മലയാള സിനിമയിലെ യൂത്ത് ഐക്കൺ എന്നറിയപ്പെടുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനയത്തിന് പുറമേ നിർമ്മാണ ത്തിലേക്കും പിന്നീട് സംവിധാനത്തിലേക്കും പൃഥ്വിരാജ് എത്തിയിരുന്നു. തന്റെ ആദ്യ രണ്ട് ചിത്രങ്ങളും താരരാജാവ് മോഹൻലാലിനെ നായകനാക്കിയാണ് പൃഥ്വിരാജ് ഒരുക്കിയത്.
മോഹൻലാലും ഒത്തുള്ള രണ്ട് ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയെ വെച്ച് എന്നാണ് ഒരു ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുകയെന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു. ലൂസിഫറും ബ്രോ ഡാഡിയും അതിന് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും അണിയറയിൽ ഒരുങ്ങുമ്പോൾ മമ്മൂട്ടി പൃഥ്വിരാഡ് ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
ഇപ്പോൾ ഇതാ അതിനൊരു മറുപടിയുമായി എത്തിരിക്കുകയാണ് പൃഥ്വിരാജ്. മമ്മൂക്കയെ വെച്ച് എന്ന് ഒരു സിനിമ എടുക്കും എന്ന് ചോദിച്ചാൽ അങ്ങനെ കൃത്യം ഒരു ഡേറ്റൊന്നും തനിക്ക് പറയാൻ കഴിയില്ലെന്നും എങ്കിലും മമ്മൂക്കയ്ക്ക് വേണ്ടിയുള്ള ഒരു കഥ തന്റെ മനസിലുണ്ടെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ഞങ്ങളുടെ മനസിൽ ഒരു കഥയുണ്ട്. അത് ഒന്ന് ഫ്ളഷ് ഔട്ട് ചെയ്ത ശേഷം മമ്മൂക്കയുടെ അടുത്ത് പോയി കഥ പറയണം.
പിന്നെ എന്റെ സമയം ഒരു പ്രശ്നമാണ്. ആക്ടിങ്ങിന്റെ ഇടയിൽ നിന്നൊരു സമയം കണ്ടെത്തിയിട്ട് വേണം ഫിലിം മേക്കിങ് ചെയ്യാൻ. അപ്പോൾ എന്ന് സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. മമ്മൂക്കയെ വെച്ച് ഒരു സിനിമ എന്ന ഒരു ആഗ്രഹം മനസിലുണ്ട്. ഒപ്പം ഒരു ഐഡിയയും ഉണ്ട്. നടക്കുമായിരിക്കും എന്നും പൃഥ്വിരാജ് പറയുന്നു.
അതേ സമയം കുരുതി പോലൊരു സിനിമ നിർമ്മിക്കാനുള്ള ധൈര്യം എന്തായിരുന്നെന്ന ചോദ്യത്തിന് തനിക്ക് ആ കഥ ഇഷ്ടപ്പെട്ടെന്നും അത് നല്ലൊരു സിനിമ ആവുമെന്നും തനിക്ക് തോന്നിയെന്നും അതുകൊണ്ടാണ് ആ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചതെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി. നിങ്ങൾ ഒരു സിനിമ കാണുമ്പോൾ അതിനകത്തെ ഓരോ സ്പെസിഫിക് കാര്യങ്ങളും ഒരു ജനറൽ സ്റ്റേറ്റ്മെന്റാണ് എന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ്.
നിങ്ങൾ ഒരു പ്രത്യേക ക്യാരക്ടറിനെ കാണിച്ചു അയാൾ ഇങ്ങനെയാണ്. ഓഹോ അപ്പോൾ നിങ്ങൾ പറയുന്നത് അത്തരത്തിലുള്ള എല്ലാ ആൾക്കാരും അങ്ങനെയാണെന്നാണോ അല്ല. അത്തരത്തിലുള്ള ഒരാളെ കുറിച്ചുള്ള സിനിമയാണ് അത്. ഒരാളെ അത്തരത്തിൽ കാണിച്ചതുകൊണ്ട് എല്ലാവരും അങ്ങനെ ആണെന്ന് സിനിമ പറയുന്നില്ല. സിനിമ മാത്രമല്ല എല്ലാ അർത്ഥത്തിലും കലയെന്നത് രാഷ്ട്രീയ വത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്. അല്ലാതെ ഇത് അടുത്തിടെ തുടങ്ങിയതല്ല. ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്താൻ വേണ്ടി ഞങ്ങളാരും കോടികൾ മുടക്കില്ല. ഞങ്ങൾക്കെന്താ വട്ടാണോ എന്നും പൃഥ്വിരാജ് ചോദിക്കുന്നു.