100 ദിവസവും ഗ്രാന്റ് ഫിനാലെയും വിജയകരമായി പൂർത്തികരിച്ച മലയാളം ബിഗ് ബോസ് സീസൺ 4ൽ ഇത്തവണ പ്രേക്ഷകർ ശ്രദ്ധിച്ച ഒരു സുഹൃത്ത് ബന്ധമായിരുന്നു ബിബി 4 നെ മൽസരാർത്ഥികളായിരുന്ന നടി ലക്ഷ്മിപ്രിയയും ഡോ. റോബിനും തമ്മിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ സഹോദര തുല്യമാണെന്ന ബന്ധമായിരുന്നു ഹൗസിനുള്ളിൽ കണ്ടത്.
പുറത്തിറങ്ങിയ ശേഷവും റോബിനെ കുറിച്ച് വാതോരാതെ സംസാരിച്ച ലക്ഷ്മിപ്രിയ തന്റെ സ്വന്തം ആങ്ങളയെന്നാണ് റോബിനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ തന്റെ ബിഗ് ബോസ് അനുഭവങ്ങൾ തുറന്നു പറഞ്ഞത്.
ബിഗ് ബോസിൽ നിന്നും പുറത്തുവന്ന ശേഷം റോബിൻ എന്നെ തുടർച്ചയായി വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ, എനിക്ക് ഫോൺ എടുക്കാനേ സാധിക്കുന്നുണ്ടായിരുന്നില്ല. കാരണം അത്രമാത്രം കോളുകളാണ് എനിക്ക് തിരിച്ചു വന്നതിൽ പിന്നെ ലഭിക്കുന്നത്. പിന്നീട് ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് എന്നെ വിളിച്ച് റോബിന് ഫോൺ കൊടുക്കുകയായിരുന്നു.
ഫോൺ എടുത്തയുടനെ എന്നെ മാതംഗി എന്നു വിളിച്ചാണ് റോബിൻ വിശേഷങ്ങൾ ചോദിച്ചത്. റോബിന്റെ അഭിപ്രായത്തിൽ ലക്ഷ്മി പ്രിയയല്ല ബിഗ് ബോസിൽ വന്നത്, പകരം മാതംഗിയാണ് വന്നതെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. എന്റെ ഉള്ളിലെ കുട്ടിയെ ഉള്ളിൽ അടക്കിയൊതുക്കിയാണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്.
എന്റെയുള്ളിലെ കുട്ടിയെ പുറത്തെടുക്കരുതെന്ന് തന്നെ വിചാരിച്ചിരുന്നു. പക്ഷെ, അവിടെ ചെന്ന് ആ കുട്ടി പുറത്തേക്ക് വരിക തന്നെ ചെയ്തു. അത് അവിടെ റോബിനുൾപ്പെടെ പലർക്കും മനസ്സിലായ കാര്യമാണ്. റോബിനും സുചിത്രയും അഖിലുമെല്ലാം എന്നെ മാതംഗിയെന്നാണ് വിളിച്ചിരുന്നത്.
ബിഗ് ബോസ് ഒരിക്കലും സ്‌ക്രിപ്റ്റഡായിരുന്നില്ല. ഞാൻ നടിയാണെങ്കിലും അഭിനയിക്കേണ്ട യാതൊരു സാഹചര്യവും അവിടെയുണ്ടായിട്ടില്ല. മാത്രമല്ല ഞാൻ റിയലായി തന്നെയാണ് ബിഗ് ബോസിൽ നിന്നത്. എന്റെ അടുത്ത സുഹൃത്തുക്കൾക്കെല്ലാം എന്നെ നന്നായിട്ട് അറിയാം. ഞാൻ ഇങ്ങനെ തന്നെയാണ് എപ്പോഴും.
ആർക്കു വേണ്ടിയും എന്ത് സഹായം ചെയ്തു കൊടുക്കാനും എനിക്ക് താത്പര്യമാണ്. ഹൗസിനുള്ളിനുള്ളവരാണ് എന്നെ ഫെയ്ക്ക് എന്ന് വിളിച്ചത്. ഞാൻ അവിടെ ചെയ്തതും കാണിച്ചതുമെല്ലാം സത്യത്തിൽ എനിക്കുണ്ടായ വികാരങ്ങളുടെ പുറത്ത് സംഭവിച്ചതാണ്.
ഞാൻ ശപിക്കുകയോ പ്രാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം സത്യമായ കാര്യങ്ങളാണ്. നവരസങ്ങളിലില്ലാത്ത പലതും ഞാൻ അവിടെ കാണിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ തുറന്നുപറയുന്നു. അഭിനയിച്ച് ഹൗസിനുള്ളിൽ നിൽക്കാൻ സാധിക്കില്ല. നേരത്തെ തന്നെ പ്ലാൻ ചെയ്ത് വന്ന പലരും ഔട്ടായി പോയത് കണ്ടതാണല്ലോ. എന്നെപ്പോലെയുള്ളവരാണ് ഒന്നും നേരത്തെ പ്ലാൻ ചെയ്യാതെ, പഠിക്കാതെ അവിടെയെത്തിയത്.
ബ്ലെസ്ലി പറയുമായിരുന്നു എനിക്ക് ഒരു മാങ്ങയും അറിയില്ലായിരുന്നുവെന്ന്. സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് അവിടെ കളിച്ചവരുമുണ്ട്. അവരുടെ ബുദ്ധിസാമർത്ഥ്യം കൊണ്ടാണ് അങ്ങനെ ചെയ്യാൻ കഴിഞ്ഞതെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു.