നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ പാതപിന്തുടർന്ന് സിനിമാ ലോകത്തിലേയ്ക്ക് എത്തിയ നടനാണ് സിലംബരസൻ എന്നറിയപ്പെടുന്ന പ്രേക്ഷകരുടെ സ്വന്തം ചിമ്പു. ആദ്യചിത്രങ്ങൾ അത്ര വിജയം സമ്മാനിച്ചില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങൾ താരത്തെ കൂടുതൽ ജനപ്രിയനാക്കി. ബാലതാരമായ സിനിമയിലെത്തിയ ചിമ്പു ആദ്യമായി നായകനാവുന്നത് 2002 ൽ പുറത്തിറങ്ങിയ കാതൽ അഴിവതില്ലെ എന്ന ചിത്രത്തിലാണ്.
ചിത്രത്തിന്റെ നിർമ്മാണം വഹിച്ചത് നടന്റെ പിതാവ് ടി രാജേന്ദർ സംവിധായകനും അമ്മ ഉഷയുമായിരുന്നു. ഈ ചിത്രം വിജയവും കൈവരിച്ചു. പിന്നീട് നടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു കുതിപ്പായിരുന്നു. 2003 ൽ ദം എന്ന സിനിമയിൽ നടൻ അഭിനയിച്ചു. ശേഷം, 2004 ൽ തുടരെ മൂന്ന് റിലീസുകളാണ് നടനുണ്ടായത്. കുത്ത്, കോവിൽ, മൻമദൻ എന്നീ സിനിമകൾ ആയിരുന്നു അത്. ഇതിൽ മൻമദൻ എന്ന ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ഓളം സൃഷ്ടിച്ചത്.
2006 ൽ പുറത്തിറങ്ങിയ വല്ലവൻ എന്ന സിനിമയും നടന്റെ സിനിമാ ജീവിതത്തിൽ ബ്രേക്ക് ത്രൂവായി. നടി നയൻതാരയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. കൂടാതെ, പിന്നീട് ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃഷയായിരുന്നു ചിത്രത്തിൽ നായികയായത്. ശേഷമുള്ള പല ചിത്രങ്ങളും നടന് സമ്മാനിച്ചത് നിരാശയായിരുന്നു. പിന്നീട് 2018ലാണ് നടൻ വീണ്ടും ഞെട്ടിക്കാൻ എത്തിയത്.
പിന്നീട്, 2021 ൽ ഈശ്വരൻ എന്ന സിനിമയിലൂടെ വൻ മേക്ക് ഓവർ നടത്തി താരം ആരാധകരെ ഞെട്ടിച്ചു. ശേഷം എത്തിയതായിരുന്നു മാന്നാട് എന്ന ചിത്രം. ടൈംലൂപ്പ് പ്രമേയമായി എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടികൊടുത്തത്. ഇപ്പോൾ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷൻ വർക്കുകളിലാണ് നടൻ. വെന്ദു തനിന്ദത് കാടു എന്ന ചിത്രമാണ് അണിയറയിൽ റിലീസിനായി കാത്തുകിടക്കുന്നത്.
സിനിമകളെക്കാൾ കൂടുതൽ നടന്റെ സ്വകാര്യ ജീവിതത്തിലേയ്ക്കാണ് ക്യാമറാ കണ്ണുകൾ കൂടുതലും ചലിച്ചത്. നടിമാരായ നയൻതാര, ഹൻസിക തുടങ്ങിയവരുമായുള്ള പ്രണയവും തുടർന്നുള്ള ബ്രേക്ക് അപ്പ് എല്ലാമായിരുന്നു വാർത്തകളിൽ ചൂടായി നിറഞ്ഞു നിന്നത്. ബന്ധം പിരിഞ്ഞുവെങ്കിലും രണ്ട് നടിമാരുമായും നല്ല സൗഹൃദം ഇപ്പോഴും ചിമ്പു കാത്തുസൂക്ഷിക്കുന്നുണ്ട്.
അതേസമയം, 39 കാരനായ നടൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ഇതിനുള്ള കാരണം ആരാധകരുമായി വെളിപ്പെടുത്തുകയാണ് ചിമ്പു. വിവാഹത്തിലേക്ക് കടക്കാൻ തനിക്ക് ഭയമുണ്ടെന്നാണ് ചിമ്പുവിന്റെ വെളിപ്പെടുത്തൽ. ഒരുമിച്ച് അഭിനയിക്കുന്ന നടിയുമായി ഞാൻ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങൾ എന്റെ 19-ാം വയസ്സ് മുതൽ അനുവിക്കുന്നതാണ്.
എല്ലാ മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾ വിവാഹം കഴിച്ച് കാണണമെന്ന് ആഗ്രഹമുള്ളവരാണ്, അതുപോലെ തന്നെയാണ് എന്റെ അച്ഛനും അമ്മയും. പക്ഷേ, എന്നാൽ എനിക്ക് കല്യാണം കഴിക്കാൻ കുറച്ച് പേടിയുണ്ട്., തിടുക്കത്തിൽ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും വിവാഹ മോചനവും ഉണ്ടാവുമോ എന്ന ഭയം മൂലം വിവാഹം മാറ്റി വെക്കുകയാണെന്ന് ചിമ്പു പറയുന്നു. ശരിയായ പങ്കാളി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനമെന്നും നടൻ പറയുന്നു.