മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഐശ്വര്യ ഭാസ്‌കർ. പ്രശസ്ത മുൻകാല നായികാ നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ മലയാളി കൾക്കും ഏറെ സുപരിചിതയാണ്.
മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് സൂപ്പർ നായികയായി തിളങ്ങിയ താര
സുന്ദരി കൂടിയായിരുന്നു ഐശ്വര്യ ഭാസ്‌കർ.തമിഴിനും തെലുങ്കിനും പുറമേ നിരവധി മലായള ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു.
1990ൽ പുറത്തിറങ്ങിയ ഒളിയമ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിൽ എത്തിയത്. പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ബട്ടർഫ്ളൈസിൽ ഐശ്വര്യ ആയിരുന്നു നായികയായി എത്തിയത്.
പിന്നീട് മോഹൻലാലിന്റെ തന്നെ ഷാജി കൈലാസ് ഒരുക്കിയ നരസിംഹം എന്ന സൂപ്പർ സിനിമയിലെ അനുരാധയായി എത്തി മലയാളികളുടെ ഹൃദയം കവർന്നു ഐശ്വര്യ. നരസിംഹത്തിന് പിന്നാലെ ജോഷി രൺജി പണിക്കർ മോഹൻലാൽ ടീമിന്റെ പ്രജ സിനിമയിലും ഐശ്വര്യ തിളങ്ങി.
ഇപ്പോൾ മിനിസ്‌ക്രീനിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തിരക്കിലാണ് താരം. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഐശ്വര്യ സീരിയൽ രംഗത്തും തന്റേതായ ഇടം നേടിയിട്ടുണ്ട്. ഐശ്വര്യയുടെ സിനിമാ ജീവിതത്തെ കുറിച്ച് ധാരാളം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കുടുംബ ജീവിതത്തെ പറ്റി അധികം വെളിപ്പെടുത്തലുകളില്ല.
എന്നാൽ പതിനെട്ടാമത്തെ വയസിൽ അച്ഛനെ കണ്ടുപിടിച്ചതിനെ പറ്റിയും അന്നുണ്ടായ ഇമോഷണൽ നിമിഷത്തെ കുറിച്ചുമൊക്കെ പറയുകയാണ് നടിയിപ്പോൾ. ഫ്ളവേഴ്സ് ചാനലിലം ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു നടി. അച്ഛനെ കണ്ടുമുട്ടിയതിനെ കുറിച്ചായിരുന്നു ശ്രീകണ്ഠൻ നായർ ഐശ്വര്യയോട് ചോദിച്ചത്.
അച്ഛൻ മലയാളിയും അമ്മ തമിഴ്നാട്ടുകാരിയും ആയിരുന്നു. അച്ഛന് ഗവൺമെന്റ് ജോലി ആയിരുന്നു. കുട്ടി കാലത്തൊന്നും അച്ഛനെ ഞാൻ കണ്ടിരുന്നില്ല. 18ാമത്തെ വയസിലാണ് ഞാൻ അച്ഛനെ കണ്ടത്. അക്കാലത്ത് അച്ഛൻ എവിടെയാണെന്ന് അറിയില്ല. എനിക്ക് അച്ഛനെ കാണണം എന്ന് പറഞ്ഞ് ഞാനൊരു ഇന്റർവ്യൂ കൊടുത്തു.
ഇതോടെ അച്ഛന്റെ അഡ്രസും ഫോൺ നമ്പറുമൊക്കെ അയച്ചു തന്നു. ഈ ദിവസത്തിന് വേണ്ടിയാണ് ഞങ്ങൾ ഇത്രയും നാളും കാത്തിരുന്നത് എന്നായിരുന്നു അച്ഛൻ പറഞ്ഞത്. അമ്മയും ആയിട്ടുള്ള വിവാഹ മോചനത്തിന് ശേഷം എന്റെ ചേച്ചിമാരുടെ ഉത്തരവാദിത്തം അച്ഛന് ആയിരുന്നു. ഡിവോഴ്‌സ് അദ്ദേഹത്തെ വല്ലാതെ ബാധിച്ചു.
അവിടെ നിൽക്കാൻ കഴിയാതെ വന്നതോടെ ചേച്ചിമാരെയും കൂട്ടി അദ്ദേഹം ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയി. ശരിക്കും എന്റെ ചേച്ചിമാരല്ല, അച്ഛന്റെ സഹോദരിയുടെ മക്കളായിരുന്നു അവർ. സഹോദരി മരിച്ചപ്പോൾ അവരുടെ മക്കളുടെ ചുമതല അച്ഛനായി. വലിയ ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു അന്ന്.
ചെറിയ പ്രായത്തിലൊന്നും അച്ഛനെ കണ്ടിട്ടില്ല. ആ സമയത്തൊന്നും ഞാൻ ഒന്നും ചോദിച്ചില്ല. അമ്മൂമ്മ ആണ് സ്‌കൂളിലൊക്കെ വന്നതും കാര്യങ്ങളെല്ലാം ചെയ്തതും. അതുകൊണ്ട് അച്ഛനെക്കുറിച്ചൊന്നും ആരും ചോദിച്ചിരുന്നില്ല. അമ്മ അച്ഛനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
അച്ഛൻ ആരാണ്, അദ്ദേഹം എവിടെയാണ്, എനിക്ക് അദ്ദേഹത്തെ കാണണം എന്നുണ്ടായിരുന്നു. എന്റെ അച്ഛൻ എവിടെ ഉണ്ടെന്നും അദ്ദേഹം ആരാണെന്നും അറിയാൻ ഞാൻ ശ്രമിച്ചു. നേരിൽ കണ്ടപ്പോൾ ഞാൻ അച്ഛന്റെ ഫോട്ടോ കോപ്പി പോലെയുണ്ട്. എന്റെ ചെവി, മൂക്ക്, പൊക്കം, എല്ലാം അച്ഛനെ പോലെ തന്നെയായിരുന്നു. എന്റെ മെയിൽ പതിപ്പാണ് അദ്ദേഹം.
ആദ്യമായി വിളിച്ച അനുഭവവും ഐശ്വര്യ പങ്കുവെച്ചിരുന്നു. ഞാൻ സംസാരിക്കുന്നത് ഭാസ്‌കരനോട് ആണോന്ന് ചോദിച്ചു. അതേ എന്ന് പറഞ്ഞു. എന്റെ പേര് ശാന്തമീന. ഞാനിപ്പോൾ സംസാരിക്കുന്നത് എന്റെ അച്ഛനോട് ആണെന്ന് തോന്നുന്നു. അത് സത്യമാണോ എന്നാണ് ചോദിച്ചത്.
അദ്ദേഹം അതേ എന്ന് പറഞ്ഞു. ഇതോടെ ഞങ്ങൾ രണ്ട് പേരും കരച്ചിൽ തുടങ്ങി. എന്നാൽ അദ്ദേഹം എന്റെ അച്ഛൻ തന്നെയാണോന്ന് എനിക്കും സംശയം ഉണ്ടായിരുന്നു. എങ്കിൽ ചെറുപ്പത്തിലേ ഫോട്ടോസ് കാണിക്കാം എന്ന് പറഞ്ഞ് എന്നെ എടുത്ത് നിൽക്കുന്ന അച്ഛന്റെ ഫോട്ടോസ് കാണിച്ച് തന്നു. അതോടെയാണ് കാര്യം വ്യക്തമായതെന്ന് നടി പറയുന്നു.