ഓൺലൈൻ റിലീസിനൊരുങ്ങി ഷാനവാസ് നരണിപ്പുഴയുടെ “സൂഫിയും സുജാതയും “

23

പൊന്നാനി:ലോക് ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത
ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നു. ആമസോണ്‍ പ്രൈമിലാണ് ചിത്രമെത്തുക.

ഇതാദ്യമായാണ് ഒരു മലയാള സിനിമ തിയേറ്റുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. ജയസൂര്യ തന്നെയാണ് ചിത്രം ആഗോളതലത്തില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ (Over-the- top media service) റിലീസ് ചെയ്യുന്ന കാര്യം പുറത്തുവിട്ടത്.

Advertisements

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ജയസൂര്യ ചിത്രം ആ മാര്‍ഗം സ്വീകരിച്ചിരിക്കുന്നതെന്നാണ് പ്രത്യേകത.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് ജയസൂര്യയുടെ നായിക. ആദ്യ ചിത്രമായ കരിയിലൂടെ നിരൂപക ശ്രദ്ധ നേടിയ സംവിധായകനാണ് ഷാനവാസ് നരണിപ്പുഴ.

സൂഫിയും സുജാതയും ഉള്‍പ്പെടെ ഏഴ് ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം സ്ട്രീമിംഗിന് ഒരുക്കിയിരിക്കുന്നത്.

അമിതാഭ് ബച്ചനും അയുഷ്മാന്‍ ഖുരാനയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ഗുലാബോ സിതാബോ, വിദ്യാ ബാലന്റെ ബോളിവുഡ് ചിത്രം ശകുന്തള ദേവി, ജ്യോതിക നായികയായി, സൂര്യ നിര്‍മിച്ച തമിഴ് ചിത്രം പൊന്‍മഗള്‍ വന്താല്‍, ഡാനിഷ് സെയ്തിന്റെ കന്നഡ ചിത്രം, ഫ്രഞ്ച് ബിരിയാണി, കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാര്‍ നിര്‍മിച്ച ലോ, കീര്‍ത്തി സുരേഷ് നായികയായി തമിഴ്, തെലുഗ് ഭാഷകളില്‍ ഒരുക്കിയ പെന്‍ഗ്വിന്‍ എന്നീ ചിത്രങ്ങളാണ് സൂഫിയും സുജാതയ്ക്കുമൊപ്പം ആമസോണ്‍ പ്രൈം സ്ട്രീമിംഗ് ചെയ്യുന്നത്.

Advertisement