നീയും ഞാനും എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേയ്ക്ക് ശക്തമായ തിരിച്ചുവരവ് അറിയിച്ച പ്രേക്ഷക പ്രിയങ്കരനാണ് നടൻ ഷിജു അബ്ദുൽ റഷീദ്. പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പരമ്പരയാണ് നീയും ഞാനും. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന പരമ്പരയിൽ നായക വേഷത്തിലാണ് നടൻ എത്തുന്നത്.
ശ്രീലക്ഷ്മി എന്ന നായികാ വേഷത്തെ കൈകാര്യം ചെയ്യുന്നത് നടി സുസ്മിത പ്രഭാകരൻ ആണ്. രവിചന്ദ്ര വർമൻ എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇരുപത് വയസുള്ള ശ്രീലക്ഷ്മിയും നാല്പത്തി രണ്ടു വയസ്സുള്ള രവിവർമനും തമ്മിലുള്ള പ്രണയമാണ് സീരിയൽ പറയുന്നത്. ഷിജു വർഷങ്ങൾക്ക് ശേഷം മിനിസ്‌ക്രീനിലേക്ക് തിരികെ വന്നു എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്ക് ഉണ്ട്.
പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് നീയും ഞാനും പരമ്പരയെ സ്വീകരിച്ചത്. സീരിയലുകളിൽ മാത്രമല്ല സിനിമയിലും ഷിജു തന്റെ മുഖം കാണിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലാണ് ഷിജു പ്രധാനമായും എത്തിയിരുന്നത്. എന്നാൽ സിനിമയെ പോലും വെല്ലുന്ന പ്രണയമാണ് ഷിജു എന്ന നടന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ കുടുംബ ജീവിതവും പ്രണയവുമാണ് ഏറെ വൈറലാകുന്നത്.
നർത്തകിയും എയർഹോസ്റ്റസുമായ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. ഇരുവരും പ്രണയിച്ച് രജിസ്റ്റർ വിവാഹം ചെയ്തവരാണ്. സുഹൃത്തുക്കൾ ആയിരുന്ന ഇവർ പിന്നീട് പ്രണയത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ കടന്നുപോയെങ്കിലും ഇപ്പോഴും തങ്ങൾക്കിടയിൽ പ്രേമം മനസ്സിലുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. അച്ഛനെ നഷ്ടമായ സമയത്തായിരുന്നു പ്രീത ഷിജുവിനെ പരിചയപ്പെടുന്നത്.
ഷിജുവിലൂടെ തനിക്ക് അച്ഛന്റെ അഭാവം മാറിയിരുന്നു. ഷിജുവിനെ പരിചയപെട്ടതിലൂടെ താൻ വളരെ ബോൾഡായി മാറുകയും ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്തതായും പ്രീത വെളിപ്പെടുത്തുന്നു. അതേസമയം, വിവാഹത്തിന് അമ്മയിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നു. അഭിനയ മേഖലയും മതവുമായിരുന്നു തങ്ങൾക്കിടയിൽ വില്ലനായതെന്ന് പ്രീത പറയുന്നു. തുടർന്നാണ് രജിസ്റ്റർ വിവാഹം നടത്തിയതെന്നും പ്രീത പറഞ്ഞു.