മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നാകനായി 2005 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നരൻ. മോഹൻലാലിന്റെ ശക്തമായ നായക വേഷമായിരുന്നു നരൻ എന്ന ചിത്രത്തിലെ മുള്ളൻകൊല്ലി വേലായുധൻ. ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.
ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത് രഞ്ജൻ പ്രമോദ് ആയിരുന്നു. മോഹൻലാലിന് ഒപ്പം മധു, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ഭീമൻ രഘു, മാമുക്കോയ, ദേവയാനി, ഭാവന, ബിന്ദു പണിക്കർ, സോനാ നായർ, രേഖ, സായി കുമാർ എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ഇന്നും നരൻ സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമാണ്. നരൻ എന്ന ചിത്രം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതാണെന്ന് തിരക്കഥകൃത്ത് രഞ്ജൻ പ്രമോദ്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. രഞ്ജൻ പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ.
ചിത്രത്തിന് ആദ്യം താൻ ഇട്ടിരുന്ന പേര് രാജാവ് എന്നാണ്. അന്ന് ആ ചിത്രത്തിൽ നായകനായി നിശ്ചയിച്ചിരുന്നത് ലാലേട്ടനെയായിരുന്നില്ല മമ്മൂക്കയെ ആയിരുന്നു. ഇന്ന് ചിത്രത്തിൽ കാണുന്നത് പോലെ മരം പിടുത്തവും മറ്റുമൊന്നും ആയിട്ടില്ലായിരുന്നു. ഒരു തുടക്കം മാത്രമായിരുന്നു അത്. ചിത്രത്തിനെ കുറിച്ച് മമ്മൂക്കയോട് സംസാരിച്ചു.
ആ ചിത്രത്തിനോട് അനുഭാവപൂർണ്ണമായ നിലപാട് ആയിരുന്നു ആദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതിന് ശേഷം ആ സിനിമ നടക്കാത്ത ഒരു സഹചര്യം ഉണ്ടായി പിന്നീട് ഞാൻ തന്നെ ചിത്രം സംവിധാനം ചെയ്യാം എന്നൊരു കാഴ്ചപ്പാടിലേയ്ക്ക് വന്നു. അപ്പോൾ കഥപാത്രത്തിന് വേറെ കുറെ മാറ്റങ്ങളുണ്ടായി.
പിന്നീട് ഈ ചിത്രത്തിന്റെ കഥ പറയുന്നത് ലാലേട്ടനോടായിരുന്നു. ഈ ചിത്രത്തിൽ അടി എന്നത് ഒരു പ്രധാന വിഷയമായി. എന്നാൽ ഈ ചിത്രത്തിൽ അധികം അടി ഇല്ലായിരുന്നു. എന്നാലും ചിത്രത്തിൽ പലതരത്തിലുള്ള അടികൾ ഉണ്ടായിരുന്നു. തനിക്ക് മമ്മൂക്കയെ ഡയറക്ട് ചെയ്യാൻ പറ്റില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു.
മമ്മൂക്കയ്ക്ക് തന്റെ മനസ്സിൽ ഒരു ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അത്രയും ഫൈറ്റ് തനിക്ക് മമ്മൂക്കയെ വെച്ച് കൊണ്ട് ഡയറക്ട് ചെയ്യാൻ പറ്റില്ലെന്ന് തോന്നി. അങ്ങനെയാണ് ഈ കഥയുടെ ചെറിയ രൂപം ലാലേട്ടനോട് പറയുന്നത്. പിന്നീട് ജോഷിസാർ സംവിധായകനായി എത്തുകയായിരുന്നു.