മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. തിരുവോണ ദിവസം തിയ്യറ്ററുകളിലേക്കെത്തിയ ഈ ചിത്രത്തിൽ യുവ നടൻ സിജു വിൽസൺ ആയിരുന്നു നായകനായി എത്തിയത്.
ഈ ചിത്രത്തിന്റെ തർപ്പൻ വിജയത്തോടെ മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് സിജു വിൽസൺ ഇപ്പോൾ. ചരിത്ര സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെ അനായാസം അവതരപ്പിച്ചതിലൂടെ ഒരു മാസ്സ് ആക്ഷൻ ഹീറോ പരിവേഷം സിജുവിന് ലഭിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ കുട്ടിക്കാലത്തെ തന്റെ ജീവിതത്തെ കുറിച്ചും സിനിമയെന്ന ലോകത്ത് എത്തിപ്പെടാനുള്ള തന്റെ ശ്രമത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്ന സിജു വിൽസന്റെ ഒരു പഴയ വീഡിയോയാണ് വീണ്ടും വെറലാകുന്നത്. 2018ൽ കൊച്ചി രാജഗിരി ബിസിനസ് സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുന്ന സിജുവിന്റെ വീഡിയോയാണ് ഇത്. ചുമട്ടു തൊഴിലാളിയായിരുന്ന തന്റെ അച്ഛനെക്കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയാണ് സിജു വിൽസൺ പറയുന്നത്.
Also Read
ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയുടെ സെറ്റിൽ പന്തളം രാജകുടുംബാംഗങ്ങൾ; ചിത്രങ്ങൾ വൈറലാകുന്നു
സ്വന്തമായി ഒരു ടിവി ഇല്ലാതെ അടുത്തവീട്ടിൽ പോയി ടിവി കണ്ടതിനെ കുറിച്ചും അവിടെ നിന്ന് തന്നെ ഇറക്കിവിട്ടതിനെ കുറിച്ചുമൊക്കെ സിജു വിൽസൺ മനസ്സ് തുറക്കുന്നു. ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചു വളർന്നത്. എന്റെ അച്ഛൻ സിഐടിയുവിൽ ചുമട്ടുതൊഴിലാളി ആയിരുന്നു. അമ്മ ഹൗസ് വൈഫായിരുന്നു. ഞങ്ങൾക്ക് വീടിന്റെ മുന്നിൽ തന്നെ ചെറിയൊരു പച്ചക്കറിക്കട ഉണ്ടായിരുന്നു.
അങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം പോയ്‌ക്കൊണ്ടിരുന്നത്. സാധാരണ കുടുംബം ആയതുകൊണ്ട് തന്നെ പണം എന്ന കാര്യം എല്ലാവരേയും പോലെ തന്നെ ഞങ്ങളുടേയും കൺസേൺ ആയിരുന്നു. എല്ലാ സാധാരണ ഫാമിലിയേയും പോലെ എന്നേയും എന്റെ സഹോദരിയേയും പഠിപ്പിച്ച് സെറ്റിൽഡ് ആക്കുക എന്ന ചിന്ത തന്നെയായിരുന്നു എന്റെ മാതാപിതാക്കൾക്കും. എപ്പോഴാണ് എന്റെ ജീവിതത്തിലേക്ക് സിനിമ എന്ന ഡ്രീം കടന്നുവന്നതെന്ന് അറിയില്ല.
ഒരുപക്ഷേ ചെറുപ്പത്തിൽ ആയിരിക്കും. ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ടിവിയുടെ മുൻപിൽ ആയിരിക്കും. എന്റെ വീട്ടിൽ ടിവി ഉണ്ടായിരുന്നില്ല. അയൽവീടുകളിലും ഒരു കിലോമീറ്ററിനടുത്തായുള്ള ആന്റിയുടെ വീട്ടിലുമൊക്കെ പോയിരുന്നാണ് ടിവി കണ്ടിരുന്നത്. ഫുൾ ടൈം ടിവിയുടെ മുന്നിൽ ഇരുന്നിട്ട് അയൽവീട്ടിൽ നിന്നൊക്കെ എന്നെ ഇറക്കിവിട്ടിട്ടുണ്ട്.
എന്നിട്ടും ഞാൻ പുറത്തിറങ്ങി ജനലരികിൽ നിന്ന് ടിവി കാണുമായിരുന്നു. എന്റെ കുടുംബത്തിൽ അച്ഛൻ ആയിരുന്നു സിനിമയോട് ക്രേസ് ഉണ്ടായിരുന്നത്. ഏത് സിനിമ ഇറങ്ങിക്കഴിഞ്ഞാലും പുള്ളി ആദ്യമേ തന്നെ അത് പോയിക്കാണും. ഫാമിലിയെ അങ്ങനെ കൊണ്ടുപോകാൻ പറ്റില്ലായിരിക്കും. പക്ഷേ അച്ഛൻ കാണുമായിരുന്നു. ഇംഗ്ലീഷ് സിനിമകളോട് ആയിരുന്നു അച്ഛന് താത്പര്യം. ബ്രൂസ്ലി, ജാക്കി ചാൻ, അർണോൾഡ് ഇവരുടെ ഒക്കെ സിനിമകൾ ഇറങ്ങിക്കഴിഞ്ഞാൽ പോയി കാണും.
എന്നെയും ഇടയ്ക്ക് ഒക്കെ കൊണ്ടുപോയിട്ടുണ്ട്. ഞാൻ പ്ലസ് വൺ പഠിക്കുമ്പോൾ അച്ഛൻ ഹാർട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടു. പിന്നീട് അമ്മയുടേയും സഹോദരിയുടേയും തോളത്തായിരുന്നു ജീവിതം. പ്ലസ് ടു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന ഡിസിഷൻ എടുക്കേണ്ട സമയം വരും. എനിക്ക് ഒരു ഫോക്കസ് ഉണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ ശേഷം ഒരു ആറ് മാസം ഞാൻ എന്തുചെയ്യണം എന്ന് ആലോചിക്കാനായി സമയമെടുത്തു.
പക്ഷേ വെറുതെ ഇരുന്നില്ല എന്റെ വീടിന്റെ അടുത്ത് ഒരു ഫാമിലി ഫ്രണ്ടിന്റെ വീട് പണിയുന്നുണ്ടായിരുന്നു അവിടെ ഞാൻ സൂപ്പർ വൈസറായി പോയി. 1500 രൂപയായിരുന്നു ഒരു മാസത്തെ എന്റെ സാലറി. പിന്നെ പോളിടെക്‌നിക്കിൽ ചേർന്നു. ബിഎസ്‌സി നഴ്‌സിങ് ബാംഗ്ലൂരിൽ റണ്ണിങ് ബാച്ച് ഉണ്ടെന്നും ആറ് മാസം നഷ്ടപ്പെടുത്താതെ ആ കോഴ്‌സ് ചെയ്യാനും എല്ലാവരും പറഞ്ഞു. അങ്ങനെ ഞാൻ പോളി ടെക്‌നിക്കിൽ നിന്നും നഴ്‌സിങ് പഠിക്കാനായി ബാംഗ്ലൂർക്ക് പോയി.
അവിടെ നിന്ന് നഴ്‌സിങ് പഠിച്ചു. ഇംഗ്ലീഷ് പഠിക്കാമെന്നൊക്കെ വിചാരിച്ചാണ് പോയത്. എന്നാൽ അവിടെ ചെന്നപ്പോൾ മുഴുവൻ മലയാളികൾ. പിന്നെ നമ്മൾ എല്ലാവരോടും മലയാളത്തിലാണല്ലോ സംസാരിക്കുക. അങ്ങനെ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് ചെയ്യുമെന്ന് ഐഡിയ ഇല്ലാതെ ഇരിക്കുന്ന സമയം വീണ്ടും വന്നു. അൽഫോൺസ് പുത്രൻ എന്റെ സുഹൃത്താണ്.
അദ്ദേഹം നിവിനെ വെച്ച് ആൽബം ചെയ്യാനിരിക്കുന്ന സമയമാണ്. അങ്ങനെ അൽഫോൺസിനോട് സിനിമയിൽ അഭിനയിക്കാനുള്ള എന്റെ താത്പര്യം പറഞ്ഞു. അത് പറയാൻ തന്നെ എനിക്കൊരു മടിയുണ്ടായിരുന്നു. കാരണം എനിക്ക് തന്നെ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. അങ്ങനെ അവനാണ് എന്നെ മോട്ടിവേറ്റ് ചെയ്തത്. അങ്ങനെയാണ് മലർവാടി ആർട്‌സ് ക്ലബ്ബിന്റെ ഓഡീഷനിലേക്ക് ഞാൻ ഫോട്ടോ അയക്കുന്നത്.
അൽഫോൺസ് എടുത്ത ഫോട്ടോ ആണ് അയച്ചത്. 6000 പേരിൽ നിന്ന് 120 ലിസ്റ്റാക്കി അവർ ചുരുക്കി. പിന്നീട് 20 പേരെ തിരഞ്ഞെടുത്തു. ആ 20 പേരിൽ ഞാനുണ്ടായിരുന്നു. അഞ്ച് പേരിൽ വന്നില്ലെങ്കിലും സിനിമയിൽ ചെറിയ ചെറിയ റോളുകൾ വിനീത് പലർക്കും നൽകിയിരുന്നു. അങ്ങനെ എന്നേയും വിളിച്ചു.
അങ്ങനെ ആദ്യമായി എനിക്ക് ഒരു ഓഡീഷനിൽ അവസരം കിട്ടി. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിന്റെ വേഷമാണ് ഞാൻ ചെയ്തത്. ആദ്യമായിട്ട് എന്റെ മുഖം സ്‌ക്രീനിൽ കാണുന്നത് മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന മൂവിയിലാണ്. ഇതിനിടെ വീട്ടിൽ നിന്ന് പ്രഷറൊക്കെയുണ്ട്. അതിന് ശേഷമാണ് പ്രേമം വന്നത്.
ഞങ്ങളുടെ ലൈഫിൽ ബ്രേക്ക് തന്ന മൂവിയായിരുന്നു പ്രേമം. സിനിമ ഇത്രത്തോളം ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പ്രേമം കാരണമാണ് ഹാപ്പി വെഡ്ഡിങ്ങിലേക്ക് ഒമർ ലുലു സെലക്ട് ചെയ്തത്. ആദ്യത്തെ സോേളാ ഹീറോ പെർഫോമൻസ്# ആയിരുന്നു ഹാപ്പി വെഡ്ഡിങ്. ആ സിനിമയും വലിയ സക്‌സസായി.
കരിയറിൽ എനിക്ക് ഏറ്റവും കടപ്പാട് അൽഫോൺസിനോടും സിനിമ എന്താണെന്ന് പഠിപ്പിച്ച സുഹൃത്തുക്കളോടും ആണ്. പിന്നെ എനിക്ക് പിന്തുണ നൽകിയ കുടുംബത്തോട്. എന്റെ ലൈഫിൽ നിന്ന് എനിക്ക് പറയാനുള്ളത് ഇതാണ്. നമുക്ക് ഡിസിഷൻ എടുക്കാനുള്ള പോയിന്റ് വരും. ആ പോയിന്റിൽ കൃത്യമായി ഡിസിഷൻ എടുക്കുക.
അതിൽ ഫോക്കസ്ഡ് ആയി നിൽക്കുക. ബാക്കിയെല്ലാം നമ്മളിലേക്ക് വന്നുചേർന്നുകൊള്ളും. എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിനെ കുറിച്ച് കൂടുതൽ പഠിക്കുക. അത് അറിയുന്തോറും ആ ഡ്രീം നമ്മുടെ അടുത്തേക്ക് വരും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ എന്നും സിജു വിൽസൺ പറയുന്നു.