായിരുന്നു.