ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർസിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു.
എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിയുകയായിരുന്നു.
ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോളിതാ മകളെ വളർത്തുന്നതിനെക്കുറിച്ചും സിംഗിൾ പേരന്റിങിനെക്കുറിച്ചും തുറന്നുപറയുകയാണ് അമൃത.
വിവാഹ ജീവിതത്തിൽ മുന്നേറാനായിരുന്നെങ്കിൽ സിംഗിൾ പാരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു. അതിന് കഴിയാത്തതിനാൽ ആണ് ഇത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമം നടത്തുന്നത്. മകൾക്കുവേണ്ടി അച്ഛന്റേയും അമ്മയുടേയും കടമകൾ ഞാൻ നിർവ്വഹിക്കേണ്ടതുണ്ട്. അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഞാൻ തന്നെ നൽകണം.
അത് പറയുന്നത്ര എളുപ്പമല്ല. നമ്മുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാനും മക്കൾ പാകപ്പെടുമെന്ന് തോന്നുന്നു. പാപ്പുവിന് അത് മനസ്സിലാകുന്നുണ്ട്. പാപ്പു കംഫർട്ടബിൾ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ശീലിപ്പിക്കാറുണ്ട്. സമ്മർദ്ധം ഉണ്ടാക്കാൻ ശ്രമിക്കാറില്ല. നോ പറയാനും യെസ് പറയാനും ഉള്ള സ്വാതന്ത്ര്യം നൽകിയാണ് അവളെ വളർത്തുന്നത്.
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചുറ്റിലും നടക്കുന്ന പല സംഭവങ്ങളും ഭയപ്പെടുത്തുന്നുമുണ്ട്. എങ്കിലും പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന സാമൂഹ്യ വ്യവസ്ഥിതി മാറണമെന്ന ചിന്തയാണ് എനിക്കുള്ളതെന്നും അമൃതാ സുരേഷ് വ്യക്തമാക്കുന്നു.